മലയാള സിനിമയിലെ എണ്ണം പറഞ്ഞ വസ്ത്രാലങ്കാര വിദഗ്ദരിൽ മുൻനിരയിലാണ് സ്റ്റെഫി സേവ്യറിന്റെ സ്ഥാനം. 2017ൽ തുടങ്ങിയ കരിയറിൽ നൂറോളം സിനിമകൾക്കാണ് സ്റ്റെഫി വസ്ത്രാലങ്കാരം നിർവഹിച്ചത്. ഏഴുവർഷത്തിനിടെ സംസ്ഥാന പുരസ്കാര നേട്ടം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടി. കരിയറിൽ അടുത്ത ഘട്ടത്തിലേയ്ക്ക് ചുവടുവച്ച് അവർ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് 'മധുര മനോഹര മോഹം'.
2023ൽ മലയാള സിനിമകൾ പരാജയപ്പെട്ടിരുന്നിടത്ത് തിയേറ്റർ വിജയം നേടിയ അപൂർവ്വം സിനിമകളിൽ ഒന്നാണ് സ്റ്റെഫിയുടെ ചിത്രം. മുൻവിധികളെ മറികടന്ന് നേടിയ വിജയത്തെക്കുറിച്ച് സിനിമയുടെ ചിത്രീകരണത്തിന്റെ ഒന്നാം വാർഷികത്തിൽ സ്റ്റെഫി സേവ്യർ റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുന്നു.
1. ചെറുപ്പം മുതലേ സിനിമ മോഹമായിരുന്നോ?
ചെറുപ്പം മുതൽ സിനിമ കാണും. സ്കൂൾ കാലത്താണ് സിനിമയിലെ കോസ്റ്റ്യൂമുകൾ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. അന്നൊന്നും ഇത് ആരാണ് ചെയ്യുന്നതെന്ന് അറിയുമായിരുന്നില്ല. പിന്നീട് ഒരു മാസികയിൽ ഒരു കോസ്റ്റ്യൂം ഡിസൈനറുടെ അഭിമുഖം കണ്ടപ്പോഴാണ്, ഇങ്ങനെയൊരാളുണ്ട് അയാളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് മനസിലായത്.
അന്നു മുതൽ സിനിമയിൽ കോസ്യൂം ഡിസൈനറാകും വരെ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, 'സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറാകുക' എന്ന്.
2. നല്ലൊരു സബ്ജക്റ്റ് വന്നപ്പോൾ സംവിധായികയായതാണോ?
അങ്ങനെയല്ല, എസ്ര എന്റെ എട്ടാമത്തെയോ ഒമ്പതാമത്തെയോ സിനിമയാണ്. ആ സെറ്റിൽ വെച്ചാണ് എനിക്ക് ഇതിന്റെ രസം മനസിലാകുന്നത്. കഥ പറയാൻ എനിക്കിഷ്ടമാണ്. ഇ4 എന്റർടെയ്ൻമെന്റ്സിന്റെ സാരഥി, ക്യാമറമാൻ സുജിത്ത് വാസുദേവിനോടെല്ലാം ഞാൻ സംസാരിക്കും. എന്റെ സംശയങ്ങൾ കേട്ടിട്ട് സാരഥി സാർ ആണ് ആദ്യം പറയുന്നത് 'താനൊരു പടം ചെയ്യൂ' എന്ന്. അദ്ദേഹം വെറുതെ പറഞ്ഞതാണെങ്കിൽ കൂടി എന്റെ മനസിൽ അത് തങ്ങിനിന്നു.
2018 ആയപ്പോഴേക്ക് മനസിൽ ഒരു കഥ രൂപപ്പെട്ടുവന്നു. ഒരു സുഹൃത്തിനൊപ്പം അതൊരു തിരക്കഥയാക്കി വികസിപ്പിച്ചു. ഒന്നു രണ്ട് നിർമ്മാതാക്കളെ അതുമായി ചെന്ന് കണ്ടിരുന്നു. 'കണ്ടന്റ് വർക്ക് ആണ്, അഭിനേതാക്കളുമായി വരൂ' എന്നാണ് മറുപടി ലഭിച്ചത്. അന്നുമുതലേ രജീഷ വിജയൻ എനിക്കൊപ്പമുണ്ട്. 2020ൽ സിനിമ മുന്നോട്ട് കൊണ്ടുപോകണം എന്ന് കരുതിയിരിക്കുമ്പോഴാണ് കൊവിഡ് വരുന്നത്.
