വിജയ്‌യെ വെല്ലാൻ വിജയ് തന്നെ അവതരിക്കണം! റീ റിലീസിൽ ഹിറ്റടിച്ച് 'സച്ചിൻ'; കളക്ഷൻ റിപ്പോർട്ട്

32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്

dot image

വിജയ്‌യെ നായകനാക്കി ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് സച്ചിൻ. വിജയ്‌യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് വലിയ ആരാധകരാണുള്ളത്. ചിത്രം ഏപ്രിൽ 18 ന് റീ റിലീസ് ചെയ്തിരുന്നു. ഗംഭീര കളക്ഷൻ ആണ് സിനിമ റീ റിലീസിലും സ്വന്തമാക്കിയിരിക്കുന്നത്.

11 കോടിയാണ് ഏഴ് ദിവസം കൊണ്ട് സച്ചിൻ നേടിയത്. ഇതോടെ തമിഴ് റീ റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി സച്ചിൻ മാറി. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. തിയേറ്ററിനുള്ളിലെ ആരാധകരുടെ ആട്ടവും പാട്ടും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗില്ലിയ്ക്ക് ശേഷം റീ റിലീസിൽ സച്ചിനും ഹിറ്റടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകൾ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങൾക്ക് തരാൻ കഴിയില്ലെന്നും അഭിപ്രായമുണ്ട്.

ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസിനിടെ രജനികാന്തിൻ്റെ ചന്ദ്രമുഖിയോടും കമൽഹാസൻ്റെ മുംബൈ എക്‌സ്പ്രസിനോടും ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.

Content Highlights: Vijay film Sachein re release collection

dot image
To advertise here,contact us
dot image