രജനികാന്തിന്റെ പുതിയ ചിത്രമായ വേട്ടയ്യന്റെ റിലീസിനായി ഒരുങ്ങിയിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസിലും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പ്രിവ്യു വന്നപ്പോള്‍ മലയാളികളെ ഞെട്ടിച്ചത് നടന്‍ സാബുമോനായിരുന്നു. വേട്ടയ്യനിലേക്ക് വന്നതിനെ കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും തമിഴിലെ മറ്റ് പ്രോജക്ടുകളെ കുറിച്ചും സാബുമോന്‍ റിപ്പോർട്ടറിനോട് സംസാരിക്കുന്നു.
വേട്ടയ്യന്‍ പ്രിവ്യുവിലെ സാബുമോന്റെ സര്‍പ്രൈസ് എന്‍ട്രി
ഒരു വര്‍ഷത്തോളമായി സിനിമയുടെ വര്‍ക്കുകള്‍ തുടങ്ങിയിട്ട്. വേട്ടയ്യനില്‍ അഭിനയിക്കുന്നതിനെ കുറിച്ച് നേരത്തെ പറയേണ്ടെന്ന് തോന്നി. ഞാന്‍ അങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യുന്ന ആളുമല്ല. ഹൈദരാബാദ്, കന്യാകുമാരി ഷെഡ്യൂളുകളിലായിരുന്നു എന്റെ ഭാഗങ്ങളുണ്ടായിരുന്നത്. ട്രെയല്‌റില്‍ എന്റെ മൂന്ന് ഷോട്ടുകളുണ്ടായിരുന്നു. ഡയലോഗ് വരുന്നതും രജനികാന്ത് കഥാപാത്രത്തിന്റെ എതിരെ നില്‍ക്കുന്നതും പിന്നെ ഒരു വൈഡ് ഷോട്ടും. കഥാപാത്രത്തിന്റെ പേരടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല. മുഖത്തെ വെട്ടിന്റെ പാടുകളടക്കം ചെറിയ മേക്കോവറുണ്ടായിരുന്നു എന്ന് മാത്രമേ ഈ ഘട്ടത്തില്‍ പറയാനാകൂ.
എങ്ങനെയാണ് എന്നെ ഈ റോളിലേക്ക് കാസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ ജ്ഞാനവേലിനോട് ചോദിച്ചിരുന്നു. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന് പറ്റിയ ഒരു അഭിനേതാവിനായി അവര്‍ നാല് സംസ്ഥാനങ്ങളിലും നോക്കിയിരുന്നു. പിന്നീട് മറാത്തിയിലെ ഒരു നടന്‍ ഏകദേശം ശരിയായ സമയത്താണ് ജല്ലിക്കെട്ട് അദ്ദേഹത്തിന് ആരോ കാണിച്ചുകൊടുക്കുന്നത്. അതിലെ എന്നെ കണ്ടപ്പോള്‍ അദ്ദേഹം അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. ജല്ലിക്കെട്ട് ആണ് എനിക്ക് വേട്ടയ്യനിലെ റോള്‍ തന്നത് എന്ന് പറയാം.
ജയിലറിലെ വിനായകന്റെ വേഷത്തോടുള്ള താരതമ്യം
വേട്ടയ്യനില്‍, സിനിമയില്‍ ഉടനീളമുള്ള ഒരു വില്ലന്‍ കഥാപാത്രമല്ല എന്റേത്. ജയിലറിലെ വിനായകന്‍ ചെയ്ത വേഷം പോലെയൊന്നുമില്ല. ഒരു ഭാഗത്താണ് വരുന്നത്.
ടി.ജി ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയ്യന്‍
ടി.ജി ജ്ഞാനവേല്‍ ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചയാളാണ്. ജയ് ഭീം അടക്കമുള്ള അദ്ദേഹത്തിന്റെ മുന്‍ സിനിമകളെ പോലെ വേട്ടയ്യനും റിയല്‍ സ്‌റ്റോറിയാണ്. വരാനിരിക്കുന്ന ദോശകിങും ആര്യഭവന്‍ അണ്ണാച്ചിയുടെ കഥയാണ്. പ്രിവ്യുവില്‍ കണ്ടതുപോലെയല്ല സിനിമ. അവര്‍ വളരെ തന്ത്രപൂര്‍വമാണ് ആ പ്രിവ്യു ഒരുക്കിയിട്ടുള്ളത്.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം
ഞാന്‍ ആരുടെയും ഫാന്‍ അല്ല. പക്ഷെ രജനികാന്തിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തെ പോലെ ഒരു ലെജന്‍ഡിനെ നേരിട്ട് കാണാനും ഒന്നിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. നമ്മുടെ നാട്ടിലെ താരങ്ങളെ പോലെയല്ല തമിഴ്‌നാട്ടിലെ സൂപ്പര്‍സ്റ്റാര്‍സ്. എല്ലാവര്‍ക്കും പോയി കാണാനൊന്നും കഴിയില്ല. ഷൂട്ടിന്റെ ആദ്യ ദിവസം അദ്ദേഹത്തെ കാണാന്‍ പോയത് മറക്കാനാകില്ല. മേക്കപ്പ് കഴിഞ്ഞ ശേഷം സംവിധായകന്‍ വന്ന് കണ്ട് ഓക്കെ പറഞ്ഞു. രജനികാന്തിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞു കൊണ്ടുപോയി.
