മമ്മൂട്ടി നായകനായ വല്ല്യേട്ടന്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ് . നവംബര്‍ 29ന് റീറിലീസ് ചെയ്തതിന് പിന്നാലെ സിനിമയിലെ വിവിധ കഥാപാത്രങ്ങളും ചര്‍ച്ചകളിലുണ്ട്. പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ശാരീരികവെെകല്യം സംഭവിച്ച ശങ്കരന്‍കുട്ടി എന്ന കഥാപാത്രമായി എത്തിയ നടന്‍ സുധീഷിന്‍റെ പ്രകടനത്തെ കുറിച്ചും പുതിയ ചര്‍ച്ചകള്‍ ഉടലെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കഥാപാത്രത്തെ കുറിച്ചും പുതിയ വായനകളെ കുറിച്ചും റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയാണ് നടന്‍ സുധീഷ്
വല്യേട്ടന്‍ റീറിലീസില്‍ വീണ്ടും ചര്‍ച്ചയാകുന്ന ശങ്കരന്‍കുട്ടി
ഷാജി കൈലാസും രഞ്ജിത്തും വല്ല്യേട്ടനിലേക്ക് എടുക്കുന്ന സമയത്ത് തന്നെ കഥാപാത്രത്തിന്റെ മുടന്തിനെ കുറിച്ച് പറഞ്ഞിരുന്നു. രണ്ടോ മൂന്നോ തരം മുടന്തുകള്‍ നോക്കിവെക്കാനും നിര്‍ദേശിച്ചു. ചെറുപ്പത്തില്‍ ചെയ്ത ഒരു നാടകത്തില്‍ മുടന്തുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ രീതിയിലും, സാധാരണ സിനിമകളില്‍ കാണുന്ന രീതിയിലും, അതൊന്നുമല്ലാത്ത മറ്റൊരു തരത്തിലും ഞാന്‍ മുടന്ത് അഭിനയിക്കാന്‍ ആലോചിച്ചു വെച്ചു. മൂന്നാമത്തെ രീതിയാണ് സംവിധായകന് ഓക്കെ ആയത്. അതാണ് നിങ്ങള്‍ സിനിമയില്‍ കാണുന്നത്.
ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍, കരിയറില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അഭിനയിക്കാനുള്ള അവസരമായിരുന്നു എനിക്ക് ലഭിച്ചത്. അത് ആസ്വദിക്കുകയായിരുന്നു ഞാന്‍. എല്ലാ ഫ്രെയ്മിലും കഥാപാത്രത്തിന്റെ മുടന്തിനെ ഒരുപോലെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോള്‍ എവിടെയെങ്കിലുമൊക്കെ തെറ്റിപ്പോയിട്ടുണ്ടാകാം. കുളക്കരയില്‍ നിന്നും വല്യേട്ടാ… എന്ന് വിളിച്ച് ഓടുന്ന സീനുണ്ട്. സിംഗിള്‍ ഷോട്ടായിരുന്നു അത്. അതിലും മുടന്തുള്ള ആള്‍ ഓടുന്ന പോലെ തന്നെ ഓടാന്‍ ശ്രമിച്ചിരുന്നു.
അറക്കല്‍ മാധവനുണ്ണി ഏറ്റവും സ്‌നേഹിക്കുന്ന കഥാപാത്രങ്ങളിലൊരാള്‍
ഞാന്‍ അവതരിപ്പിച്ച അനിയന്‍ കഥാപാത്രത്തിന് ഇത്തരം ശാരീരപ്രശ്‌നങ്ങളുള്ളതുകൊണ്ട് തന്നെ, ജ്യേഷ്ഠനായ മമ്മൂക്കയുടെ കഥാപാത്രത്തിന് സ്വാഭാവികമായും കരുതലും ഇഷ്ടവും കൂടുതലും ഉണ്ട്. വിജയകുമാറിന്റെ കഥാപാത്രമാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കി വെക്കുന്നതെങ്കിലും ആ അനിയനെ പോലും അയാള്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. തല തെറിച്ച സ്വഭാവക്കാരനായ അനിയനെ പൊലീസിനോ ഗുണ്ടകള്‍ക്കോ വിട്ടുകൊടുക്കാന്‍ മാധവനുണ്ണി തയ്യാറല്ല. അവിടെ അയാള്‍ക്കൊരു സ്വാര്‍ത്ഥതയുണ്ട്.
