മഞ്ജു വാര്യർ മലയാള സിനിമയിൽ നിറഞ്ഞൊഴുകുമ്പോൾ; 'ഈ പുഴയും കടന്ന്' ഓർമ്മിച്ച് തിരക്കഥാകൃത്ത്

മഞ്ജു വാര്യരുടെ കരിയറിൽ ലഭിച്ച സംസ്ഥാന പുരസ്കാരം സിനിമയിലെ അഞ്ജലി എന്ന കഥാപാത്രത്തിനുള്ളതാണ്. 96ലെ ക്രിസ്തുമസിന് മമ്മൂട്ടി ചിത്രത്തെപോലും പിന്നിലാക്കിയാണ് ഈ പുഴയും കടന്ന് സീസൺ ഹിറ്റടിച്ചത്

ഗൗരി പ്രിയ ജെ
2 min read|10 Sep 2023, 08:14 am
dot image

മഞ്ജു വാര്യരുടെ കരിയറിൽ പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് 1996ൽ തിയേറ്ററുകളിലെത്തിയ 'ഈ പുഴയും കടന്ന്'. തുടക്കകാലത്ത് ലഭിച്ച കഥാപാത്രങ്ങളാണ് മലയാളികളുടെ മനസിൽ 'അയല്പക്കത്തെ പെൺകുട്ടി' എന്ന സ്നേഹം മഞ്ജുവിന് നേടിക്കൊടുത്തത്. മഞ്ജു വാര്യരുടെ കരിയറിൽ ലഭിച്ച സംസ്ഥാന പുരസ്കാരം സിനിമയിലെ അഞ്ജലി എന്ന കഥാപാത്രത്തിനുള്ളതാണ്. 96ലെ ക്രിസ്തുമസിന് മമ്മൂട്ടി ചിത്രത്തെപോലും പിന്നിലാക്കിയാണ് ഈ പുഴയും കടന്ന് സീസൺ ഹിറ്റടിച്ചത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശത്രുഘ്നൻ റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുന്നു.

ഈ പുഴയും കടന്ന് സംഭവിക്കുന്നത്

സംവിധായകൻ കമലിന്റെയടുത്ത് ഒരു സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ കഥയുമായാണ് ഞാൻ എത്തുന്നത്. ആ കഥ പിന്നീട് ചെയ്യാം ഇപ്പോൾ മറ്റൊന്ന് സിനിമയാക്കിയാലോ എന്നായി കമൽ. സെയ്ദാബൻ എന്ന കമലിന്റെ സുഹൃത്തിന്റെതാണ് കഥ. അത് വളർന്നാണ് ഈ പുഴയും കടന്നിന്റെ തിരക്കഥയാകുന്നത്.

മഞ്ജു വാര്യർ സിനിമയിലേക്കെത്തുന്നത്

മഞ്ജു ഒന്നുരണ്ട് സിനിമകൾ ചെയ്ത് കഴിഞ്ഞ സമയമാണ്. സല്ലാപത്തിൽ ശ്രദ്ധിച്ചിരുന്നു. സിനിമയിൽ മഞ്ജുവിനെ നായികയാക്കാമെന്ന് കമലിന്റെ നിർദേശമായിരുന്നു. മഞ്ജു വാര്യർ എന്നൊരാളുണ്ട്, നർത്തകിയാണ്, ഒന്നുരണ്ടു സിനിമകൾ ചെയ്തിട്ടുണ്ടെന്ന് കമൽ പറഞ്ഞു. നായകൻ ദിലീപിന്റെ ഡേറ്റാണ് ആദ്യം എടുക്കുന്നത്. പിന്നീട് മഞ്ജുവുമെത്തി.

ശരീരം കൊണ്ടും മനസുകൊണ്ടും അഞ്ജലിയായി സംസ്ഥാന പുരസ്കാര നേട്ടത്തിലേക്ക്

മൂന്ന് പെൺകുട്ടികളിൽ ഇളയയാളാണ് അഞ്ജലി. ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ആദ്യത്തെ ഷോട്ടെടുത്തപ്പോൾ തന്നെ തീരുമാനം തെറ്റിയില്ലെന്ന് ഉറപ്പായി. കഥാപാത്രവുമായി നന്നായി ഇണങ്ങുന്ന ശരീര ഭാഷയാണ് മഞ്ജുവിന്. മനസുകൊണ്ടും ആ കഥാപാത്രമായി എന്ന് പ്രകടനത്തിൽ വ്യക്തമായി.

