
സിനിമാമേഖലയിലെ നിരവധി പേർ ലഹരിക്കേസിൽ പിടിയിലായതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുകയാണ്. സംഭവത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ജീവിതം തകർത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോൾ പിടിയിലായവരെ ന്യായീകരിക്കുന്നവർ അതോർക്കണമെന്നും ജൂഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കേരളത്തിൽ വർധിച്ചുവരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണം മാത്രം നോക്കിയാൽ ലഹരിയുടെ വർധിക്കുന്ന ഉപയോഗത്തെ കുറിച്ച് ബോധ്യമാകുമെന്നും ജൂഡ് ആന്റണി പറഞ്ഞു.
'ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ,' ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്. മറ്റൊരു സംഭവത്തിൽ ഫ്‌ളാറ്റിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് റാപ്പർ വേടനും ഒപ്പമുണ്ടായിരുന്ന 9 പേരും അറസ്റ്റിലായിരുന്നു. ആറ് ഗ്രാം കഞ്ചാവായിരുന്നു ഇവരിൽ നിന്നും കണ്ടെത്തിയത്. ഈ കേസുകളിൽ ഇവർക്ക് സ്‌റ്റേഷൻ ജാമ്യം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഈ കേസുമായി ഇവരെ ബന്ധപ്പെടുത്താനാകുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം, ഷൈൻ ടോം ചാക്കോ ഡീഅഡിക്ഷൻ സെന്ററിലാണ്. സിനിമാ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് ഷൈൻ മോശമായി പെരുമാറിയെന്ന പരാതിയുമായി നടി വിൻസി അലോഷ്യസ് രംഗത്തുവന്നത് അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Content Highlights: Jude Anthany Joseph about recent marijuana cases related to film industry