കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടിയ പായൽ കപാഡിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ ചിത്രത്തിലെ നടി ദിവ്യ പ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലെെംഗികച്ചുവയുള്ള പരാമര്‍ശങ്ങളും മോശം പ്രതികരണങ്ങളുമായി നിരവധി പേരെത്തിയതോടെ വിഷയം ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇത്തരം പ്രതികരണങ്ങള്‍ താൻ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് ദിവ്യ പ്രഭ പറയുന്നത്. പ്രതീക്ഷ നഷ്ടമായിട്ടില്ലെന്നും സിനിമയ്ക്ക് യുവജനങ്ങളുടെ ഭാഗത്ത് നിന്നും പോസിറ്റീവ് അഭിപ്രായങ്ങളാണ് വരുന്നതെന്നും ദിവ്യ പ്രഭ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
ഇതൊക്കെ പ്രതീക്ഷിച്ചതാണ്, ഉദ്ദേശിച്ച പോലെ ഒരു സ്വീകരണം ലഭിക്കണമെങ്കിൽ ഇനിയും സമയമെടുക്കും
ഞാൻ ഇത് പ്രതീഷിച്ചതാണ്. മലയാളികളിൽ കുറച്ചുപേർ ഇങ്ങനെ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചു കളഞ്ഞത് സിനിമയെ സ്വീകരിച്ച ഒരു വിഭാഗം യൂത്തിന്റെ പ്രതികരണങ്ങളാണ്. പത്ത് പതിനഞ്ചു ശതമാനം പേർ മാത്രമാണ് സിനിമയെ മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നല്ല വശത്തിന് മാത്രമാണ് ഞാൻ ശ്രദ്ധ കൊടുക്കുന്നത്. കുറച്ച് തലമുറകൾ കഴിഞ്ഞായിരിക്കും ചിലപ്പോൾ ഇതിന് നമ്മൾ ഉദ്ദേശിച്ച പോലെ ഒരു സ്വീകരണം ലഭിക്കുക.
കേരളത്തിൽ നിന്നുള്ളവർ ചെയ്യുമ്പോഴാണ് സ്വീകരിക്കാൻ മടി
ഗെയിം ഓഫ് ത്രോൺസ് പോലുള്ള സീരീസ് കേരളത്തിൽ മലയാളികള്‍ നല്ല രീതിൽ തന്നെ ആഘോഷമാക്കിയിട്ടുണ്ട്. അതിൽ ഇത്തരം ഒരു സീനുകള്‍ ഉണ്ടല്ലോ. അതിനെക്കുറിച്ചൊന്നും ചർച്ചകൾ നടന്നതായി എനിക്ക് അറിവില്ല. കേരളത്തിൽ നിന്നുള്ള ആക്ടർ ആകുമ്പോഴാണ് ഇവർക്ക് ഈ പ്രശ്നം എന്നാണ് ഞാൻ മനസിലാക്കുന്നത്. പുറത്തു നിന്നുള്ളവർ ചെയ്യുമ്പോൾ അതിനെ സെലിബ്രേറ്റ് ചെയ്യുകയും ഇവിടുന്നാകുമ്പോൾ മറ്റൊരു രീതിയിലുമാണ് കാണുന്നത്.
സെൻസർ ബോർഡ് വരെ കട്ട് ചെയ്യാത്ത സീനാണത്
അത് വെറുതെ ഒരു സീനല്ല. കൃത്യമായിട്ടുള്ള കോണ്ടെസ്റ്റുകൾ ഉണ്ട്. ഞങ്ങൾ കരുതിയത് ഇതിനെ സെൻസർ ബോർഡ് കട്ട് ചെയ്യുമെന്നാണ്. പക്ഷെ സെൻസർ ബോർഡിൽ നിന്നും വളരെ പോസിറ്റീവായ അഭിപ്രായമാണ് ലഭിച്ചത്. കട്ട് ചെയ്യേണ്ട ആവിശ്യമില്ലെന്നാണ് അവര്‍ പറഞ്ഞത്.
ആ കഥാപാത്രത്തിന്റെ ഡെപ്ത് മനസിലാക്കിയാണ് ഞാനും അഭിനയിച്ചത്.
ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ ഇതിനെ സ്വീകരിച്ച മലയാളികളും ഉണ്ട്
കേരളത്തിൽ മാത്രമാണ് ഇങ്ങനെ എന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയിൽ മൊത്തത്തിൽ ഉണ്ട് എന്ന് തന്നെയാണ് വിശാസം. ഞാൻ കേരളത്തിൽ നിന്നായതുകൊണ്ടാണ് ഇവിടെയുള്ളവർ ഇത് കൂടുതൽ ചർച്ച ചെയ്യുന്നത്. ഇവിടുത്തെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ കൊണ്ടാവാം. എന്നാലും പ്രതീക്ഷയുണ്ട്, ഒരു കൂട്ടം ആളുകൾ മലയാളികൾ തന്നെ ഇതിനെക്കുറിച്ചു വളരെ രസമായി പോസിറ്റീവായി എഴുതുന്നുണ്ട്. നമ്മൾ കണ്ടപോലെ ഇതിനെ സ്വീകരിച്ചവരും ഒരുപാടുപേർ ഉണ്ട്. ഇത്തരത്തിലുള്ള സിനിമകൾ ഇനിയും വന്നു കഴിയുമ്പോൾ ആളുകൾ സാധാരണ പോലെ തന്നെ എടുക്കും.
സിൽക്ക് സ്മിതയെ അവർ ഉണ്ടായിരുന്ന കാലത്ത് അംഗീകരിച്ചിരുന്നില്ല
സിൽക്ക് സ്മിതയെ പോലുള്ളവരെ, അവർ ഉണ്ടായിരുന്ന കാലത്ത് ആദ്യം ആരും അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ അവരുടെ പിറന്നാളും മറ്റും വരുമ്പോഴെല്ലാം വലിയ രീതിയിലാണ് ആഘോഷിക്കുന്നത് കാണാം. ഇപ്പോൾ ചിത്രത്തിനും എനിക്കുമെതിരെ വരുന്ന വിമര്‍ശനങ്ങളെയും ഞാന്‍ അങ്ങനെയേ കാണുന്നുള്ളു.
Content Highlights: Divya Prabha responded to the leaked scene and criticism against the film All We Imagine As Light