സെറ്റിൽ പലപ്പോഴും ഞാനും കമലും തമ്മിൽ മഞ്ജുവിനെക്കുറിച്ച് സംസാരിക്കുമായിരുന്നു. അത്ര മനോഹരമായി ആയാസമില്ലാതെയാണ് മഞ്ജുവിന്റെ അഭിനയം.

ഗ്രേസുള്ള നർത്തകി

പാട്ടുകളിൽ പ്രത്യേക ഗ്രേസ് ആണ് മഞ്ജു വാര്യർക്ക്. 'കാക്കക്കറുമ്പൻ കണ്ടാൽ കറുമ്പൻ' ഷൂട്ടിങ് നടക്കുമ്പോൾ ക്യാമറ നോക്കി ചെയ്യട്ടേയെന്ന് ചോദിച്ചു മഞ്ജു. അതിമനോഹരമായാണ് മഞ്ജു പാടി അഭിനയിക്കുന്നത്. ദിലീപ് കഥാപാത്രത്തോട് പ്രണയം പറയുന്ന സീൻ, തലയണയെടുത്ത് എറിഞ്ഞ് പോകുന്ന സീൻ ഒക്കെ ചിത്രീകരിച്ചത് ഇപ്പോഴും ഓർക്കുന്നു. മുഖത്തെ മസിലുകൾ സൂക്ഷമമായി ചലിപ്പിച്ചുള്ള പ്രകടനമാണ്. ഒരു അഭിനേത്രിക്ക് വേണ്ട ഏറ്റവും മികച്ച കഴിവ് മഞ്ജു വാര്യർക്കുണ്ട്.

1996ലെ ക്രിസ്മസ് ഹിറ്റ്

മേഘനാഥനെ വില്ലൻ സ്വഭാവമുള്ള ജ്യേഷ്ഠ കഥാപാത്രമാക്കുന്നതും മഞ്ജുവിനെ അഞ്ജലിയാക്കുന്നതുമെല്ലാം തിരക്കഥയ്ക്ക് ഏറ്റവും യോജിച്ചവർ എന്ന നിലയ്ക്കാണ്. തിരക്കഥയ്ക്കൊപ്പമോ അതിലും മുകളിലോ നിന്നത് മഞ്ജു വാര്യരുടെ അഭിനയമാണ്. സിനിമയുടെ വിജയത്തിൽ മഞ്ജുവിന്റെ അഭിനയം പ്രധാനഘടകമായി.

ഓപ്പൺ എൻഡിങ്

ക്ലൈമാക്സിൽ ഗോപിക്ക് വേണ്ടി കാത്തിരിക്കുന്ന അഞ്ജലി വളരെ അസ്വസ്ഥയാണ്. ഗോപി വരുമോ എന്നറിയാൻ പ്രേക്ഷകനും ആകാംക്ഷ കൊടുത്ത് ഓപ്പൺ എന്ഡിങ്ങാണ് സിനിമയ്ക്ക്. അഞ്ജലിയുടെ പ്രതീക്ഷയും ആശങ്കയും അതേ തീവ്രതയിൽ പ്രേക്ഷകരിലെത്തിയാലേ കണ്ടിറങ്ങിയവരുടെ മനസിൽ സിനിമ തങ്ങി നിൽക്കൂ. മഞ്ജു വാര്യരുടെ അഭിനയം ആ ക്ലൈമാക്സ് സീനിനെ ഗംഭീരമാക്കി.

മഞ്ജുവിനൊപ്പം മറ്റൊരു സിനിമ സംഭവിച്ചില്ല

മഞ്ജുവിനൊപ്പം സിനിമകൾ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിവന്നു. കുഞ്ചാക്കോ ബോബൻ-ശാലിനി കൂട്ടുകെട്ടിൽ സിനിമകൾ ചെയ്തു. ഓരോരുത്തരും കഥാപാത്രങ്ങളാകുന്നതിൽ ഓരോ ഘടകങ്ങളുണ്ടാകുമല്ലോ. 'കളിയൂഞ്ഞാൽ' എഴുതിയപ്പോൾ ദിലീപിനൊപ്പം വീണ്ടും പ്രവർത്തിച്ചു. മഞ്ജുവിനൊപ്പം മറ്റൊരു സിനിമ സംഭവിച്ചില്ല. എല്ലാം ഒത്തു ചേർന്ന് 'ഈ പുഴയും കടന്ന്' സംഭവിച്ചു എന്നതിൽ സന്തോഷമാണ്.

Story Highlights: Script Writer Sathrughnan about Manju Warrier and Ee Puzhayum Kadannu Movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us