കോസ്റ്റ്യൂമിൽ കൊമ്പുണ്ടെങ്കില്‍ സാത്താൻ സ്തുതി ആവില്ല, കാമ്പില്ലാത്ത വിമർശനങ്ങളോട് എന്തുപറയാൻ:വിനായക് ശശികുമാർ

തന്റെ ഗാനങ്ങളെക്കുറിച്ചും ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും വിനായക് ശശികുമാർ റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുന്നു

അശ്വിൻ രാജ് എൻ കെ
1 min read|01 Oct 2024, 04:10 pm
dot image

പുതുതലമുറയിലെ പാട്ട് എഴുത്തുകാരിൽ ശ്രദ്ധേയനാണ് വിനായക് ശശികുമാർ. രോമാഞ്ചത്തിലെ ആദരാഞ്ജലിക്കും ആവേശത്തിലെ ഇല്ലുമിനാറ്റിക്കും ശേഷം അമൽ നീരദ് സംവിധാനം ചെയ്ത പുതിയ ചിത്രം 'ബോഗെയ്ൻവില്ല'യിൽ സ്തുതി ഗാനവും എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ പ്രോമോഷണൽ ഗാനമായി എത്തിയ സ്തുതി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഗാനത്തിനെ അഭിനന്ദിച്ച് എത്തുന്നത്. എന്നാൽ ഗാനം ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണെന്നും സാത്താൻ സേവയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമുള്ള തരത്തിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. തന്റെ ഗാനങ്ങളെക്കുറിച്ചും ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും വിനായക് ശശികുമാർ റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുന്നു

ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച സ്തുതി ഗാനം

അമൽ നീരദ് ചിത്രത്തിൽ വരുന്ന ഒരു പ്രോമോ ഗാനം എന്നുപറയുമ്പോൾ തന്നെ പ്രേക്ഷകരെ പോലെ എനിക്കും ഒരു എക്‌സ്‌പെക്റ്റേഷൻ ഉണ്ടായിരുന്നു. ഇതൊരു പ്രോമോ ഗാനമാണെങ്കിലും പൂർണമായി ചിത്രത്തിൽ ഇല്ലെന്ന് പറയാൻ സാധിക്കില്ല. സിനിമയുടെ അവസാനം ഈ ഗാനത്തിന്റെ ഭാഗം വരുന്നുണ്ട്. കഥാഗതിയുമായും കഥാപാത്രങ്ങളുമായും ബന്ധപ്പെട്ട രീതിയിലാണ് ഈ ഗാനം നിൽക്കുന്നത്. അതിൽ നിന്ന് അടർത്തിമാറ്റിവെക്കാൻ സാധിക്കില്ല. എന്നാൽ പൂർണമായും ഒരു സിനിമയുടെ കഥാഗതി നിർണയിക്കുന്ന ഗാനവുമല്ല. പ്രോമോ ഗാനത്തിന്റെയും സിനിമാ ഗാനത്തിന്റെയും നടുക്ക് നിൽക്കുന്ന ഒന്നാണ്. സിനിമ കണ്ട് കഴിഞ്ഞാൽ ഈ ഗാനം ഇതിലെ കഥാപാത്രങ്ങളുമായി എങ്ങനെ ബന്ധപ്പെട്ട് നിൽക്കുന്നുവെന്ന് പൂർണമായി മനസിലാവും. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അത് സ്‌പോയിലറായി മാറും.


അമല്‍ നീരദും വിനായക് ശശികുമാറും

സ്തുതി ഗാനം സാത്താനിക് സേവയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനങ്ങളോട് പറയാനുള്ളത്

സത്യത്തിൽ കാളപെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കരുത് എന്നാണ് ഇത്തരം വിമർശകരോട് പറയാൻ ഉള്ളത്. ഈ പാട്ടിന്റെ വരികളും അതിന്റെ അർത്ഥവും എടുത്ത് നോക്കുകയാണെങ്കിൽ അത് പൂർണമായും ദൈവത്തിനെ വാഴ്ത്തുകയും പ്രണയത്തിനെ കുറിച്ച് പറയുകയും ചെയ്യുന്ന വരികളാണ്. 'ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി, പ്രേമത്തെ സൃഷ്ടിച്ച കർത്താവിന് സ്തുതി' എന്നാണ് പറയുന്നത്.

