മലയാള സിനിമയിൽ ചിരിവിടർത്തിയ, കരയിപ്പിച്ച, വെറുപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ 43 വർഷക്കാലമായി സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് പ്രക്ഷകരുടെ കൂടെ തന്നെയുണ്ട്. അന്നും ഇന്നും നിഷ്കളങ്കമായ ചിരിവിടർത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രൻസ് നാല് പതിറ്റാണ്ടിലെ സിനിമ ജീവിതത്തെ കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ്. പ്രധാന വേഷത്തിലെത്തുന്ന കനകരാജ്യം എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കവെയാണ് അദ്ദേഹം കരിയറിനെ കുറിച്ചും മനസ് തുറന്നത്.
നാല് പതിറ്റാണ് കാലത്തെ ഇന്ദ്രൻസിന്റെ സിനിമ ജീവിതം, മനസിൽ തോന്നുന്നതെന്താണ് ?
നല്ലതൊക്കെയായിരുന്നു. പിന്നീട് ഉത്സാഹം കുറഞ്ഞ് വന്നതു പോലെ തോന്നുന്നു. അപ്പോഴൊക്കെ ഓടി നടന്ന് ഒരു മുപ്പത്, മുപ്പത്തിയേഴ് സിനിമകളൊക്കെ ഒരു വർഷം ചെയ്യുമായിരുന്നു. അപ്പോൾ രണ്ടുമൂന്ന് ദിവസമൊക്കെ മതി. അതുകൊണ്ട് തന്നെ ഉത്സാഹം കൂടുതലായിരുന്നു. രണ്ട് ദിവസമൊക്കെയുള്ള ഷൂട്ടേ അന്ന് മതിയായിരുന്നുള്ളു, രസമായിരുന്നു. അതിൽ ഒരു കുസൃതിയൊക്കെയുണ്ടായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. ഇന്ന് എന്റ പ്രായത്തിനനുസരിച്ച് വലിയ കഥാപാത്രങ്ങളാണ് കിട്ടുന്നത്. അപ്പോൾ കൂടുതൽ ദിവസം ഷൂട്ടായതുകൊണ്ട് ചെയ്യുന്ന സിനിമകളുടെ എണ്ണത്തിൽ കുറവ് വന്നു.
കോമഡി കഥാപാത്രങ്ങളിൽ നിന്ന് സീരിയസ് റോളുകളിൽ വിജയിച്ചപ്പോൾ വീണ്ടും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന ആശങ്കയുണ്ടോ ?
ഒരു ആധിയുണ്ട് ഉള്ളിൽ. ഇത്തരം കഥാപാത്രങ്ങൾ മാത്രമായി ഒതുങ്ങി പോകുമോ, കോമഡി കഥാപാത്രങ്ങളൊന്നും കിട്ടില്ലേ എന്ന ആധി. അതിനെ മറികടക്കാൻ പ്രത്യേകിച്ച് പദ്ധതികളൊന്നും മനസിലില്ല. കാരണം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ അഭിരുചികൾ മാറുന്നതനുസരിച്ച് ആ ചായ്വുള്ള സിനിമകൾ ഇനിയും വരും. ഞെട്ടിയത് മതി, കുഞ്ഞ് സിനിമകളിലൂടെ ചിരിക്കുന്ന കഥാപാത്രങ്ങൾ വരുന്ന സമയം വരാതിരിക്കില്ല. അതിനുവേണ്ടി കാത്തിരിക്കുക എന്നതാണ് ചെയ്യാൻ കഴിയുന്നത്.
തമാശ നിറഞ്ഞ കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് നൽകിയ ഇന്ദ്രൻസ് ഉടൽ പോലൊരു സിനിമയിൽ സൈക്കോപാത്ത് കഥാപാത്രം അതിന്റെ തനിമ ചോരാതെ ചെയ്യുന്നുണ്ട്. അത്തരം കഥാപാത്രങ്ങൾ ചെയ്യണമെങ്കിൽ നിരീക്ഷണം ആവശ്യമാണ്. അത്തരത്തിൽ നിരീക്ഷണം നടത്താറുണ്ടോ?