കുറേകൂടി വലിയൊരു ടെറൈൻ ആണ് സിനിമയ്ക്കായി ആലോചിച്ചിരുന്നത്. ആ സാഹചര്യത്തിൽ അത് നടക്കില്ലെന്ന് വന്നൂ. അങ്ങനെയിരിക്കുമ്പോഴാണ് 'മധുര മനോഹര മോഹത്തി'ന്റെ തിരക്കഥ സുഹൃത്തുക്കൾ വായിക്കാൻ തരുന്നത്.
എന്നെ സംബന്ധിച്ച് സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നതാകണം. രാഷ്ട്രീയം പറഞ്ഞുകൊണ്ട് ആളുകളെ രസിപ്പിക്കാൻ പറ്റുമെങ്കിൽ നല്ലതാണ്. അല്ലാതെ, വ്യക്തിപരമായ രാഷ്ട്രീയം പറയാൻ ഒരു നിർമ്മാതാവിന്റെ പണം മുടക്കിക്കുന്നതിനോട് യോജിപ്പില്ല.
3. മലയാള സിനിമയിലെ സ്ത്രീ സംവിധായകരിലധികവും സമാന്തര സിനിമകളുടെ ഭാഗമാണ്. സ്ത്രീകൾക്ക് വാണിജ്യ സിനിമയുടെ ഭാഗമാകുക ബുദ്ധിമുട്ടുള്ള കാര്യമാണോ?
സ്ത്രീകൾ ഹ്യൂമർ ചെയ്യില്ലെന്ന് പറയും. 'മധുര മനോഹര മോഹം' കോമഡി ഴോണറിൽ കൊമേഴ്സ്യൽ വിജയമുണ്ടാക്കിയ സിനിമയാണ്. ഞാനൊരു സിനിമ ചെയ്യുമ്പോൾ, നായികാ പ്രാധാന്യമുള്ള സിനിമയായിരിക്കും, സ്ത്രീശാക്തീകരണമായിരിക്കാം തീം എന്നെല്ലാം ആളുകൾ ചിന്തിക്കുന്നുണ്ട്.
എനിക്കെന്റെ രാഷ്ട്രീയം ഉണ്ടാകും. എനിക്ക് എന്റേതായ വ്യക്തമായ കാഴ്ചപ്പാടും ഉണ്ടാകും. ഞാൻ ചെയ്യുന്ന സിനിമയിൽ എന്റെ രാഷ്ട്രീയം തിരുകിക്കയറ്റില്ല. എന്റെ രാഷ്ട്രീയം കുറച്ചാളുകളിൽ എത്തിക്കാൻ ഒരു സിനിമ ചെയ്യണമെന്ന് ഞാൻ വാശിപിടിക്കില്ല. എന്നെ സംബന്ധിച്ച് സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നതാകണം. രാഷ്ട്രീയം പറഞ്ഞുകൊണ്ട് ആളുകളെ രസിപ്പിക്കാൻ പറ്റുമെങ്കിൽ നല്ലതാണ്. അല്ലാതെ, വ്യക്തിപരമായ രാഷ്ട്രീയം പറയാൻ ഒരു നിർമ്മാതാവിന്റെ പണം മുടക്കിക്കുന്നതിനോട് യോജിപ്പില്ല.
ആക്ഷനോ, ഹ്യൂമറോ, റോം-കോമോ ഒക്കെയായി സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജെൻഡർ കൊണ്ട് ഇങ്ങനെയാകാം എന്ന മുൻവിധികളുള്ളതൊന്നും ചെയ്യാൻ താല്പര്യമില്ല. സ്ത്രീ സംവിധായകരുടെ സിനിമകളിൽ അധികവും സ്ത്രീ വിഷയങ്ങൾ സംസാരിച്ചതുകൊണ്ടാകാം ഈ മുൻവിധി.