പിന്നെ ഗാനത്തിന്റേതായി പുറത്തുവന്ന വീഡിയോയിൽ ഒരു സീനിൽ ധരിച്ച കോസ്റ്റ്യൂമിൽ തോളത്ത് ഒരു കൊമ്പുണ്ടെന്ന് കരുതി അത് സാത്താനെ പുകഴ്ത്തുന്നത് ആവില്ല. പിന്നെ ഇതിനെക്കാളൊക്കെ ഉപരിയായി സിനിമയുടെ ഒരു തീം ഉണ്ട്. അത് പ്രേക്ഷകന് മനസിലാവുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഇതിനാണ് പ്രാധാന്യം നൽകേണ്ടത് അല്ലാതെ ഇത്തരം കാര്യങ്ങൾക്ക് അല്ല. ഊഹാപോഹങ്ങൾ ശരിയാവണമെന്നില്ല. ഇനി ഊഹാപോഹമാണെങ്കിലും പോട്ടെ എന്ന് വെക്കാം ഇത് അതുകൂടിയല്ല. വെറുതെ ഒരോന്ന് ആരോപിക്കുകയാണ്. സിനിമ കാണുന്ന സമയത്ത് ഈ ഗാനത്തിന്റെ വരികളും സിനിമയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാകും, അതിൽ നിന്ന് പ്രേക്ഷകർക്ക് ഡീ കോഡ് ചെയ്യാനും സാധിക്കും. അല്ലാതെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല.

'ആദരാഞ്ജലി', 'ഇല്ലുമിനാറ്റി', ഇപ്പോൾ 'കർത്താവിന് സ്തുതി' - ഗാനങ്ങളിലെ ഹുക്ക് ലൈൻ തിരഞ്ഞെടുക്കുന്നത് എങ്ങനെ ?

ഈ മൂന്ന് ഗാനങ്ങളുടെയും പ്രത്യേകത ഇവ മൂന്നും പ്രോമോഷൻ ഗാനങ്ങളാണ് എന്നതാണ്. സ്തുതി ഗാനം ക്ലൈമാക്‌സിനോട് ചേർന്ന് വരുന്നുണ്ടെങ്കിലും അതിന്റെയും ലക്ഷ്യം സിനിമയുടെ പ്രോമോഷന് വേണ്ടി ഉപയോഗിക്കാം എന്നതാണ്. സ്വാഭാവികമായി ഗാനങ്ങൾ ഹിറ്റാവാനും പ്രേക്ഷകരുടെ ശ്രദ്ധനേടാനും അതിലൂടെ സിനിമയുടെ പ്രചരണത്തിനും വേണ്ടിയുള്ള അപ്രോച്ചാണ് സ്വീകരിക്കുന്നത്. സിനിമയിലെ മറ്റുഗാനങ്ങൾ നമ്മുടെ ഭാവനയ്ക്ക് അനുസരിച്ച് സിനിമയുടെ മൂഡിനും കഥാഗതിക്കും അനുസരിച്ച് ആ ഒരു ഒഴുക്കിന് എഴുതാൻ സാധിക്കും. എന്നാൽ ഇത്തരം പ്രോമോ ഗാനങ്ങളുടെ പ്രധാന ലക്ഷ്യം ശ്രദ്ധനേടുക എന്നതാണ്.

റീൽസ് വീഡിയോകളും ഷോർട്‌സും കാണുന്ന വേഗത കൂടിയ ഒരു തലമുറയിലേക്കാണ് നമ്മൾ ഇത്തരം ഗാനങ്ങൾ കൊടുക്കുന്നത്. 15 സെക്കന്‍റും 30 സെക്കന്‍റുമൊക്കെയാണ് ഇത്തരം റീലുകളുടെ ദൈർഘ്യം. ഈ ഒരു സമയം കൊണ്ട് തന്നെ ഗാനങ്ങൾ പ്രേക്ഷകരിൽ ഇംപാക്ട് ഉണ്ടാക്കിയില്ലെങ്കിൽ അവർ സ്‌ക്രോൾ ചെയ്ത് അടുത്തതിലേക്ക് പോകും. മലയാളികളുടെ ഒരു പ്രത്യേകത അവര് എല്ലാ ഗാനങ്ങളും കേൾക്കും, അതുകൊണ്ട് അവരെ ഇംപ്രസ് ചെയ്യിപ്പിക്കണമെങ്കിൽ സ്വൈപ് അപ് ചെയ്യുന്നതിന് മുമ്പായി അവരെ ആകർഷിക്കുന്ന ഒരു ഘടകം ഗാനങ്ങളിൽ ഉണ്ടാവണം. ഇങ്ങനെയാണ് ഹുക്ക് ലൈനുകൾ ഗാനങ്ങളിൽ ഉണ്ടാവുന്നത്.