ഫാക്ടറി പോലെയുള്ള ഒരു സ്ഥലത്തായിരുന്നു അന്ന് ഷൂട്ട്. രജനികാന്ത് അവിടെ ഒരു ചുവന്ന കസേരയില്‍ ഇരിക്കുന്നതാണ് ഞാന്‍ കണ്ടത്. അദ്ദേഹം എന്നെ കണ്ടതും ചാടിയെണീറ്റു. ഞാന്‍ ആകെ ഞെട്ടിപ്പോയി. എനിക്ക് കയ്യും കാലും വിറയ്ക്കുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സാര്‍ അപ്പോള്‍ ചുമലിലൊക്കെ തട്ടി കുറച്ച് സമയം സംസാരിച്ചു. വളരെ എളിമയുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷെ മേക്കപ്പ് ഇട്ട് കഥാപാത്രമായി വരുന്നതോടെ അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് മാറും. ഓരോ ആക്ഷനും സ്‌റ്റൈലൈസ്ഡാകും.
ഓരോ ദിവസവും ആയിരക്കണക്കിന് പേര്‍ രജനികാന്തിനൊപ്പം ഫോട്ടോയെടുക്കാന്‍ എത്തും. ഷൂട്ടിന് ശേഷം കാരവാന് പുറത്ത് അദ്ദേഹം നില്‍ക്കും. ഓരോരുത്തരായി വന്ന് ഫോട്ടോ എടുക്കും. അതിന് മാത്രമായി ഒരു ഫോട്ടോഗ്രാഫറും അവിടെ ഉണ്ടാകും. അയാളുടെ അടുത്ത് നിന്നുമാണ് ഈ ആരാധകരെല്ലാം ഫോട്ടോ പിന്നീട് വാങ്ങിക്കുന്നത്. ഇത് എല്ലാ ദിവസവും കാണും.
വേട്ടയ്യന്റെ ഓഡിയോ ലോഞ്ച്
ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു ഓഡിയോ ലോഞ്ച്. പരിപാടി തുടങ്ങി അവസാനിക്കും വരെ ആരാധകരുടെ ആര്‍പ്പുവിളിയായിരുന്നു. തലൈവരേ… എന്ന് വിളി അവസാനിക്കുകയേ ഇല്ല. നമുക്ക് ആലോചിക്കാനാകാത്ത വിധം വലുതാണ് അവരുടെ ആരാധന. ട്രാന്‍സ് മൂഡിലായിരുന്നു എന്ന് തന്നെ പറയാം.
പരിപാടിയ്ക്ക് ശേഷം ഞാന്‍ ആരോടോ പറഞ്ഞിരുന്നു, ഇതൊക്കെയാണ് ഫാന്‍സ് എന്ന്. പിറ്റേന്ന് മഞ്ജു വാര്യരെ കണ്ടപ്പോള്‍ അവരും ഇതേ അത്ഭുതം പങ്കുവെച്ചു. 'എന്തായിരുന്നു അവിടെ സംഭവിച്ചത്!' എന്നായിരുന്നു അവരുടെയും പ്രതികരണം. മഞ്ജു വാര്യരും ആദ്യമായാണ് അങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് പറഞ്ഞു.
തമിഴ് സിനിമയിലെ പുതിയ പ്രോജക്ടുകള്‍
നാല് സിനിമകള്‍ ഞാന്‍ തമിഴില്‍ ചെയ്തു. ജി വി പ്രകാശന്റെ കിംഗ്സ്റ്റണ്‍ എന്ന സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രമാണ്. യോഗി ബാബു, ബോബി സിന്‍ഹ എന്നിവര്‍ ഒന്നിക്കുന്ന 'നോ വയലന്‍സ്' എന്ന ചിത്രത്തിലുമുണ്ട്. പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ഒരുക്കുന്ന 'മനിത കാവലന്‍' ആണ് മറ്റൊരു ചിത്രം. വേട്ടയ്യനായിരിക്കും ആദ്യം തിയേറ്ററിലെത്തുക. ഒക്ടോബര്‍ പത്തിനാണ് ചിത്രത്തിന്‍റെ റിലീസ്.