
സംവിധായകൻ ഷാജി എൻ കരുണിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമെന്ന് സംവിധായകൻ വിനയൻ. ആദ്യകാലം മുതൽ ഗുരുസ്ഥാനീയനായി കാണുന്ന വ്യക്തിയാണ് അദ്ദേഹം. പിറവി എന്ന സിനിമയിലൂടെ അദ്ദേഹം മലയാള സിനിമയെ അന്തർദേശീയ തലത്തിൽ ഉയർത്തി എന്നും വിനയൻ പറഞ്ഞു. റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു വിനയൻ.
'ഷാജിയേട്ടനെ എന്റെ ആദ്യകാലം മുതൽ ഗുരുസ്ഥാനീയനായി കാണുന്ന വ്യക്തിയാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യന്റെ ഛായാഗ്രാഹകൻ അദ്ദേഹമായിരുന്നു. ആ സിനിമയുടെ ഭാഗമായിരുന്നു ഞാനും. അന്ന് മുതലുള്ള പരിചയമാണ് അദ്ദേഹവുമായി. എന്നെ സംബന്ധിച്ചിടത്തോളം ഒരു മൂത്ത ജ്യേഷ്‌ഠനെ പോലെയായിരുന്നു. പിറവി എന്ന ഒറ്റ ചിത്രം കൊണ്ട് കേരളത്തെ അന്തർദേശീയ തലത്തിൽ എത്തിച്ച വ്യക്തിയാണ് അദ്ദേഹം. വളരെ ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് നഷ്ടം തന്നെയാണ്,' വിനയൻ പറഞ്ഞു.
വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിൽ വെച്ചായിരുന്നു ഷാജി എൻ കരുണിന്റെ വിയോഗം. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 1988ലാണ് ‘പിറവി’ എന്ന ഷാജി എൻ കരുൺ സംവിധാനം ചെയ്ത ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രം കാൻസ് ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്തു. പിന്നാലെ അദ്ദേഹം ഒരുക്കിയ സ്വം എന്ന ചിത്രം കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെടുകയും 'വാനപ്രസ്ഥം' കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
സംവിധായകൻ എന്ന നിലയിൽ ഏഴ് വീതം ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം ജെ സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’, പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Content Highlights: Vinayan pays condolences to Director Shaji N Karun