ഈ സെക്കന്റുകളിൽ പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അവർ 3 മുതൽ 5 മിനിറ്റ് വരെയുള്ള ഗാനങ്ങൾ കാണാനുള്ള ഒരു ചാൻസ് നൽകില്ല. പ്രേക്ഷകൻ എന്ന നിലയിൽ ഞാനും അങ്ങനെ തന്നെയാണ് പാട്ടുകളെ തെരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ട് ഇത് വളരെ ശ്രദ്ധിച്ചാണ് ആ ഹുക്ക് ലൈനുകൾ തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. അത് ഗാനങ്ങളെ സ്റ്റാൻഡ് എലോൺ ആയി നിലനിർത്തും.

ഗാനങ്ങൾ തലമുറയെ വഴിതെറ്റിക്കുന്നുണ്ടെന്ന വിമർശനങ്ങൾ ?

വിമർശനങ്ങൾ കാമ്പുള്ളതാണെങ്കിൽ എപ്പോഴും അത് സ്വീകരിക്കാൻ തയ്യാറാണ്. നമ്മളെ അറിയുന്നവരും അറിയാത്തവരുമൊക്കെ മെസേജ് അയച്ചും നേരിട്ട് കാണുമ്പോഴുമെല്ലാം ചില നിർദ്ദേശങ്ങളും വിമർശനങ്ങളും പറയാറുണ്ട്. അത് കാമ്പുള്ളതാണെങ്കിൽ പൂർണമനസോടെ സ്വീകരിക്കുകയും തിരുത്തുകയും ചെയ്യും. കാമ്പില്ലാത്ത വിമർശനങ്ങൾ ഉന്നയിക്കുന്നവരോട് പ്രത്യേകിച്ച് എന്താണ് പറയുക. ഇല്ലുമിനാറ്റി ഗാനം യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്നൊക്കെ പറയുമ്പോ ഇവരോടൊക്കെ എന്താ പറയുക എന്നാണ് തോന്നാറുള്ളത്.

ആ ഗാനം ഒരു തമാശ മൂഡിൽ പാടി പോകുന്ന ഗാനമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. ഇനി അത്തരം ഗാനങ്ങളിൽ എന്തെങ്കിലും പ്രശ്‌നമുണ്ട് എന്ന് തന്നെ കരുതുക ഈ ഗാനങ്ങൾ എല്ലാം തന്നെ സെൻസർ ബോർഡിന് മുന്നിലൂടെ കടന്നാണ് എത്തുന്നത്. ആവേശം സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ആണ സെൻസർ ബോർഡ് നൽകിയത്. ആ സർട്ടിഫിക്കറ്റ് തന്നെ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് കാണാം എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ ഗാനം കുട്ടികളെ വഴി തെറ്റിക്കുകയാണെങ്കിൽ നിങ്ങൾ ആണ് നിങ്ങളെ കുട്ടിയെ നിയന്ത്രിക്കേണ്ടത്. പിന്നെ ഇത്തരം കാമ്പില്ലാത്ത വിമർശനങ്ങൾ ഉന്നയിക്കുന്നവരോട് ഒരു കാര്യമേ ഓർമിപ്പിക്കാനുള്ളു. നിങ്ങളെക്കാൾ ഈ ഗാനം കേട്ട് വഴിതെറ്റുമെന്ന് നിങ്ങൾ പറയുന്ന യുവതലമുറയ്ക്ക് ബുദ്ധിയും വിവേകവുമുണ്ടെന്ന് മനസിലാക്കണം.

dot image
To advertise here,contact us
dot image