തീർച്ഛയായും നടന്മാരുടെ സ്വാധീനമുണ്ട്. മത്രമല്ല, മൊത്തത്തിൽ ചുറ്റുപാടും ഒരു നിരീക്ഷണം ചെറുതിലേ തന്നെ എല്ലാവരും ചെയ്യുന്നതാണ്. നമ്മൾ ഓർമ്മ വെയ്ക്കുന്ന നാൾ മുതൽ അസാധരണമായ ആരെയെങ്കിലും കണ്ടാൽ അവരെ നമ്മൾ ശ്രദ്ധിക്കും. അതിപ്പോൾ നടീനടന്മാർക്കും ആ നിരീക്ഷണം ഉണ്ടെങ്കിൽ മാത്രമേ വ്യത്യസ്തമായി അഭിനയിക്കാൻ കഴിയുകയുള്ളു. ഞാൻ കാണുന്നതിൽ ഒരുപാട് വ്യത്യാസമുള്ള ആളുകളെ ശ്രദ്ധിക്കും, വായിക്കുന്ന പുസ്തകത്തിൽ പ്രത്യേകയുള്ള കഥാപാത്രങ്ങളെയും നിരീക്ഷിക്കും. അതല്ലാം പലപ്പോഴും ഒരുപാട് സഹായിച്ചിട്ടുണ്ട്. അതുകൂടാതെ, ചില സംവിധായകർ നമ്മുടെ മനസിൽ ആ കഥാപത്രത്തെ വ്യക്തമായി വരച്ചിട്ടുതരും. അപ്പോൾ വളരെയെളുപ്പമാകും. അത് ഉള്ളിൽ കയറും. സിനിമയിലുള്ളതിനേക്കാളും പുറത്തുള്ളർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. സിനിമയിലെ പലരുടെയും അഭിനയം കണ്ട് കൊതി തോന്നാറുണ്ട്. അവരുടെ കൂടെ നിന്ന് പഠിക്കും. എന്നിരുന്നാലും ബാക്കി ജനങ്ങളിലുള്ള നിരീക്ഷണമാണ്.
എത്ര അഭിനയിച്ചാലും തൃപ്തി തോന്നാത്ത ഒരു നടനാണ്. ഇനിയും മലയാള സിനിമയ്ക്ക് നൽകാൻ ബാക്കിയുള്ളത് എന്താണെന്നാണ് തോന്നിയിട്ടുള്ളത് ?
എനിക്ക് വേണ്ടത് നല്ല കഥാപാത്രങ്ങളാണ്. എന്നെ സംബന്ധിച്ച് കാലം കഴിഞ്ഞുപോയി, കുറേ സിനിമകൾ ചെയ്തു എന്നതല്ലാതെ ഇപ്പോൾ എടുത്ത് പറയാൻ കുറച്ച് കഥാപാത്രങ്ങളേയുള്ളു. ഒരുപാട് വൈകിയാണ് ഞാൻ അവിടെ എത്തുന്നത്. അപ്പോൾ ഇനിയും അത്തരം ചർച്ച ചെയ്യപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടുമെന്നുള്ള പ്രതീക്ഷയാണ് എനിക്ക്.
'അഞ്ചാം പാതിര'യിലെ റിപ്പറിന്റെ കഥാപത്രത്തെ കുറിച്ച് ഇന്നും സോഷ്യൽ മീഡിയയിലടക്കം ചർച്ച ചെയ്യുന്നുണ്ട്. ആ കഥപാത്രത്തിന് ഒരു സ്പിൻ ഓഫ് വേണമെന്ന് അഭിപ്രായങ്ങൾ പോലും എത്തിയിരുന്നു. റിപ്പറിനെ കുറിച്ച് ?
