
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്നതിനാൽ തന്നെ പ്രഖ്യാപനത്തിന് മുന്നേ തന്നെ ദളപതി 69 സംബന്ധിച്ച് പല റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഹിറ്റ് സംവിധായകൻ കാർത്തിക് സുബ്ബരാജായിരിക്കും വിജയ്‌യുടെ അവസാന ചിത്രം ഒരുക്കുക എന്നത്. പിന്നീട് എച്ച് വിനോദിന്റെ സംവിധാനത്തിലായിരിക്കും ചിത്രം ഒരുങ്ങുക എന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു. എന്നാൽ താൻ വിജയ്‍യോട് നിരവധി കഥകള്‍ പറഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ് ഇപ്പോൾ.
'ഞാൻ പറയുന്ന കഥകൾ അദ്ദേഹത്തിന് കണക്ടാകുന്നുണ്ടാകില്ല. ഞാൻ പല തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജിഗർതണ്ട കണ്ട ശേഷം ഇത് നന്നായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഞാൻ കഥ പറഞ്ഞപ്പോൾ എന്തുകൊണ്ടോ അദ്ദേഹത്തിന് കണക്ടായില്ല. 'നമുക്ക് മാത്രം കഥ സെറ്റാകുന്നില്ല' എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ഏറ്റവും ഒടുവിൽ ഞാൻ ഒരു സ്ക്രിപ്റ്റ് സെറ്റാക്കിയപ്പോഴേക്കും
അദ്ദേഹം എച്ച് വിനോദിനൊപ്പം സിനിമ ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു,' എന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ദളപതി 69 ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജനനായകൻ എന്നാണ് സിനിമയുടെ പേര്. 2026 ജനുവരി 9 ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം റെട്രോ റിലീസിന് ഒരുങ്ങുന്നുമുണ്ട്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് ഇത്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Karthik Subbaraj talks about narrating story to Actor Vijay