
തുടരും സിനിമയുടെ ചിത്രീകരണം തീരാൻ വെറും മൂന്ന് ദിവസം മാത്രം ഉള്ളപ്പോഴാണ് എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗ വാർത്ത അറിയുന്നതെന്ന് തരുൺ മൂർത്തി. അത് തനിക്ക് ഉണ്ടാക്കിയ ആഘാതം വലുതായിരുന്നുവെന്നും തരുൺ പറഞ്ഞു. സിനിമയിൽ മോഹൻലാലിനൊപ്പം ഒരു സീനിൽ നിഷാദ് എത്തുന്നുണ്ട്. ഈ സീനിന്റെ ചിത്രീകരണം കഴിഞ്ഞു വളരെ സന്തോഷത്തിലാണ് മോഹൻലാലിനൊപ്പം സംസാരിച്ച് ഫോട്ടോ എടുത്ത് നിഷാദ് പോകുന്നത്. രാത്രി ഏറെ വൈകിയാണ് വിയോഗ വാർത്ത അറിയുന്നതെന്നും ഹോസ്പ്പിറ്റലിന് പുറത്ത് നിഷാദിനെ വീട്ടിലേക്ക് കൊണ്ട് പോകും വരെ കൂടെ ഉണ്ടായിരുന്നുവെന്നും തരുൺ പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഈ സിനിമയുടെ ചിത്രീകരണം തീരാൻ മൂന്ന് ദിവസം ഉള്ളപ്പോൾ ആണ് ഞാൻ നിഷാദിന്റെ വാർത്ത അറിയുന്നത്. അതിന് രണ്ട് ദിവസം മുന്നേ പാലക്കാട് ഷൂട്ട് ചെയ്യുമ്പോൾ നിഷാദ് എന്നോട് പറഞ്ഞു എനിക്ക് ലാലേട്ടനൊപ്പം ഒരു സീൻ അഭിനയിക്കാനുള്ള അവസരം തരുൺ എങ്ങനെ എങ്കിലും തരണമെന്ന്. ഇതിന് മുന്നേയുള്ള എന്റെ സിനിമയിൽ ചാൻസ് ചോദിച്ചപ്പോൾ കൊടുക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അതിനുള്ള സീൻ ഒന്നും ഉണ്ടായിരുന്നില്ല. ഇതിൽ ഞാൻ എങ്ങനെയെങ്കിലും നിന്നെ ലാലേട്ടനൊപ്പം നിർത്തും എന്ന് പറഞ്ഞിരുന്നു. അങ്ങനെ പാലക്കാട്ടേക്ക് നിഷാദിനെ വിളിച്ച് വരുത്തി ഒരു സീൻ അഭിനയിപ്പിച്ചു.
ആ സമയം ആർ ജെ ബാലാജി എന്നെ വിളിച്ച് ചോദിച്ചിരുന്നു നിഷാദ് യൂസഫ് എന്ന എഡിറ്റർ എവിടെ ഉണ്ടെന്ന് ഞാൻ പറഞ്ഞു എന്റെ അടുത്ത് നില്പുണ്ടെന്ന്. ഞങ്ങളുടെ സിനിമയിലേക്ക് വേണ്ടിയാണ് ഒന്ന് കണക്ട് ചെയ്ത് തരാമോ എന്നദ്ദേഹം ചോദിച്ചിരുന്നു. സൂര്യയ്ക്ക് വേണ്ടി ആയിരുന്നു. കങ്കുവ കഴിഞ്ഞു നിൽക്കുകയായിരുന്നു അപ്പോൾ വീണ്ടും ഒരു സൂര്യ ചിത്രം വരുന്ന എക്സ്സൈറ്റ്മെന്റ് അവനുണ്ടായിരുന്നു.
ഇനി വരുന്ന പത്ത് വർഷം നിന്റെ ആണെന്ന് ഞാൻ പറഞ്ഞിരുന്നു. അന്ന് മോഹന്‍ലാലിനൊപ്പം അഭിനയിച്ച് ഒരു ടെന്റിൽ ഇരുന്ന് ഞങ്ങൾ ഒരുമിച്ച് സംസാരിച്ചു ചിരിച്ച് നിഷാദും ലാലേട്ടനും തമ്മിൽ സെൽഫി എടുത്തു. അവൻ പോകാൻ നേരത്താണ് ഷഫീഖ് എന്ന സ്പോട്ട് എഡിറ്റ് പയ്യൻ വരുന്നത്. നല്ല വർക്കാണ് അവന്റേത്, സ്പോട്ട് എഡിറ്ററിന്റെ വർക്ക് നിഷാദ് കാണാറുണ്ടായിരുന്നില്ല കാരണം അത് ഇൻഫ്ളുവൻസ് ചെയ്‌താൽ പിന്നെ അവരുടെ വർക്കിൽ അത് വരും. പക്ഷെ നിഷാദ് ഷഫീഖിന്റെ എഡിറ്റ് കണ്ടു. അത് എനിക്ക് കൗതുകം ഉള്ള കാര്യമായിരുന്നു കാരണം വേറെ ഒരാളുടെയും വർക്ക് നിഷാദ് ഇതുപോലെ കാണുന്നത് ഞാൻ കണ്ടിട്ടില്ല. നിഷാദ് അവനോട് കൊള്ളാം എന്ന് പറയുന്നതും കൈക്കൊടുക്കുന്നതും ഞാൻ ആദ്യമായാണ് കാണുന്നത്.
മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ഉണ്ടാക്കിയതിനും എല്ലാം അവൻ നന്ദി പറഞ്ഞാണ് കങ്കുവയുടെ വർക്കിന് പോയത്. തുടരും സിനിമയുടെ ഒരു സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞു രാത്രി വന്നപ്പോൾ ബോബി എനിക്ക് ഇൻസ്റ്റാഗ്രാമിൽ മൂന്ന് മണിക്ക് മെസ്സേജ് അയച്ചു. നമ്മുടെ നിഷാദ് പോയി എന്ന്. പെട്ടെന്ന് എന്താണെന്ന് മനസിൽ ആയില്ല. ബിനു ചേട്ടനെ വിളിച്ച് റൂമിലേക്ക് വരുത്തി കാര്യം പറഞ്ഞപ്പോൾ പുള്ളിയും ഞെട്ടി. ഒരുപ്പാട് പേരെ വിളിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല. ഖാലിദ് റഹ്മാനെ വിളിച്ചപ്പോൾ അവനാണ് പറഞ്ഞത് നിഷാദ് ആത്മഹത്യ ചെയ്തതാണെന്ന്. അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു.
കഴിഞ്ഞ ദിവസം വളരെ സന്തോഷത്തിൽ ഇരുന്ന ഒരാൾ പെട്ടന് ഇങ്ങനെ ചെയ്തത് എനിക്ക് വിശ്വസിക്കാനായില്ല. ഉടനെ എറണാകുളത്തെ ഹോസ്പിറ്റലിന് പുറത്ത് പോയി ഞങ്ങളും നിന്നു. എന്തിനാണ് എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല അറിയും വേണ്ട. മലയാള സിനിമയ്ക്ക് ഉണ്ടായത് ഏറ്റവും വലിയ നഷ്ടമാണ്, നിഷാദ് എന്ന എഡിറ്ററെ...,' തരുൺ പറഞ്ഞു.
Content Highlights: tharun moorthy about editor nishad yusuf