4. 'മധുര മനോഹര മോഹം' ഒരു സാധാരണ പ്രേക്ഷകന് ഒറ്റനോട്ടത്തിൽ വളരെ സാധാരണമായ ഒരു സിനിമയാണ്. എന്നാൽ, എല്ലാവർക്കും മനസിലാകാത്ത സാമൂഹിക വിമർശനത്തിന്റെ സൂക്ഷ്മമായ ലെയറുകൾ സിനിമയ്ക്കകത്തുണ്ട്. ക്രാഫ്റ്റ് നഷ്ടപ്പെടാതെ സാമൂഹിക വിമർശനം സാധ്യമാക്കിയത് എങ്ങനെ?
ഇതൊരു രാഷ്ട്രീയം സംസാരിക്കുന്ന സിനിമയായി റിലീസിന് മുമ്പേ മാർക്കറ്റ് ചെയ്തിട്ടില്ല. ഫാമിലി-ഹ്യൂമർ എന്നു പറഞ്ഞാണ് സിനിമ എത്തുന്നത്. പക്ഷേ പ്രേക്ഷകന് ആ രീതിയിൽ കണക്റ്റ് ആയെങ്കിൽ അതൊരു വിജയമായാണ് കരുതുന്നത്.
രാഷ്ട്രീയം പറയാനായി പ്രത്യേക ഷോട്ട് ചേർക്കുകയോ, ക്ലോസ് അപ്പ് കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല.
ഉദാഹരണത്തിന്, ചായ കൊടുക്കുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ. ചില്ല് ഗ്ലാസിലെ ചായ മീൻകാരിയിൽ എത്തുമ്പോൾ സ്റ്റീൽ ഗ്ലാസിലേയ്ക്ക് മാറുന്നുണ്ട്. വളരെ സൂക്ഷ്മമായാണ് അത് കൊടുത്തിട്ടുള്ളത്. ആർക്കെങ്കിലും കാര്യം മനസിലായാൽ മനസിലാകട്ടെ എന്ന രീതിയിൽ.
മറ്റൊന്ന്, ബിന്ദു പണിക്കരുടെ കഥാപാത്രം 'വിജീഷ് മേനോൻ മോനേ' എന്ന് വിളിക്കുന്നിടത്ത് ആകെ ഒരു മാസ്റ്റർ ഷോട്ട് മാത്രമാണുള്ളത്. ഇങ്ങനെയാണ് വിളിച്ചതെന്ന് കാണിക്കാനായി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴിത് ചർച്ച ചെയ്യപ്പെടുന്നത്. നാളെയും എന്റെ സിനിമകളിൽ എന്തെങ്കിലുമൊക്കെ പറയുന്നുണ്ടെങ്കിൽ, അത് ഇങ്ങനെയൊക്കെ പറയാമെന്നാണ് കരുതുന്നത്.
ജാതിയില്ല മതമില്ല എന്ന് പറയുന്നിടത്ത് അതെല്ലാം നിലനിൽക്കുന്ന ഒരു നാട് തന്നെയാണ് നമ്മുടേത്. അല്ലായിരുന്നുവെങ്കിൽ എനിക്കെന്റെ സിനിമയിലൂടെ ഇതൊരിക്കലും സമർത്ഥിക്കാൻ പറ്റുമായിരുന്നില്ല
5. സിനിമ സംസാരിക്കുന്ന സാമൂഹിക സാഹചര്യത്തെക്കുറിച്ച് അറിയുമായിരുന്നോ? അതോ ഇത്രയും സൂക്ഷ്മമായ പഠനം നടത്തിയതാണോ?
ജാതിയില്ല മതമില്ല എന്ന് പറയുന്നിടത്ത് അതെല്ലാം നിലനിൽക്കുന്ന ഒരു നാട് തന്നെയാണ് നമ്മുടേത്. അതില്ലായിരുന്നുവെങ്കിൽ എനിക്കെന്റെ സിനിമയിലൂടെ ഇതൊരിക്കലും സമർത്ഥിക്കാൻ പറ്റുമായിരുന്നില്ല. ഒരാളെ പരിചയപ്പെടുത്താൻ ജാതിപ്പേര് ഉപയോഗിക്കുന്നത് ഇന്നും കണ്ടിട്ടുണ്ട്. ജയ് വിഷ്ണുവും മഹേഷ് ഗോപാലും നന്നായി പഠിച്ച് ചെയ്ത തിരക്കഥയാണ്. ഒരു സംവിധായിക എന്ന നിലയിൽ തിരക്കഥയിൽ ഒതുങ്ങി നിൽക്കാനും ആകില്ല. സിനിമ സംസാരിക്കുന്ന ഭൂപ്രദേശത്ത് ആ കമ്മ്യൂണിറ്റിയിലുള്ളവരുമായി സംസാരിച്ചും ചോദിച്ചും അറിഞ്ഞുമാണ് സിനിമ ചെയ്തത്.
