'ഒരു എമ്പുരാന്‍ കൂടിയെടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്'; മോഹൻലാലിന്റെ പഹൽഗാം അനുശോചനത്തിന് പിറകെ സൈബർ ആക്രമണം

ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നും ആണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്

dot image

പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ചുള്ള മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ സൈബര്‍ ആക്രമണം. എമ്പുരാൻ സിനിമയുടെ വിവാദവുമായി ബന്ധപ്പെടുത്തിയാണ് സൈബർ ആക്രമണം നടക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വിമര്‍ശിച്ച് കമന്റുകളിടുന്നത്.

'ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമയെടുക്കൂ ലാലേട്ടാ', 'ഒരേ സമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ആണെന്ന് നിങ്ങള്‍ നേരത്തേ തെളിയിച്ചതാണ്. അതുകൊണ്ട് ഈ പോസ്റ്റിന് യാതൊരു വിശ്വാസ്യതയില്ല', 'പാകിസ്ഥാനില്‍ നിന്ന് പരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന സയീദ് മസൂദ് മാരെ സൂക്ഷിക്കു', എന്നിങ്ങനെയാണ് പോസ്റ്റിന് താഴെവരുന്ന കമന്റുകൾ. പൃഥ്വിരാജിനെ വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നും ആണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

'‌പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നിൽക്കാം', മോഹൻലാൽ കുറിച്ചു.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെയാണ് വിവാദങ്ങൾ ഉണ്ടായത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് ആധാരമായത്.

Content Highlights : cyber attack gaianst Mohanlal and Prithviraj

dot image
To advertise here,contact us
dot image