കിഷ്കിന്ധാ കാണ്ഡം സിനിമയിലെ ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു നടൻ നിഷാന്റെ വേഷം. ഏറെ വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളസിനിമയിൽ തിരിച്ചെത്തിയ നിഷാന്റെ പ്രകടനം ഇതിനകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഋതു, അപൂർവരാഗം, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ നേരത്തെ മലയാളസിനിമയിൽ സ്വന്തമായൊരു ഇടം നേടിയ താരമായിരുന്നു നിഷാൻ. ഇപ്പോൾ തിരിച്ചുവരവിന്റെ വേളയിൽ റിപ്പോർട്ടർ ചാനലിനോട് മനസ് തുറന്നപ്പോൾ.
ഞാൻ എവിടെയും പോയിട്ടില്ല
കിഷ്കിന്ധാ കാണ്ഡം പുറത്തിറങ്ങിയതിന് ശേഷം എല്ലാവരും എന്നോട് മലയാളത്തിലേക്ക് തിരിച്ചുവന്നല്ലോ എന്നാണ് ചോദിക്കുന്നത്. തിരിച്ചുവരാനായി ഞാൻ ഒരിടത്തും പോയിട്ടില്ല. നല്ല സിനിമകളും കഥകളും എന്നെത്തേടി വരാത്തതുകൊണ്ടാണ് ഞാൻ മലയാളത്തിൽ നിന്ന് മാറി നിന്നത്. നല്ല റോളുകൾ കിട്ടിയിരുന്നെങ്കിൽ ഞാനിവിടെ തന്നെ ഉണ്ടാകുമായിരുന്നു. എന്തുകൊണ്ടാണ് ഞാൻ മലയാളത്തിൽ നിന്ന് മാറി നിന്നതെന്ന ചോദ്യം ചോദിക്കേണ്ടത് ഫിലിം മേക്കേഴ്‌സിനോടാണ്.
കിഷ്കിന്ധാ കാണ്ഡത്തിൽ എത്തിയത്
കിഷ്കിന്ധാ കാണ്ഡത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ അലക്സ് കുര്യനും ഞാനും മുൻപ് അപൂർവ്വരാഗത്തിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം എന്നെ ഈ പ്രോജെക്റ്റിലേക്ക് വിളിച്ചപ്പോൾ ഒരു ഫാമിലി റീ യൂണിയൻ പോലെയാണ് എനിക്ക് തോന്നിയത്. കിഷ്കിന്ധാ കാണ്ഡം അദ്ദേഹം നിർമിക്കാൻ പോകുന്ന വിവരം അലക്സ് എന്നെ വിളിച്ച് അറിയിച്ചിരുന്നു. ചിത്രത്തിൽ ചെറുതാണെങ്കിലും ഒരു പ്രധാനപെട്ട വേഷം ഞാൻ തന്നെ ചെയ്യണമെന്നും എന്നോട് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ഓക്കേ പറഞ്ഞു. അങ്ങനെയാണ് വീണ്ടും ഒരു ഇടവേളക്ക് ശേഷം ഒരു മലയാള സിനിമയിലേക്ക് ഞാൻ എത്തുന്നത്.
ആസിഫ് അലിയുമായുള്ള ബോണ്ടിങ്
അപൂർവ്വരാഗം എന്ന സിനിമക്ക് കഴിഞ്ഞ് പതിമൂന്ന് വർഷത്തിന് ശേഷമാണ് ഞാൻ ആസിഫുമായി ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. രസകരമായ കാര്യം എന്തെന്നാൽ ഞാൻ ആസിഫിനെ കണ്ടിട്ടും പതിമൂന്ന് കൊല്ലത്തോളമായി. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ ആസിഫിനെ ഇത്രയും വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നത്. ഞങ്ങൾ വർഷങ്ങൾക്ക് ശേഷമാണ് കാണുന്നതെങ്കിലും ആയൊരു ഗ്യാപ് ഞങ്ങൾക്ക് രണ്ട് പേർക്കും അനുഭവപെട്ടതേയില്ല. ഇന്നലെ കണ്ടു പിരിഞ്ഞ ഒരു ബോണ്ടിങ് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. ആ സ്നേഹം ഇന്നും അങ്ങനെ തന്നെയുണ്ട്.
