
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്നു. 'മൂൺവാക്ക്' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ മൂവി മൊണാസ്ട്രി ആണ്. ഒരുപറ്റം ചെറുപ്പക്കാർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മെയിൽ പുറത്തിറങ്ങും. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.
ലിസ്റ്റിൻ സ്റ്റീഫനും ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് അനൗൺസ്‌മെന്റ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നൂറിൽ പരം പുതുമുഖങ്ങളാണ് സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ആഡ് ഫിലിം മേക്കർ ആയ വിനോദ് എ കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാൻസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയാണ് മൂൺവാക്ക് എന്നാണ് സിനിമയുടെ പ്രൊമോകൾ നൽകുന്ന സൂചന. ലിസ്റ്റിൻ സ്റ്റീഫൻ, ജസ്നി അഹമ്മദ് എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് വിനോദ് എ കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവരാണ്.
അൻസാർ ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്. പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് & കിരൺ ദാസ് എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റർ. 'ചീള് പിള്ളേരുടെ ഞെരിപ്പ്' എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ വീഡിയോ പങ്കുവെച്ചത്. മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlights: Lijo Jose Pellissery to present Moonwalk film