
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ദുൽഖർ സൽമാനെ എങ്ങനെ കാണുവാനാണ് ആരാധകർ ആഗ്രഹിക്കുന്നത്, അത്തരമൊരു സിനിമയായിരിക്കും ഐ ആം ഗെയിം എന്ന് പറയുകയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ്. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു സ്പോർട്സ്-ആക്ഷൻ-ഫാന്റസി ചിത്രമാണ്. നഹാസ് ഒരു സിനിമയ്ക്ക് എടുക്കുന്ന പ്രയത്നം നിസ്സാരമല്ല. സ്ക്രിപ്റ്റ്, പാട്ട്, പോസ്റ്റർ എല്ലാത്തിലും അദ്ദേഹം എടുക്കുന്ന പ്രയത്നത്തിൽ ഞാൻ വിശ്വസിക്കുന്നു. അതുപോലെ ഡിക്യുവിനെ എങ്ങനെയാണോ കാണാൻ ആളുകൾ ആഗ്രഹിക്കുന്നത്, അത്തരത്തിൽ ഒരു സിനിമയായിരിക്കും ഐ ആം ഗെയിം. ഈ സിനിമയിൽ മാസ് മൊമെന്റ്‌സ് ഒക്കെ ഉണ്ടാകും. നല്ലൊരു ഡെപ്ത്തുള്ള കഥയുണ്ട്. ഒരു എന്റർടെയ്നിങ് സിനിമയായിരിക്കും,' എന്ന് ജേക്സ് ബിജോയ് പറഞ്ഞത്.
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്.
2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്.
Content Highlights: Jakes Bejoy talks about I'm Game movie