വെറുതെ ഒരു മാസ് കഥാപാത്രമല്ല മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണി എന്ന് ഞാന്‍ പറയും. അത്ര നല്ലവനായിരുന്നെങ്കില്‍ തെറ്റ് ചെയ്ത അനിയനോട് ജയിലില്‍ പോകാന്‍ പറയുമായിരുന്നു. എന്നാല്‍ സ്വന്തം രക്തമായതുകൊണ്ട് അയാള്‍ക്ക് അങ്ങനെ തീരുമാനമെടുക്കാനാകുന്നില്ല. മാസ് കഥാപാത്രം മാത്രമല്ല വല്ല്യേട്ടനിലെ നായകനെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളിലൊന്നാണിത്. മാസ് നായകനാണെങ്കിലും സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങളും അവിടെയുണ്ട്.
സിനിമയിലെ ഡയലോഗുകളെ കുറിച്ച് ഉയരുന്ന വിമര്‍ശനം
'സമുദ്രനിരപ്പില്‍ നിന്ന് മൂന്നടി മാത്രം ഉയരുമുള്ള നീ' എന്ന് തുടങ്ങുന്ന ഡയലോഗ്, ഞൊണ്ടി എന്ന് വിളിക്കുന്നത് തുടങ്ങി ചിലത് ചിത്രത്തിലുണ്ട്. ഇന്നായിരുന്നെങ്കില്‍ ഒരിക്കലും അത്തരം ഡയലോഗുകള്‍ സിനിമയില്‍ ഉണ്ടാകില്ലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയോ ഇത്തരം ചര്‍ച്ചകളോ ഇല്ലല്ലോ.
അതേസമയം, ചിത്രത്തില്‍ മറ്റൊരു ഡയലോഗ് കൂടി രഞ്ജിത്ത് എഴുതിയിട്ടുണ്ട്. 'ഞൊണ്ടി എന്ന് വിളിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം തെണ്ടി എന്ന് വിളിക്കുന്നതാണ്' എന്ന്. ശങ്കരന്‍കുട്ടി സിദ്ദിഖ് അവതരിപ്പിച്ച രഘുവിനോട് പറയുന്ന ഡയലോഗാണത്. എന്റെ സ്വഭാവത്തെ കളിയാക്കാം, പക്ഷെ ശാരീരികാവസ്ഥയെ അങ്ങനെ കളിയാക്കരുത് എന്നാണ് ആ കഥാപാത്രം പറയുന്നത്. അത് ഇന്നത്തെ കാലം സംസാരിക്കുന്ന വിഷയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ ആ വരികളെ കുറിച്ച് ആലോചിക്കുമ്പോള്‍ രഞ്ജിത്ത് മുന്‍കൂട്ടി കണ്ട് എഴുതിയത് പോലെ തോന്നുന്നു.
വല്ല്യേട്ടന്‍ റീറിലീസ് തിയേറ്റര്‍ അനുഭവം
റീറിലിസിന്റെ ആദ്യ ദിവസം തന്നെ തിയേറ്റില്‍ പോയി കണ്ടിരുന്നു. കാണികള്‍ വലിയ കയ്യടിയും ചിരിയുമായിരുന്നു. 2000ത്തില്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ സിനിമയെ കുറിച്ച് ഒന്നും അറിയാതെയാണല്ലോ തിയേറ്റില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ സീനും ഡയലോഗുകളും അറിയാവുന്ന പ്രേക്ഷകരാണ് വീണ്ടും കാണാന്‍ എത്തിയിരിക്കുന്നത്. ഡയലോഗിന് മുന്‍പേ കയ്യടികള്‍ ഉയരുന്നുണ്ടായിരുന്നു.
പല തവണ ടെലിവിഷനില്‍ കണ്ടതാണെങ്കിലും ആളുകള്‍ ഏറെ ആവേശത്തോടെയാണ് ചിത്രം കണ്ടത്. പല പുതിയ സിനിമകളേക്കാള്‍ പുതിയതാണല്ലോ വല്ല്യേട്ടന്‍ എന്ന് വരെ എനിക്ക് തോന്നിപ്പോയി. ആളുകള്‍ ഇങ്ങനെയൊരു സിനിമക്കായി കൊതിച്ചിരിക്കുകയായിരുന്നു.
ഷാജി സാറിന്റെ ക്ലാസ് ഷോട്ടുകള്‍ ചിത്രത്തിലുണ്ട്. ഷോട്ട് ബ്യൂട്ടിയ്ക്ക് വേണ്ടിയല്ല, കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് അദ്ദേഹം ക്രെയ്‌നും മറ്റും ഉപയോഗിക്കുന്നത്. ഓരോ ഫ്രെയ്മും അങ്ങനെയാണ്, അവയെല്ലാം ഏറെ സുന്ദരവുമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ഒരു പഴഞ്ചന്‍ സിനിമ കാണുന്ന അനുഭവമല്ല വല്ല്യേട്ടന്‍ സമ്മാനിക്കുന്നത്.
Content Highlights: Actor Sudheesh talks about his disabled character in Mammootty's Vallyettan after rerelease