ഒരുപാട് പറയാതെ പറഞ്ഞ ഒരു കഥാപാത്രമായിരുന്നു അത്. ചെറിയൊരു സീനിൽ ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു. നമ്മൾ അത്തരം കഥാപാത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. അത്തരം പ്രവർത്തികളിൽ ആനന്ദം കണ്ടെത്തുന്ന ചിലരുണ്ട്. അവരുടെ ഭാഗത്ത് നിന്ന് എങ്ങനെയായിരിക്കും അത് എന്ന് ചിന്തിച്ചു നോക്കിയിരുന്നു. അങ്ങനെ ചെയ്ത കഥാപാത്രമായിരുന്നു അത്. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടാണ്. എന്തെങ്കിലുമൊക്കെ പ്രത്യേകത വേണ്ടേ, അത് ഒരുതരം കൂടുമാറൽ കൂടിയല്ലേ. എല്ലാ മനുഷ്യരിലും ഒരു മൃഗമുണ്ടല്ലോ. അത്തരത്തിൽ പുറത്തെടുക്കാതെ വെച്ചിരിക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിലേക്ക് ചേക്കേറാൻ എന്തെങ്കിലുമൊന്ന് കിട്ടണം. കാത്തിരിക്കുകയാണ്.
നല്ല സിനിമ മോശം സിനിമ എന്ന കാറ്റഗറിയുടെ ആവശ്യം നമുക്കുണ്ടോ?
പ്രേക്ഷകരെ സംബന്ധിച്ച് അവർ പാവങ്ങളാണ്, ശുദ്ധരാണ്. അവർ സിനിമയെ ഇഷ്ടപ്പെട്ട് കാണാൻ വരുന്നവരാണ്. അതുകൊണ്ട് തന്നെ അവർക്ക് തൃപ്തി തോന്നിയില്ലെങ്കിൽ സിനിമ കൊള്ളില്ല എന്നു പറയും. നല്ലത് കൊള്ളാമെന്ന് പറയും. അവരെ സംബന്ധിച്ച് ഈ രണ്ട് കാര്യമേയുള്ളു. അവർ ജെനുവിനാണ്, സത്യസന്ധമായി പറയുന്നതാണ്. അല്ലാതെയുള്ള അഭിപ്രായങ്ങളിലാണ് നമ്മൾ ആശങ്കപ്പെടുന്നത്. പരസ്യമായുള്ള വിളിച്ചുപറയലൊക്കെ അതിലുൾപ്പെടും. ചിലപ്പോൾ കാണുന്നയാൾക്ക് ഇഷ്ടപ്പെട്ടേക്കാം, പക്ഷെ കാണുന്നതിന് മുൻപേ അഭിപ്രായം പറയും. അതിലൊക്കെയാണ് നമ്മൾ പരസ്പരം അലോസരപ്പെടുകയും ചെയ്യുന്നത്.
ഹോം നൽകിയ കരിയർ ചെഞ്ച് എങ്ങനെയായിരുന്നു ?
ഹോം എനിക്ക് വളരെ തൃപ്തി നൽകിയ സിനിമയായിരുന്നു. ഹോമിന് ശേഷം അത്തരം കഥാപാത്രങ്ങൾ പിന്നീട് വന്നിട്ടുണ്ട്.
ഇന്ദ്രൻസ് എന്ന നടനെ സുരേന്ദ്രനെന്ന സാധാരണക്കാരൻ അന്ന് കണ്ടതും ഇന്ന് കാണുന്നതും എങ്ങനെയാണ്?
ശരിക്കും സരേന്ദ്രന്റെ ഒരു പാകപ്പെടലാണ് ഇന്ദ്രൻസ്. സുരേന്ദ്രനായിരുന്നപ്പോൾ പാകപ്പെട്ടതാ. പിന്നീട് പേരിലൂടെ മാത്രമല്ല, നമുക്ക് കിട്ടിയ കഥാപാത്രങ്ങളിലൂടെയും മാറ്റങ്ങളുണ്ടായി.
90കളുടെ അവസാനവും 2000ത്തിന്റെ തുടക്കകാലവും ഇന്ദ്രൻസിന്റെ നിരവധി സിനിമകളുടേത് കൂടിയായിരുന്നു. ഇന്ന് മുഴുനീള കഥാപാത്രങ്ങൾ ലഭിക്കുന്നുവെങ്കിലും തൃപ്തി തരുന്ന സിനിമകൾ കുറവാണ് എന്ന ആശങ്ക ഇന്ദ്രൻസ് അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ സിനിമയിൽ ഏറ്റവും ആഘോഷിച്ച കാലഘട്ടം എതായിരിക്കും ?
