
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ സൂര്യയെ മനസ്സിൽ കണ്ടുകൊണ്ടല്ല റെട്രോയുടെ തിരക്കഥ ഒരുക്കിയത് എന്ന് പറയുകയാണ് കാർത്തിക് സുബ്ബരാജ് ഇപ്പോൾ.
റെട്രോയുടെ തിരക്കഥയുമായി നടൻ വിജയ്‌യെ കാർത്തിക് സുബ്ബരാജ് സമീപിച്ചിരുന്നു എന്ന അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു. സൂപ്പർതാരം രജനികാന്തിനെ മനസ്സിൽ കണ്ടാണ് താൻ റെട്രോയുടെ തിരക്കഥ ഒരുക്കിയത്. അദ്ദേഹത്തിന്റെ സ്റ്റൈലിൽ ഒരു ആക്ഷൻ ചിത്രമായാണ് ഇത് ആദ്യം പ്ലാൻ ചെയ്തത്. പിന്നീടാണ് ഈ കഥ സൂര്യയോട് പറഞ്ഞത്. അദ്ദേഹത്തിന് ഇഷ്ടമായതോടെ ഈ കഥ ഒരു ലവ് സ്റ്റോറി എന്ന രീതിയിലേക്ക് മാറ്റി. മാത്രമല്ല ഈ കഥ രജനികാന്തിനോട് പറഞ്ഞിട്ടുണ്ടോ എന്ന് സൂര്യ തന്നോട് ചോദിച്ചിട്ടുണ്ടെന്നും കാർത്തിക് സുബ്ബരാജ് ഒരു തമിഴ് മാധ്യമത്തോട് വ്യക്തമാക്കി.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Karthik Subbaraj says that Suriya was not the initial choice for Retro