ജാതിക്കും മതത്തിനും അതീതമായ ചില അന്ധവിശ്വാസങ്ങളുണ്ട്. കടുക് വീണാൽ കലഹമുണ്ടാകും, കസേരയിലിരുന്ന് കാലാട്ടിയാൽ അമ്മയ്ക്ക് ദോഷമാണ് എന്നൊക്കെ പറയുന്നത് എല്ലാവർക്കിടയിലുമുണ്ട്. ഇതേ കഥ മറ്റൊരു വിഭാഗത്തിനിടയിൽ പ്ലേസ് ചെയ്താൽ അവിടെയും യോജിച്ചുപോകും. പല കാരണങ്ങൾ കൊണ്ടും കഥ നടക്കുന്ന പരിസരം ഇതായതുകൊണ്ടും കഥപറയാൻ ഈ ഒരു കമ്മ്യൂണിറ്റിയായിരുന്നു നല്ലത് എന്നുമാത്രം.
6. ഹ്യൂമർ സ്ത്രീകൾക്ക് വഴങ്ങില്ലെന്ന് പറയുന്നത് നടിമാർ നേരത്തേ പൊളിച്ചു കളഞ്ഞതാണ്. സംവിധായകർക്കിടയിൽ അതിപ്പോഴുമുണ്ട്. ഹ്യൂമറും കടന്ന് ഡാർക്ക് ഹ്യൂമർ കൈകാര്യം ചെയതതിനേക്കുറിച്ച്..
ഒരു കഥയോ തിരക്കഥയോ വായിക്കുമ്പോൾ അതിൽ ഇങ്ങനെ ചെയ്താൽ നന്നാവും എന്ന് സങ്കല്പിക്കാൻ പറ്റാറുണ്ട്. സുഹൃത്തുക്കൾക്കിടയിലെല്ലാം അങ്ങനെയുള്ള ചർച്ചകൾ എപ്പോഴും ഉണ്ടാകാറുണ്ട്.
സ്ത്രീകൾക്ക് വഴങ്ങുന്നതല്ലെന്ന് പറഞ്ഞ് അതിലേയ്ക്ക് തളച്ചിടുന്നതുകൊണ്ട് മാത്രമാണ്. കോമഡി സിനിമകൾ കണ്ടാൽ എല്ലാവരും ഒരുപോലെയല്ലേ ആസ്വദിക്കുന്നത്. ആക്ഷൻ സിനിമകൾക്ക് എല്ലാവരും കൈയ്യടിക്കില്ലേ..
വികാരങ്ങൾക്ക് ലിംഗവ്യത്യാസമൊന്നുമില്ല. കോമഡി എന്നല്ല, എന്തുതന്നെയായാലും ജെൻഡർ വെച്ച് തരംതിരിക്കപ്പെടരുത് എന്നാണ് എനിക്ക് തോന്നുന്നത്.
7. വയനാട്ടിലെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് സിനിമയിലെത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നോ?
വയനാട്ടിൽ സിനിമ സജീവമാണിന്ന്. ബേസിൽ ജോസഫ്, മിഥുൻ മാനുവൽ തോമസ്, സണ്ണി വെയ്ൻ, അനു സിത്താര പോലെ നിരവധിപേർ ഇന്ന് വയനാട്ടിൽ നിന്നുള്ളവരുണ്ട്. ഞാൻ തുടങ്ങുമ്പോൾ സിനിമ വയനാടിന് അത്ര പരിചിതമായ മേഖലയായിരുന്നില്ല. ഇത്ര വലുതാണ് സിനിമാ ലോകമെന്ന് എനിക്ക് അന്ന് അറിവുണ്ടായിരുന്നുമില്ല. ഈ അറിവില്ലായ്മയാണ് എന്നെ തുണച്ചതെന്ന് തോന്നുന്നു. ഒരുപാട് അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ പേടിച്ചു പോയേനേ. ആഗ്രഹമായിരുന്നു എന്നെ മുന്നോട്ട് നയിച്ചത്, കൂടുതൽ അറിയാതിരുന്നത് ധൈര്യമായിരുന്നു.
