'വളരെ കാലത്തിന് ശേഷം ഒരതിഥി എത്തുന്ന മഹത്തായ ദിവസം, എന്റെ മനയ്ക്കലേക്ക് സ്വാഗതം...' ചുറ്റും കാടുപിടിച്ച്, ഇടിഞ്ഞു പൊളിയാറായ മനയുടെ ഉമ്മറത്ത് നിന്ന് കൊടുമൺ പോറ്റി ഇങ്ങനെ പറയുമ്പോൾ കേരളം ഒന്നടങ്കം കയ്യടിക്കുകയാണ്. പോറ്റിയ്ക്കും അയാളുടെ നിഗൂഢത നിറഞ്ഞ പ്രവർത്തികൾക്കും ആ മന നൽകുന്ന പിന്തുണ ചെറുതല്ല. പോറ്റിയുടെ മനയെ ഇത്രത്തോളം ഭ്രമിപ്പിക്കുന്നതാക്കിയത് കലാസംവിധായകൻ ജ്യോതിഷ് ശങ്കറും സംഘവുമാണ്. സമൂഹ മാധ്യമങ്ങളിൽ ഉടനീളം പോറ്റിയും അയാളുടെ മനയും ചർച്ചയാകുമ്പോൾ ഭ്രമയുഗത്തിന്റെ വിശേഷങ്ങൾ റിപ്പോർട്ടറുമായി ജ്യോതിഷ് ശങ്കർ പങ്കുവക്കുന്നു.
ഭ്രമയുഗത്തിലേക്കുള്ള യാത്ര
രാഹുലുമായി (രാഹുൽ സദാശിവൻ) കുറച്ച് നാളുകളായുള്ള പരിചയമാണ്. അദ്ദേഹത്തിന്റെ ഭൂതകാലം എന്ന സിനിമയുടെ കലാസംവിധാനത്തിന് എന്നെ വിളിച്ചിരുന്നു. എന്നാൽ അന്ന് മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. അങ്ങനെ ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം എന്നോട് ഭ്രമയുഗത്തിന്റെ കഥ പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ ഇതൊരു വലിയ സിനിമയായിരിക്കുമെന്നും കലാസംവിധാനത്തിന് ഏറെ സാധ്യതകളുണ്ടാകുമെന്നും മനസിലായി. അതിനാൽ ഉടൻ തന്നെ ഇത് ചെയ്യാമെന്ന് സമ്മതിച്ചു.
സിനിമയെക്കുറിച്ചുള്ള A to Z കാര്യങ്ങൾ രാഹുൽ പറഞ്ഞിരുന്നു. ഇപ്പോൾ ആ സിനിമയിൽ എന്ത് കാണുന്നുവോ അതുപോലെ തന്നെയാണ് രാഹുൽ എന്നോട് വിവരിച്ചത്. പിന്നീട് ആറുമാസത്തോളം പ്രീ പ്രൊഡക്ഷനും രണ്ട് മാസത്തെ ഷൂട്ടിങ്ങും ചേർത്ത് എട്ട് മാസത്തോളം ഈ സിനിമയുടെ പണിപ്പുരയിലായിരുന്നു ഞങ്ങൾ.
നൂറ്റാണ്ടുകൾക്ക് മുന്നേയുളള കഥ
സാധാരണ സിനിമകളിൽ പഴയ കാലഘട്ടം ഒരുക്കുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കണം ഭ്രമയുഗത്തിൽ എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഈ സിനിമയ്ക്ക് ഒരു നിഗൂഢതയുണ്ട്. അതിനെ ആർട്ട് കൊണ്ട് എങ്ങനെ സപ്പോർട്ട് ചെയ്യാൻ സാധിക്കും എന്നതിലായിരുന്നു ഞങ്ങളുടെ ആലോചന. ഈ കഥയെ ആർട്ട് ഡിപ്പാർട്ടമെന്റ് കൊണ്ട് എത്രത്തോളം മികച്ചതാക്കാം എന്നതിനാണ് ഞങ്ങൾ ശ്രമിച്ചത്. പഴയ കാലഘട്ടം പുനരാവിഷ്കരിക്കുക എന്നതിനപ്പുറം പുതിയ കാഴ്ച ഒരുക്കുവാനായിരുന്നു ഞങ്ങളുടെ ശ്രമം.
ആ കാഴ്ച ഒരുക്കുന്നതിനായി പഴയ കാലഘട്ടത്തെക്കുറിച്ച് ഞങ്ങൾ പഠിച്ചു. ആദ്യം പ്രകാശത്തെക്കുറിച്ചാണ് പഠിച്ചത്. എന്താണ് ആ കാലത്തെ പ്രകാശത്തിന്റെ പ്രധാന സ്രോതസ്? മണ്ണെണ്ണയും അതുപോലെ മറ്റു സാധനങ്ങളും ഇല്ലാത്ത കാലമാണല്ലോ. അതിനാൽ എണ്ണയും നെയ്യുമായിരിക്കും പ്രകാശത്തിന്റെ പ്രധാന സ്രോതസ്സുകൾ. കപ്പലണ്ടിയുടെ എണ്ണ, നെയ്യ് എന്നിവ ഉപയോഗിച്ചാണ് അന്നൊക്കെ വിളക്കുകൾ കത്തിക്കുന്നത്. അതുപോലെ ഭക്ഷണം, എന്തൊക്കെ ഭക്ഷണമാണ് ആളുകൾ കഴിക്കുന്നത്, അതുണ്ടാക്കാൻ എന്ത് തരം പാത്രങ്ങളാണ് ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങൾ വരെ ഞങ്ങൾ റിസർച്ച് ചെയ്തു.
പോറ്റിയുടെ മനയിലേക്ക്...
പഴയ കാലഘട്ടത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. സിനിമയിൽ മനയ്ക്ക് ചുറ്റും കാണുന്ന പുല്ലുകളെല്ലാം വച്ച് പിടിപ്പിച്ചതാണ്. ഭാരതപ്പുഴയിൽ നിന്ന് പറിച്ചുകൊണ്ടുവന്ന യഥാർത്ഥ പുല്ലുകളാണത്. അവ ഗ്രോബാഗിൽ കൊണ്ടുപോയി വച്ചതാണ്.
വരിക്കാശ്ശേരി മനയ്ക്ക് കൊടുത്ത മേക്കോവർ
നമ്മൾ ഒരുപാട് സിനിമകളിൽ വരിക്കാശ്ശേരി മന കണ്ടിട്ടുണ്ട്. മലയാളികൾക്ക് ഏറെ പരിചിതമായ വരിക്കാശ്ശേരി മനയിലാണ് ഈ കഥ നടക്കുന്നത് എന്ന് പറഞ്ഞാൽ ഒറ്റ മനുഷ്യര് അത് വിശ്വസിക്കരുത് എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ചലഞ്ച്. ഇങ്ങനെ ഒരു മനയുണ്ടായിരുന്നു എന്നും വേരുകൾ ഇറങ്ങി ഇടിഞ്ഞു വീഴാൻ നിൽക്കുന്ന മനയാണെന്നും അതിന്റെ നിലവറ പൊളിഞ്ഞു വീഴണമെന്നും കഥയിലുണ്ടായിരുന്നത് കൊണ്ട് മനയുടെ നടുത്തളം തന്നെ പൊളിഞ്ഞ രീതിയിലാണ് സെറ്റ് ചെയ്തത്.
ചോർന്നൊലിക്കുന്ന മനയാണത്. അവിടെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങാ പോലും കിളിർത്ത് കിടക്കുകയാണ്. അപ്പോൾ വരിക്കാശ്ശേരി മന ആർക്കും മനസ്സിലാകരുത് എന്നതായിരുന്നു പ്രധാന ടാസ്ക്. ഒരു വൃത്തിയുള്ള മന വേണമെങ്കിൽ കാണിക്കാം. പക്ഷേ അത് കഥയുമായി യോജിക്കില്ലല്ലോ. ഇങ്ങനെ കാടുപിടിച്ച് കിടക്കുന്ന മനയിൽ രണ്ടുപേർ ജീവിക്കുന്നു എന്നതിലാണ് പ്രേക്ഷകർക്ക് കൗതുകം ആരംഭിക്കുന്നത്. അതുപോലെ സിനിമയിൽ കാണിക്കുന്ന ചിലന്തിവലകൾ, ചിതൽ പുറ്റുകൾ എല്ലാം നിർമ്മിച്ചതാണ്. ആ മന ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണത്. അതുകൊണ്ടായിരിക്കാം ഈ സിനിമയുടെ കലാസംവിധാനം ശ്രദ്ധിക്കപ്പെട്ടതും.