കിഷ്കിന്ധാ കാണ്ഡത്തിലെ വിജയരാഘവനുമായുള്ള കോമ്പിനേഷൻ
ചിത്രത്തിലെ വിജയരാഘവൻ സാറുമായുള്ള ആ മർമപ്രധാനമായ ഇന്ററോഗേഷൻ സീനിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന് അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന് ആ സീനിൽ എന്ത് വേണം എന്ത് വേണ്ട എന്ന് കൃത്യമായി അറിയാമായിരുന്നു. ആ സീൻ ഷൂട്ട് ചെയ്യുമ്പോഴാണ് ഞാൻ വിജയരാഘവൻ സാറിനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിനോട് എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അപ്പുപിള്ളയെന്ന കഥാപാത്രത്തിൽ ഒരുപാട് ആഴത്തിൽ ഇൻവോൾവ് ആയി ഇരിക്കുകയായിരുന്നു. അതിനാൽ അപ്പോൾ അദ്ദേഹത്തിനെ ശല്യപ്പെടുത്തണ്ട എന്നെനിക്ക് തോന്നി. സിനിമയിൽ എന്റെ കഥാപാത്രം ആ സീനിലാണ് ആദ്യമായി അപ്പു പിള്ളയെ കാണുന്നത്. ആ മൂഡ് അതേപോലെ ഞങ്ങൾ സെറ്റിൽ നിലനിർത്തി. ഇന്ന് ആ സീൻ സിനിമയിൽ കാണുമ്പോൾ വളരെ ബ്രില്ലിയൻറ് ആയിട്ടാണ് വിജയരാഘവൻ സാർ ആ സീൻ ചെയ്തിരിക്കുന്നത്.
ദിൻജിത് നല്ല പ്ലാൻ ഉള്ള സംവിധായകൻ
സിനിമയെക്കുറിച്ചുള്ള ഡിഷ്‌കഷനുകൾ സംവിധായകനുമായി തുടക്കം മുതൽ നടത്തിയിരുന്നു. സ്ക്രിപ്റ്റ് മുഴുവൻ എന്നോട് അദ്ദേഹം പറഞ്ഞിരുന്നു. വളരെ പ്രിപ്പയേർഡ് ആയ ഫിലിം മേക്കർ ആണ് ദിൻജിത് അയ്യത്താൻ. ഒരു എക്സ്ട്രാ ഷോട്ട് പോലും ദിൻജിത്ത് എടുക്കാറില്ല. എന്താണ് വേണ്ടതെന്ന് അദ്ദേഹം നമ്മളോട് കൃത്യമായി പറഞ്ഞു തരും, അതുകൊണ്ട് തന്നെ ഒരു അഭിനേതാവെന്ന നിലയിൽ അത് നമ്മുടെ കാര്യങ്ങൾ എളുപ്പമാക്കും.
കൂടുതൽ സ്നേഹം നൽകുന്നത് മലയാളികളാണ്
ഇതുവരെ മറ്റ് മലയാള സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. മലയാള സിനിമകൾ ചെയ്യാൻ എനിക്ക് നല്ല താല്പര്യമുണ്ട്. കാരണം ഇവിടെയാണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്. നാലഞ്ച് ഭാഷകളിൽ ഞാൻ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും കൂടുതൽ സ്നേഹം ലഭിച്ചത് മലയാളത്തിൽ നിന്നാണ്. ഇന്നും എനിക്ക് മലയാളീ പ്രേക്ഷകരുടെ ആ സ്നേഹം ഫീൽ ചെയ്യാറുണ്ട്. ഇപ്പോഴും നിരവധി മെസ്സേജുകൾ ആണ് എനിക്ക് വരാറുള്ളത്. നിങ്ങൾ നിർമാതാക്കളോടും സംവിധായകന്മാരോടും എന്നെ കാസ്റ്റ് ചെയ്യാൻ പറയൂ എന്നാണ് എനിക്ക് പറയാനുള്ളത്.