'പെണ്പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്കരുത്തുള്ള ശില്പം വേണം. ആണ്കരുത്തുള്ള ശില്പം എന്ന് വാങ്ങാന് പറ്റുന്നോ അന്ന് അഭിനയം നിര്ത്തും', സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില് സ്പെഷ്യല് ജൂറി പരാമര്ശത്തിന് അര്ഹനായ നടന് പറഞ്ഞ വാക്കുകളാണിത്. അലന്സിയറിന്റെ തികച്ചും സ്ത്രീവിരുദ്ധമായ പരാമര്ശത്തിനെതിരെ വ്യാപക വിമര്ശനം ഉയര്ന്നുകഴിഞ്ഞു. എന്നിട്ടും താന് പറഞ്ഞതില് ഖേദിക്കുന്നില്ലെന്നാണ് നടന്റെ നിലപാട്. ആണ്കരുത്തുള്ള മുഖ്യമന്ത്രിയുടെ അടുത്താണ് താന് ആണ്പ്രതിമ വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് നടന് ഇപ്പോഴും പറയുന്നത്.
അത്യന്തം സ്ത്രീവിരുദ്ധമായിട്ടുള്ള ഒരു മനസിന്റെ ഉടമയാണ് അലന്സിയറെന്നാണ് അദ്ദേഹത്തിന്റെ പരാമര്ശം വ്യക്തമാക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവി പറയുന്നു. വിമര്ശനം ഉയര്ന്ന പശ്ചാത്തലത്തില് പോലും അത് തിരുത്താന് തയ്യാറാകാത്ത നിലപാട് സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പി സതീദേവി റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.
തിരുത്താന് തയ്യാറാകണം
സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്ന സന്ദര്ഭത്തിലാണ് അവാര്ഡ് ജേതാവ് കൂടിയായിട്ടുള്ള അലന്സിയര് വളരെ അരോചകമായ, സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത പരാമര്ശം നടത്തിയത്. വര്ഷങ്ങളായി കേരളത്തിലെ സിനിമാ രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്ക്ക് പ്രചോദനം നല്കുന്നതിനുമായി രൂപകല്പ്പന ചെയ്തിട്ടുള്ളതാണ് അവാര്ഡ് ശില്പം. ആ ശില്പത്തെ തന്നെ അവഹേളിക്കുന്നതാണ് അലന്സിയറിന്റെ പരാമര്ശം.
ആ ശില്പം സ്ത്രീരൂപമാണെന്നുള്ളതുകൊണ്ട് സ്വീകാര്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യഥാര്ത്ഥത്തില് സ്ത്രീപക്ഷ കാഴ്ച്ചപ്പാട് കേരളത്തിലെ സിനിമാ രംഗത്ത് ഉണ്ടാക്കിയെടുക്കാനും സ്ത്രീ സംവിധായകര്ക്ക് പ്രോത്സാഹനം നല്കുന്നതിനും സ്ത്രീപക്ഷ കാഴ്ച്ചപ്പാട് വളര്ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് സിനിമാ മേഖലയിലെ അവാര്ഡ് ഉള്പ്പടെ ഇത്തരത്തില് രൂപകല്പ്പന ചെയ്തിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില് ആ പുരസ്കാരം സ്വീകരിച്ചതിന് ശേഷം, ആ അവാര്ഡിനെ തന്നെ വളരെ മോശമായ രീതിയില് അവഹേളിക്കുന്ന, പുരസ്കാരദാനത്തെ പോലും അവഹേളിച്ചുകൊണ്ടാണ് അലന്സിയര് പ്രതികരിച്ചത്.
കടുത്ത സ്ത്രീവിരുദ്ധമായ മാനസികാവസ്ഥയാണ് അലന്സിയറിന്റേതെന്നാണ് ഈ പരാമര്ശം വ്യക്തമാക്കുന്നത്. സാസ്കാരിക കേരളത്തിന് അംഗീകരിക്കാന് പറ്റാത്ത നിലപാടാണ് അലന്സിയറിനെ പോലുള്ള ഒരു നടന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. വിമര്ശനം ഉയര്ന്നുവന്ന പശ്ചാത്തലത്തില് പോലും അത് തിരുത്താന് തയ്യാറാകാത്ത നിലപാട് സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന് കഴിയില്ല. അത് തിരുത്താന് അദ്ദേഹം തയ്യാറാകണം.
സ്ത്രീവിരുദ്ധ മനസിന്റെ ഉടമയാണ് അലന്സിയര്
മീ ടു പരാമര്ശവുമായി ബന്ധപ്പെട്ട് അലന്സിയറിനെതിരെ ഉയര്ന്ന് വന്ന ആരോപണങ്ങള് വളരെ ഗുരുതരമായ സ്ഥിതി തന്നെയാണ് വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ സംഭവം. വിവാദ പരാമര്ശം അദ്ദേഹം പിന്വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീയുടെ രൂപത്തിലുള്ള അവാര്ഡ് വാങ്ങുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹത്തിന് അവാര്ഡ് നിഷേധിക്കാമായിരുന്നു. എന്നാല് അവാര്ഡ് വാങ്ങുകയും ആയിരക്കണക്കിന് ആളുകളുള്ള വേദിയില് അതിനെ പരിഹസിച്ചുകൊണ്ട്, അപഹാസ്യമായ രീതിയിലുള്ള പരാമര്ശം നടത്തിയത് അത്യന്തം സ്ത്രീവിരുദ്ധമായിട്ടുള്ള ഒരു മനസിന്റെ ഉടമയാണ് അലന്സിയര് എന്നുള്ളതാണ് വ്യക്തമാക്കുന്നത്. പരാമര്ശം തിരുത്താന് തയ്യാറാകുന്നില്ലെങ്കില് അദ്ദേഹത്തിനെ കൊണ്ട് തിരുത്തിക്കുന്നതിനുള്ള നടപടികള് ഉണ്ടാകണം.
അവാര്ഡ് നിര്ണയിക്കുന്നത് വളരെ അനുഭവസമ്പത്തുള്ള പ്രഗത്ഭരായിട്ടുള്ള ജൂറി അംഗങ്ങളാണ്. അവാര്ഡ് നിര്ണയിച്ചതിനെ കുറ്റം പറയാന് പറ്റില്ല. അദ്ദേഹം അഭിനയിച്ച സിനിമയില് ആ കഥാപാത്രത്തെ നല്ല രൂപത്തില് അവതരിപ്പിച്ചിട്ടുള്ളത് കൊണ്ടാണ് അവാര്ഡിന് അര്ഹനായത്. അവാര്ഡ് വാങ്ങിയതിന് ശേഷം നടത്തിയ പരാമര്ശം തീര്ത്തും അപലപനീയമാണ്. ചലച്ചിത്ര മേഖലയ്ക്ക് അവഹേളനം ഉണ്ടാക്കുന്ന നടപടിയാണിത്.