8. മലയാള സിനിമകൾ പതിവായി തിയേറ്ററുകളിൽ വിജയിക്കാതെ പോയിരുന്ന സമയത്താണ് സ്റ്റെഫ്ഫിയുടെ ചിത്രം തിയേറ്ററിലെത്തി സ്ലീപ്പർ ഹിറ്റ് അടിക്കുന്നത്. ഏതെങ്കിലും ഘട്ടത്തിൽ ആശങ്ക തോന്നിയിരുന്നോ?
2023ൻ്റെ തുടക്കത്തിൽ മലയാള സിനിമ തിയേറ്ററുകളിൽ ഓടുന്നില്ലെന്ന വാർത്തകൾ പതിവായി കാണുമായിരുന്നു. 'രോമാഞ്ചം' ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആകുന്നു, '2018' ഗംഭീര വിജയമാകുന്നു. ഇതല്ലാതെ മറ്റൊരു സിനിമയും തിയേറ്ററുകളിൽ വിജയം കാണുന്നില്ലെന്ന് ആശങ്കപ്പെടുന്ന സമയത്ത് തന്നെയാണ് ഞങ്ങളുടെ സിനിമ വരുന്നത്.
ജൂൺ മാസം പൊതുവെ മഴക്കാലം ആയതുകൊണ്ടും വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്നതുകൊണ്ടും 'തിയേറ്റർ ഇല്ല' എന്നാണ് കരുതിപ്പോരുന്നത്. അതുകൊണ്ടു ജൂണിൽ സിനിമ റിലീസ് ചെയ്യരുതെന്നാണ് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത്. 'പഞ്ഞമാസം' എന്ന് പറയും പോലെയാണ് റിലീസിന് ജൂൺ തിരഞ്ഞെടുക്കുന്നത്.
മെയ് മാസം റിലീസ് പ്ലാൻ ചെയ്തപ്പോഴാണ് '2018' തിയേറ്ററിൽ ഗംഭീര ഹിറ്റ് ഉണ്ടാക്കിയത്. അതിനിടയിൽ വലിയ റിസ്ക് ആണ്. ജൂലൈ മുതൽ ഒരുപാട് പടങ്ങൾ വേറെയും ഇറങ്ങാനുണ്ട്. എന്നെ സംബന്ധിച്ച് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. രണ്ടും കല്പിച്ച് ജൂൺ 16ന് സിനിമ തിയേറ്ററുകളിൽ എത്തിച്ചു. എൻ്റെ നിർമ്മാതാവിൻ്റെയും വിതരണക്കാരുടെയും ആത്മവിശ്വാസമായിരുന്നു അത്.
പ്രേക്ഷകർ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' കാണുന്ന തരം കാസ്റ്റോ സംവിധായികയോ ചെയ്ത സിനിമയല്ല 'മധുര മനോഹര മോഹ'മെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷേ സിനിമയ്ക്കുമേൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. കഥയിൽ ഒരു പുതുമയുണ്ടെന്നും പതിയേ ആളുകൾ കാണുമെന്നും വിശ്വസിച്ചിരുന്നു. ഞങ്ങൾ വിചാരിച്ചതുപോലെ നാലഞ്ച് ദിവസം കൊണ്ട് സിനിമ കേറി വന്നൂ.
9. തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ എന്തായിരുന്നു ക്രൈറ്റീരിയ? തിരക്കഥകൾ എഴുതിനോക്കിയിരുന്നോ?
ഞാൻ തിരക്കഥ എഴുതിയിട്ടില്ല. സംഭവിക്കാതെ പോയ സിനിമയുടെ കഥ മാത്രമായിരുന്നു എന്റേത്. തിരക്കഥ എഴുതിയത് സുഹൃത്താണ്. തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീ വിഷയങ്ങൾ സംസാരിക്കാൻ വേണ്ടി ഒരു സിനിമ ചെയ്യണമെന്നില്ല. അങ്ങനെയുള്ള സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നുണ്ട്, എനിക്ക് ചെയ്യണം എന്ന ആഗ്രഹമില്ല.
