
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് ഗന്ധർവ ജൂനിയർ. സിനിമയുടെ ചിത്രീകരണം 2023 ൽ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും അണിയറപ്രവർത്തകർ പങ്കിട്ടിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുക്കയാണ് ഉണ്ണി മുകുന്ദൻ. ഗന്ധർവ ജൂനിയർ എന്ന സിനിമ സൂപ്പർ ഹീറോ ചിത്രമാണെന്നും സിനിമ ഉടൻ ഉണ്ടാകുമെന്നും നടൻ പറഞ്ഞു. മാർക്കോ പോലെ തന്നെ ഒരുപാട് വർഷമായി ഈ സിനിമയുടെ പണിപ്പുരയിൽ ആണ് താനെന്നും നടൻ കൂട്ടിച്ചേർത്തു. തമിഴിൽ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
'ഇപ്പോൾ എനിക്ക് നല്ല പ്രൊജെക്ടുകൾ വരുന്നുണ്ട്, നന്നായി അത് ചെയ്യാൻ സാധിക്കുന്നുമുണ്ട്. എന്റെ വരാൻ പോകുന്ന അടുത്ത ചിത്രം ഗന്ധർവ എന്ന സിനിമയാണ്. ഇതൊരു സൂപ്പർ ഹീറോ ചിത്രമാണ്. ഞാൻ കുറച്ചു കാലമായി ഈ സിനിമയുടെ പുറകിലാണ്. മാർക്കോ തന്നെ ആറ് വർഷം മുന്നേ പ്ലാൻ ചെയ്തിരുന്ന ചിത്രമാണ്.
മാർക്കോ വരുന്നതിന് മുന്നേ എനിക്ക് ഒരു മാർക്കറ്റ് ആവശ്യമായിരുന്നു. അതിന് വേണ്ടി ഞാൻ ഒരു നാല് അഞ്ചു പടങ്ങൾ വേറെ ചെയ്തിരുന്നു. ഞാൻ എന്റെ സിനിമകൾ പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങി. ആദ്യമായി പ്രൊഡ്യൂസ് ചെയ്ത മേപ്പടിയാൻ സിനിമയ്ക്ക് എനിക്ക് നാഷണൽ അവാർഡ് ലഭിച്ചിരുന്നു," ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കഠിനാധ്വാനം ഒരിക്കലും വെറുതായാകില്ലെന്നും ദെെവത്തിന്‍റെ കരുണ കൂടി തനിക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേര്‍ത്തു.
#UnniMukundan in recent interview
— Movie Tamil (@MovieTamil4) April 24, 2025
- Today by God's grace l got projects which is very engaging and convincing.
- There's a movie called #GandharvaJr it's a superhero.pic.twitter.com/igyyD6Nb1K
'സെക്കൻഡ് ഷോ', 'കൽക്കി' തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് 'ഗന്ധർവ്വ ജൂനിയർ'. ഗന്ധർവ്വൻ ആയാണ് സിനിമയിൽ ഉണ്ണി മുകുന്ദൻ സിനിമയിൽ എത്തുന്നതെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് എത്തുക എന്നായിരുന്നു റിപ്പോർട്ടുകൾ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന് കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: Unni Mukundan gives an update on the movie Gandharva Junior