മുണ്ട് മടക്കി കുത്തി നെഞ്ച് വിരിച്ച് മോഹൻലാൽ, ഒന്നാം ദിനത്തിനേക്കാൾ തിരക്ക്, ഇത് 'തുടരും'

രണ്ടാം ദിവസവും ബുക്കിങ്ങില്‍ മലയാളസിനിമയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി തുടരും

dot image

റിലീസിന് പിന്നാലെ ഗംഭീര അഭിപ്രായമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍. റിലീസ് ചെയ്ത ശേഷം, രണ്ടാം ദിവസവും ബുക്ക്‌മൈഷോ വഴിയുള്ള ബുക്കിങ്ങില്‍ മലയാളസിനിമയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് തുടരും. അവസാന 24 മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പ്പനയുടെ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

റിലീസ് ദിനത്തില്‍ തുടരും നേടിയത് 4.30 ലക്ഷം ആയിരുന്നെങ്കില്‍ രണ്ടാം ദിനം അത് 4.34 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ കഴിഞ്ഞ ദിവസത്തെ നമ്പർ വൺ ബുക്കിംഗ് ആണ്. ഇതേസമയം രണ്ടാം സ്ഥാനത്തുള്ള അക്ഷയ് കുമാറിന്‍റെ ബോളിവുഡ് ചിത്രം കേസരി ചാപ്റ്റര്‍ 2 വിറ്റിരിക്കുന്നത് 1.37 ലക്ഷം ടിക്കറ്റുകളാണ്. ഈ സിനിമയുടെ മൂന്നിരട്ടിയാണ് തുടരും സിനിമയുടെ ടിക്കറ്റ് വില്പന. വരും ദിവസങ്ങൾ സിനിമയുടെ കളക്ഷനും കുത്തനെ ഉയരായാണ് സാധ്യത. കേരളത്തിലെ തിയേറ്ററുകളിലെല്ലാം ബുക്കിംഗ് കൊടുങ്കാറ്റ് വീശിയിരിക്കുകയാണ് എന്ന് തന്നെ പറയാം. പ്രധാന നഗരങ്ങളിലെ ഭൂരിഭാഗം തിയേറ്ററുകളും വാരാന്ത്യത്തില്‍ ഹൗസ് ഫുള്ളായി കഴിഞ്ഞു.

അതേസമയം, വമ്പന്‍ ഹൈപ്പിലും വലിയ ബജറ്റിലും പാന്‍ ഇന്ത്യന്‍ പ്രമോഷനുമായി എത്തിയ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം എല്ലാ കോണുകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടിയതോടെ വലിയ കുതിപ്പാണ് തിയേറ്ററില്‍ നടത്തുന്നത്. ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.

Content Highlights: Ticket sales for the movie 'Thudarum' see a big jump on the second day

dot image
To advertise here,contact us
dot image