10. തുടക്കക്കാർ സിനിമയിലേക്ക് കടന്നുവരുമ്പോൾ സ്വന്തമായ തിരക്കഥയുമായി വരുന്നതാണ് രീതി. സ്റ്റെഫി സേവ്യർ സിനിമയിൽ ഒരു ബ്രാൻഡ് നെയിം ആയതുകൊണ്ടും ബന്ധങ്ങൾ ഉണ്ടായിരുന്നതുകൊണ്ടും തുടക്കം എളുപ്പമായിരുന്നോ?
അങ്ങനെയല്ല, വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു തിരക്കഥയുമായി 2018ൽ ശ്രമം ആരംഭിച്ചിട്ട്, അടുത്ത രണ്ട് വർഷവും എനിക്ക് നിർമ്മാതാവിനെ കിട്ടിയില്ല. മധുര മനോഹര മോഹത്തിന് ഒരു നിർമ്മാതാവാകുന്നത് 2022ലാണ്. പുതിയ ഒരാൾ സിനിമയിലേയ്ക്ക് വന്ന് തിരക്കഥ പറഞ്ഞാൽ, പുതിയ ഒരാൾ വന്നിട്ടുണ്ട് അയാൾക്ക് 'കണ്ടന്റ്' ഉണ്ടെന്നോ ഇല്ലെന്നോ പറയും. ഭയങ്കരമായ മുൻവിധികളുണ്ടാകില്ല.
എന്നെ സംബന്ധിച്ച് 'ചേച്ചി കോസ്റ്റ്യൂം അല്ലേ ചെയ്തത്, അസിസ്റ്റൻഡ് ഡയറക്റ്റർ ആയിട്ടില്ലല്ലോ. സെറ്റിൽ അധികം വന്നിട്ടില്ലല്ലോ' എന്നിങ്ങനെയാണ് മറുപടികൾ.
ഒരുപാട് അറിഞ്ഞു പോയതിന്റെ പേരിലുള്ള മുൻവിധികളെ മറികടക്കുക ബുദ്ധിമുട്ടായിരുന്നു. എല്ലാവർക്കും അറിയുന്നതു കൊണ്ടുതന്നെ എല്ലാവർക്കും ഓരോ അഭിപ്രായവുമുണ്ടായിരുന്നു. അതിനെ പൊളിക്കുകയായിരുന്നു ശ്രമകരമായ കാര്യം.
'ഷെഡ്ഡിൽ കേറി ഇരിക്കണോ' എന്നു ചോദിച്ചവർ വരെയുണ്ട്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ഞാൻ ഇതുതന്നെ കേൾക്കണമായിരുന്നു. ചില സമയത്ത് ചില 'റിസ്ക്' എടുത്തില്ലെങ്കിൽ മുന്നോട്ട് പോകാനാകില്ല.
11. സിനിമയുടെ മറ്റൊരു മേഖലയിൽ പ്രവർത്തിക്കുന്നയാൾ സംവിധാനത്തിലേക്ക് കടന്ന്, വിചാരിച്ചതു പോലൊരു വിജയം സാധ്യമായില്ലെങ്കിൽ പഴയ മേഖലയിലേയ്ക്ക് തിരികെ പോകുക ബുദ്ധിമുട്ടാകും. അതിന് നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ഉണ്ട്. ഇങ്ങനെയൊരു അപകട സാധ്യത മുന്നിൽ കണ്ടിരുന്നോ?
എൻ്റെ ചുറ്റുമുള്ള എല്ലാവരും ഇത് പറയുമായിരുന്നു. 'ഷെഡ്ഡിൽ കേറി ഇരിക്കണോ' എന്നു ചോദിച്ചവർ വരെയുണ്ട്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ഞാൻ ഇതുതന്നെ കേൾക്കണമായിരുന്നു. 'ഒരു സിനിമ ചെയ്തയാളല്ലേ, അവരെ ഇനി എങ്ങനെ കോസ്റ്റ്യൂം ചെയ്യാൻ വിളിക്കും,' എന്ന് ചോദിക്കും. അല്ലേങ്കിൽ, 'എല്ലാം നന്നായി പോയിരുന്നല്ലോ, ഒരാവശ്യവുമില്ലാതെ പോയി സിനിമ ചെയ്തു,' എന്ന് പറയും. എന്തായാലും ആളുകൾ അവർക്ക് വേണ്ടത് പറയും. ചില സമയത്ത് ചില 'റിസ്ക്' എടുത്തില്ലെങ്കിൽ മുന്നോട്ട് പോകാനാകില്ല.
