'ഞാൻ സിനിമയിൽ മാത്രമാണ് പുക വലിച്ചത്, ആരും ജീവിതത്തിൽ അത് ചെയ്യരുത്'; അഭ്യർത്ഥനയുമായി സൂര്യ

'ദയവ് ചെയ്ത് ആരും ജീവിതത്തിൽ സിഗരറ്റ് വലിക്കരുത്. തുടങ്ങിയാൽ പിന്നെ അവസാനിപ്പിക്കാൻ പറ്റില്ല'

dot image

പ്രേക്ഷകരോട് പുകവലിക്കരുത് അഭ്യർത്ഥനയുമായി നടൻ സൂര്യ. താൻ സിനിമയിലെ അഭിനയത്തിന്റെ ഭാഗമായി മാത്രമാണ് സിഗരറ്റ് വലിക്കുന്നത്. ജീവിതത്തിൽ അത്തരം ദുശീലങ്ങൾ തനിക്കില്ല. അത്തരം കാര്യങ്ങളെ താൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്നും നടൻ പറഞ്ഞു. പുതിയ ചിത്രമായ റെട്രോയുടെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സൂര്യ.

'ഞാൻ സിനിമയിൽ മാത്രമാണ് സിഗരറ്റ് വലിച്ചത്. ദയവ് ചെയ്ത് ആരും ജീവിതത്തിൽ സിഗരറ്റ് വലിക്കരുത്. തുടങ്ങിയാൽ പിന്നെ അവസാനിപ്പിക്കാൻ പറ്റില്ല. ഒരു പഫ് എന്ന് പറഞ്ഞായിരിക്കും തുടങ്ങുക. എന്നാൽ അത് നിർത്താനാകില്ല. അത് ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല,' എന്ന് സൂര്യ പറഞ്ഞു.

അതേസമയം റെട്രോ മെയ് ഒന്നിന് റിലീസ് ചെയ്യുകയാണ്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൂജ ഹെഗ്‌ഡെയാണ് നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Suriya asks fans not to smoke

dot image
To advertise here,contact us
dot image