മുൻപുള്ള സമയമാണ് എൻജോയ് ചെയ്തിട്ടുള്ളത്. അന്നൊക്കെ ചെറിയ കഥാപാത്രമായതുകൊണ്ട് രണ്ട് മൂന്ന് ദിവസത്തെ കാര്യം മതി. അതിൽ ശരിയായില്ലെങ്കിൽ അടുത്ത സിനിമയിൽ അത് പരിഹരിച്ച് പോകുമായിരുന്നു. ഇപ്പോഴത്തെ അപകടം എന്തെന്നാൽ, വലിയ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ തിരക്കഥയൊക്കെ ഇഷ്ടപ്പെട്ടിട്ടായിരിക്കും ചെല്ലുന്നത്. അവിടെ ചെല്ലുമ്പോൾ എല്ലാം ഉടഞ്ഞ് വീഴും. ആ തിരക്കഥയുടെ ലെവലനുസരിച്ച് സിനിമയെ വളർത്തുന്ന ഒരു ക്രൂവോ സംവിധായകനോ ആയിരിക്കില്ല അത്. എന്നാൽ ചില സമയത്ത്, തിരക്കഥയിൽ ഒന്നുമുണ്ടായിരിക്കില്ല, പക്ഷെ അതങ്ങനെയങ്ങ് വളരും. ഈ രണ്ട് അവസ്ഥകളാണ് ഉള്ളത്.
നമ്മളുദ്ദേശിക്കുന്ന പോലെ സിനിമ വന്നില്ലെങ്കിലുള്ള അവസ്ഥ എന്നുപറയുന്നത് വളരെ വലുതാണ്. മോഹിച്ചതിനനുസരിച്ച് സിനിമ വളരാത്തപ്പോൾ വല്ലാത്തൊരു ആധിയാണ്. പണ്ടാണെങ്കിൽ തിരക്ക് കാരണം അതൊന്നും ശ്രദ്ധിക്കില്ല. ഇന്ന് അത് താങ്ങാനും പറ്റില്ല.
ക്ലൈമാക്സ് സീനിൽ നിന്ന് മാറ്റിയ സമയത്ത് മനപ്രയാസം ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്. കാലം അതിനൊരു മറുപടി നൽകുകയാണ് എന്ന് തോന്നിയിട്ടില്ലേ ?
ഒരുപാട് കോമഡി ചെയ്യുന്ന, ചിരിപ്പിച്ചു നിൽക്കുന്ന ഒരു വ്യക്തി, ഇപ്പോൾ ജഗതി ചേട്ടനെയൊക്കെ പോലെ അപൂർവം നടന്മാരല്ലാതെയുള്ളവർ ആ ഫ്രെയ്മിലേക്ക് വന്നാൽ ഒരു നോട്ടമോ ചലനമോ മതി എല്ലാവരുടെയും ശ്രദ്ധ മാറാൻ. പ്രധാന സീനിലൊക്കെ അങ്ങനെ വന്നാൽ അത് മോശമാണ്. അതുകൊണ്ട് തന്നെ അനിവാര്യമല്ലെങ്കിൽ ആ കഥാപാത്രത്തെ ആ സീനിൽ നിർത്തരുത് എന്നുള്ളതാണ്. ഈ സീനിൽ എന്റെ കഥാപാത്രത്തിന് പ്രാധാന്യമല്ല, അതുകൊണ്ട് ഞാൻ അവിടെ നിൽക്കേണ്ടതുണ്ടോ എന്ന് നമ്മൾ തന്നെ ചോദിക്കും. അതിൽ വിഷമം എന്താണെന്ന് ചോദിച്ചാൽ, നമ്മളൊരു കൊതിയനായതു കൊണ്ടേ, ഭയങ്കര കൊതിയായത് കൊണ്ട് ഉഫ്... അങ്ങനെയൊക്കെ വളർന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നതാ... (ഇന്ദ്രൻസ് ചിരിച്ചു...)