ഞങ്ങളുടെ സിനിമ തുടങ്ങുന്നതിന് ഒരുമാസം മുമ്പ് വരെ ഞാൻ മറ്റു സിനിമകളിൽ പ്രവർത്തിച്ചിരുന്നു. 'മധുര മനോഹര മോഹം' ഷൂട്ട് കഴിഞ്ഞ ഉടനെ ഒരു സിനിമയ്ക്ക് കോസ്റ്റ്യൂം ചെയ്തു, പോസ്റ്റ് പ്രൊഡക്ഷൻ നടക്കുമ്പോൾ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുകയായിരുന്നു. വളരെ കുറച്ചു സമയമേ ഇടവേള എടുത്തിട്ടുള്ളൂ. എല്ലാവരെയും വിളിച്ച് ഞാൻ വസ്ത്രാലങ്കാരം ചെയ്യുന്നുണ്ട് എന്ന് പറയാൻ പറ്റില്ലല്ലോ. എന്നെ വിളിക്കുന്നതെല്ലാം ചെയ്യാൻ ഞാൻ തയ്യാറാണ്.
12. ചെറിയ കാലയളവിൽ ഇത്രയധികം സിനിമകളിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ചു. സെറ്റുകളിൽ നിന്ന് സെറ്റുകളിലേയ്ക്കുള്ള യാത്രയായിരുന്നിരിക്കും അത്. എന്തൊക്കെ പഠിച്ചു?
ഓരോ സിനിമാ സെറ്റുകളിൽ നിന്നും നമ്മൾ എന്തെങ്കിലുമൊക്കെ പഠിക്കും. ചിലത് വായിക്കുമ്പോൾ ഇതെങ്ങനെയാണ് രണ്ട് മണിക്കൂർ നേരത്തേയ്ക്ക് കണ്ടിരിക്കുക എന്ന് ചിന്തിച്ച സിനിമകൾ, തിയേറ്ററുകളിൽ ഗംഭീര വിജയമായ അനുഭവങ്ങൾ ഉണ്ട്. അതേസമയം ചില സ്ക്രിപ്റ്റുകൾ വായിച്ച് മനോഹരമായിരിക്കുമെന്ന് കരുതിയത് തിയേറ്ററിൽ പാളിപ്പോയിട്ടുമുണ്ട്. എൻ്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ഇതായിരിക്കും എന്ന് കരുതിയിരുന്നത് യാതൊരു വിധത്തിലും വർക്ക് ആകാതെ പോയതും അനുഭവമാണ്.
എൻ്റെ ചിന്തകളെ തിരുത്താൻ എല്ലാ സിനിമകൾക്കും കഴിഞ്ഞിട്ടുണ്ട്. സിനിമാ നിർമ്മാണം എന്നത് വിട്ടാൽ, ഒരിക്കലും ഒരു സെറ്റ് ഇങ്ങനെയാകരുത് എന്ന് തിരിച്ചറിഞ്ഞ അനുഭവങ്ങളും ഉണ്ട്.
13. പുതിയ പ്രൊജക്റ്റുകൾ?
സിനിമ സംവിധാനം ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം. തിരക്കഥകളുടെ ചർച്ചകളിലാണ്. എന്നാൽ ഇതല്പം സമയമെടുക്കുന്ന കാര്യമാണല്ലോ. ബിജു മേനോന്-സുരേഷ് ഗോപി ചിത്രം 'ഗരുഡൻ', ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമ എന്നീ ചിത്രങ്ങളിലാണ് ഇപ്പോള് കോസ്റ്റ്യൂം ചെയ്യുന്നത്. പിന്നെ എൻ്റെ കരിയറിൽ ഏറ്റവും കാത്തിരിപ്പുള്ളത് 'ആടുജീവിതം' തിയേറ്ററിൽ കാണാനാണ്.
Story Highlights: Costume Designer and Director Stephy Zaviour Interview
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക