
മോഹൻലാൽ - ശോഭന കോമ്പോയിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ തുടരും സിനിമയിലേക്ക് മണിയൻപിള്ള രാജു എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് തരുൺ മൂർത്തി. കുട്ടിച്ചന്‍ എന്ന കഥാപാത്രത്തെയാണ് മണിയൻ പിള്ള രാജു സിനിമയിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന് അഭിനയം ആദ്യമായി പറഞ്ഞുകൊടുത്ത ആളാണ് മണിയൻപിള്ള രാജുവെന്നും തരുൺ പറഞ്ഞു. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘തുടരും എന്ന സിനിമയില്‍ മണിയന്‍പിള്ള രാജുവേട്ടനുമുണ്ട്. രാജു ചേട്ടന്‍ എത്രയോ സിനിമകളില്‍ ലാലേട്ടന്റെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അഭിനയം ആദ്യമായി പറഞ്ഞു കൊടുത്ത ആളാണ് രാജു ചേട്ടന്‍. അത്രയും അടുത്തറിയാവുന്ന ആളാണ്. കഴിഞ്ഞ ദിവസം സിനിമയിലെ അവരൊന്നിച്ചുള്ള പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അന്ന് ഞാന്‍ പറഞ്ഞത് ‘ആശാനും ശിഷ്യനുമാണ്’ എന്നായിരുന്നു. എന്നോട് രഞ്ജിത്തേട്ടനാണ് കുട്ടിച്ചന്‍ എന്ന കഥാപാത്രത്തിലേക്ക് മണിയന്‍പിള്ള രാജുവേട്ടന്‍ നന്നായിരിക്കുമെന്ന് പറയുന്നത്. ആദ്യം എനിക്ക് അതിലേക്ക് കണക്ട് ചെയ്യാന്‍ പറ്റിയിരുന്നില്ലെ'ന്നും തരുൺ മൂർത്തി പറഞ്ഞു.
രാജു ചേട്ടന്‍ എങ്ങനെയാണ് അങ്ങനെയൊരു കഥാപാത്രമാകുന്നതെന്ന് ഞാന്‍ ചിന്തിച്ചു. സത്യത്തില്‍ അത് വിജയരാഘവന്‍ സാറൊക്കെ മുമ്പ് ചെയ്തിട്ടുള്ളത് പോലെയുള്ള കഥാപാത്രമായിരുന്നു. പിന്നെ ഞാന്‍ ഗൂഗിളില്‍ മണിയന്‍പിള്ള രാജുവേട്ടന്റെ പല ലുക്കുകളും തപ്പി. ഛോട്ടാ മുംബൈ സിനിമയില്‍ താടിവെച്ചിട്ടുള്ള ലുക്ക് കണ്ടു. അത് വളരെ ഫ്രഷായിരുന്നു.
അപ്പോള്‍ ഞാന്‍ രഞ്ജിത്തേട്ടനെ വിളിച്ചിട്ട് ‘ചേട്ടാ എനിക്ക് താടി വെച്ചിട്ടുള്ള മണിയന്‍പിള്ള രാജുവേട്ടനെ കിട്ടുമോ’യെന്ന് ചോദിച്ചു. 15 ദിവസമേ ഷൂട്ട് തുടങ്ങാന്‍ സമയം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അദ്ദേഹത്തിന്റെ സീനുകള്‍ ഒരു പത്ത് ദിവസം കൂടെ നീട്ടിവെക്കാമെന്ന് പറഞ്ഞു. അപ്പോള്‍ മൊത്തം 25 ദിവസം ആകുമല്ലോ. ഉടനെ തന്നെ അദ്ദേഹത്തിന്റെ കോള്‍ വന്നു. ‘ഞാന്‍ എന്തും ചെയ്യും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlights: tharun moorthy talks about Maniyanpilla Raju's entry into the film thudarum