ഞാൻ സ്ലീപ്പർ സെൽ അല്ല, മോഹൻലാൽ ഫാൻ ആണെന്ന് എല്ലായിടത്തും പറഞ്ഞിട്ടുണ്ട്, 'തുടരും' ഗംഭീരം; മിഥുൻ രമേശ്

'പഴയതും പുതിയതും ഒന്നും ഇല്ല ലാലേട്ടൻ ഉണ്ട്, ലാലേട്ടൻ തുടരും'

dot image

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. വെറും മൂന്ന് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയതും. സാധാരണ പ്രേക്ഷകർക്കൊപ്പം സിനിമാ മേഖലയിൽ നിന്നുള്ളവരും തുടരുമിനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നുണ്ട്. അത്തരത്തിൽ നടനും അവതാരകനുമായ മിഥുൻ രമേശ് ചിത്രത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

അതിഗംഭീര സിനിമയാണ് തുടരും എന്നാണ് മിഥുൻ പറയുന്നത്. ചിത്രം കണ്ടതിന് ശേഷം ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മിഥുൻ രമേശ്. 'ഒരു രക്ഷയില്ല, ഗംഭീര പടം. അത് കണ്ടതിന്റെ ഒരു ത്രില്ലിൽ നിൽക്കുകയാണ്. ഞാൻ പിന്നെ സ്ലീപ്പർ സെൽ അല്ല, മോഹൻലാൽ ഫാൻ ആണെന്ന് എല്ലായിടത്തും പറഞ്ഞിട്ടുള്ളതാണ്. പടത്തിൽ കുറെ ഗംഭീര മൊമെന്റ്‌സ്‌ ഉണ്ട്. പഴയതും പുതിയതും ഒന്നും ഇല്ല ലാലേട്ടൻ ഉണ്ട്, ലാലേട്ടൻ തുടരും. തരുൺ മൂർത്തിയുടെ മേക്കിങ് അടിപൊളി. പിന്നെ ആ പ്രകാശ് വർമ്മയുടെ കാര്യം കൂടി എടുത്ത് പറയേണ്ടതാണ്,' മിഥുൻ രമേശ് പറഞ്ഞു.

ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം ദിനത്തിൽ ചിത്രം 50 കോടി ക്ലബിലും ഇടം നേടി. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Content Highlights: Midhun Ramesh comments about Thudarum movie

dot image
To advertise here,contact us
dot image