
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ 'തുടരും' തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മോഹൻലാൽ എന്ന നടന്റെ പ്രകടനം തിരികെ കിട്ടിയെന്ന സന്തോഷമാണ് ആരാധകർ പങ്കുവെക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ സന്തോഷം പങ്കുവെക്കുകയാണ് കോ ഡയറക്ടർ ബിനു പപ്പു. മോഹൻലാൽ എന്ന നടൻ തന്നോട് വന്ന് അടുത്ത സീൻ ഏതാണ്, ഡയലോഗ് എന്താണ് എന്നൊക്കെ ചോദിക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ വേറെ തന്നെയാണെന്നും ബിനു പപ്പു മാധ്യമങ്ങളോട് പ്രതികരിച്ചു.
'നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എല്ലായിടത്തും നിന്നും ഫോൺ കോളുകൾ വരുന്നുണ്ട്. ലാലേട്ടന്റെ ഇത്തരം ഒരു സിനിമ കാണാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു. 2024 ഏപ്രിൽ രണ്ടിനാണ് ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ സിനിമ റിലീസായി. ഒരുപാട് യാത്രയും, ബുദ്ധിമുട്ടും, തരണം ചെയ്ത സിനിമ തിയേറ്ററിൽ എത്തി വിജയിക്കുമ്പോൾ അതിലും വലിയൊരു സന്തോഷം മറ്റൊന്നും ഇല്ല.
ലാലേട്ടനൊപ്പം പ്രവർത്തിക്കുന്നത് സന്തോഷമാണ്. ഒപ്പം സിനിമയുടെ കോ ഡയറക്ടർ ആയി നിൽക്കുക എന്ന് പറയുന്നതും സന്തോഷം തന്നെയായിരുന്നു. കൂടെ അഭിനയിച്ചു ഒപ്പം സീനുകൾ പറഞ്ഞു കൊടുത്തു. ഒരുപാട് കാലം സിനിമകൾ അഭിനയിച്ചു ഇനിയും തുടരുന്ന മോഹൻലാൽ 'മോനെ അടുത്ത സീൻ എന്താ ഡയലോഗ് എന്താണ്' എന്ന് നമ്മളോട് ചോദിക്കുന്നത് വേറെത്തന്നെ സന്തോഷം ആണ്. പഴയ ലാലേട്ടൻ പുതിയ ലാലേട്ടൻ എന്നതിനോട് ഞാൻ യോജിക്കുന്നില്ല. എല്ലാ നടനും ഓരോ സിനിമയും പുതിയതാണ്. കാരണം തുപോലെ ഒരു സിനിമ ഇനി ഉണ്ടാകില്ലല്ലോ. ലാലേട്ടൻ എന്നും ലാലേട്ടൻ തന്നെയാണ് തുടരും,' ബിനു പപ്പു പറഞ്ഞു.
ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡീഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് മൂന്ന് കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. എമ്പുരാൻ സിനിമയുടെ ടിക്കറ്റ് വിൽപ്പനയിലെ റെക്കോർഡുകൾ തുടരും തിരിത്തിയിട്ടുണ്ട്. പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ 30K-യിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചെന്നാണ് റിപ്പോർട്ട്. ഇത് റീലിസിന് ശേഷം എമ്പുരാൻ വിറ്റഴിച്ച ടിക്കറ്റിനേക്കാൾ അധികമാണ്.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ്, പ്രകാശ് വര്‍മ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Binu Pappu on dictating dialogues to Mohanlal in the movie thudarum