പോറ്റിയുടെ കസേരയും മറ്റ് ഉപകരണങ്ങളും
മമ്മൂക്ക ഉപയോഗിക്കുന്ന ഓരോ സാധനങ്ങളും പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത്, വരച്ചുണ്ടാക്കിയതാണ്. അത് അദ്ദേഹം ഉപയോഗിക്കുന്ന വടിയായാലും, കളിക്കുന്ന പകിടയായാലും, ഭക്ഷണം കഴിക്കുന്ന പാത്രങ്ങളായാലും... സിനിമയിൽ മമ്മൂക്കയുടെ കഥാപാത്രം നോക്കുമ്പോൾ ചുറ്റുമുള്ള വസ്തുക്കൾ വൈബ്രേറ്റ് ചെയ്യുന്നതായി കാണിക്കുന്നുണ്ട്. അതിനായി ആ വസ്തുക്കളിൽ മോട്ടോർ വയ്ക്കുകയാണ് ചെയ്തത്. അദ്ദേഹം നോക്കുമ്പോൾ സ്വിച്ച് ഓൺ ആക്കുകയും വസ്തുക്കൾ വൈബ്രേറ്റ് ആവുകയും ചെയ്യും.
ചാത്തന് ശക്തി നൽകിയ 'കെടാവിളക്ക്'
ഒരു കുഴിഞ്ഞിരിക്കുന്ന കല്ലിലാണ് ആ കെടാവിളക്ക് നിർമ്മിച്ചത്. ആ കാലഘട്ടത്തിൽ കുഴിവുള്ള കല്ലുകളാണ് വിളക്കുകൾക്കും പാത്രങ്ങൾക്കും ഉപയോഗിച്ചിരുന്നത്. അങ്ങനെ ഒരു കുഴിഞ്ഞ കല്ലിലാണ് കെടാവിളക്ക് സെറ്റ് ചെയ്തത്.
കറങ്ങുന്ന മുറിയിലെ കൗതുകം
സിനിമയുടെ അവസാന ഭാഗങ്ങളിൽ സിദ്ധാർഥ് ഭരതൻ ഒരു മുറിയിൽ നിൽക്കുമ്പോൾ, ആ മുറി കറങ്ങുന്നതായി കാണിക്കുന്നുണ്ട്. എടശ്ശേരി ഫ്ലോറിലാണ് അത് സെറ്റ് ചെയ്തത്. ഒരു കോറിഡോർ ഉണ്ടാക്കിയ ശേഷം ഒരാൾ നിന്ന് അത് റൊട്ടേറ്റ് ചെയ്യുകയാണ്. ആ സമയം സിദ്ധാർഥ് അതിനകത്തുണ്ട്. കറക്കുന്നതിന്റെ ടോൺ അനുസരിച്ച് അദ്ദേഹം ചലിക്കും. സിദ്ധാർഥ് കാലുവയ്ക്കുന്നത് നിലത്ത് തന്നെയാണ്. നിലത്ത് നടക്കുന്നത് പോലെ തന്നെയാണ് ആർട്ടിസ്റ്റിന് അനുഭവപ്പെടുക. പക്ഷേ പ്രേക്ഷകരുടെ കാഴ്ചയിൽ കറങ്ങുന്നതായി തോന്നും.
ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകളിലാണ് ജ്യോതിഷ് ശങ്കർ ഇപ്പോൾ. ബേസിൽ ജോസഫ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
കലാസംവിധായകന് ജ്യോതിഷ് ശങ്കര് സംവിധായകനാവുന്നു; ബേസില് ജോസഫ് നായകന്