ആഷിഖ് അബു സംവിധാനം ചെയ്ത് അനുരാഗ് കശ്യപ്, ദിലീഷ് പോത്തൻ, വിജയരാഘവൻ തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമയാണ് റൈഫിൾ ക്ലബ്. ഒരു ആക്ഷൻ കോമഡി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമക്ക് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമാണ് കിരൺ പീതാംബരൻ അവതരിപ്പിച്ച രാപ്പാടി എന്ന നിർമാതാവ്. പരിചയമുള്ള ആളുകളുടെ ശൈലി ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടായിരുന്നുവെന്നും കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും കിരൺ പീതാംബരൻ പറഞ്ഞു. പടം കണ്ടിട്ട് വിജയരാഘവൻ സാർ മാറ്റി നിർത്തി നീ ആ കഥാപാത്രം നന്നായി ചെയ്തിട്ടുണ്ട്, ഇനിയും നന്നായി തന്നെ തുടരണം എന്ന് പറഞ്ഞു. അത് വലിയ സന്തോഷം നൽകിയെന്നും കിരൺ പീതാംബരൻ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റൈഫിൾ ക്ലബ്ബിലേക്ക്
കാസ്റ്റിംഗ് ഡയറക്ടർ മിലിന്ദും അസ്സോസിയേറ്റ് ഡയറക്ടർ ബിബിനുമാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. അങ്ങനെ റൈറ്റർ സുഹാസിനെ ചെന്ന് കാണുമ്പോൾ ഈ കഥാപാത്രത്തിന്റെ ഏകദേശ രൂപം അന്ന് പറഞ്ഞിരുന്നു. പിന്നീട് ശ്യാം പുഷ്കരനും ആഷിഖ് അബുവുമായിട്ട് സംസാരിക്കുമ്പോഴാണ് ഈ കഥാപാത്രത്തിന്റെ ഡ്രസ്സ് കോഡും മറ്റും പറഞ്ഞു തരുന്നത്. നമ്മൾ കണ്ടിട്ടുള്ള കുറച്ച് ആളുകളുടെ ശൈലി ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അയാളുടെ സംസാരശൈലിയൊക്കെ നമുക്ക് പരിചയമുള്ള ആളുടെ ഓർമയിൽ നിന്ന് ചെയ്തതാണ്. കഥാപാത്രത്തിന്റെ സ്വീകാര്യതയെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. ഇതുവരെ ചെയ്ത സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായ വേഷമായിരുന്നു റൈഫിൾ ക്ലബ്ബിലേത്. ചെയ്യുന്ന സമയത്തും അവർ പറയുന്നുണ്ടായിരുന്നു, നന്നായിട്ടുണ്ടെന്ന്. ചില ഭാഗങ്ങളിലൊക്കെ തീയേറ്ററിൽ ആളുകൾ ചിരിക്കുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോൾ സന്തോഷമായി. എനിക്ക് വലിയ സന്തോഷം തോന്നിയത് വിജയരഘവൻ സാർ പടം കണ്ടിട്ട് മാറ്റി നിർത്തി നീ ആ കഥാപാത്രം നന്നായി ചെയ്തിട്ടുണ്ട്, ഇനിയും നന്നായി തന്നെ തുടരണം എന്നൊക്കെ പറഞ്ഞപ്പോഴാണ്.. അദ്ദേഹത്തെപ്പോലുള്ള ഒരാൾ അങ്ങനെ പറയുന്നത് ഒരു സന്തോഷമല്ലേ? കാരണം 40 വർഷത്തിന് മേലെ എക്സ്പീരിയൻസ് ഉള്ള ആൾ അല്ലേ അദ്ദേഹം? പിന്നെ സിനിമയിലുള്ള പരിചയമുള്ള ആളുകൾ സിനിമ കണ്ടിട്ട് വിളിച്ചിരുന്നു.
'രക്തരൂഷിതവും അക്രമനിബിഡ'വും
ഡയലോഗിനെക്കുറിച്ച് ശ്യാം പുഷ്ക്കരൻ എന്നോട് പറയുമ്പോൾ അവർ പറഞ്ഞ മീറ്റർ ഞാൻ പിടിച്ചെന്നേ ഉള്ളു. ആ കഥാപാത്രത്തിന് ഒരു സ്റ്റൈൽ ഉണ്ട്. അദ്ദേഹത്തിന് എങ്ങനെയെങ്കിലും ആ താരത്തിനെ വേട്ടമൃഗം എന്ന സിനിമയിലേക്ക് കൊണ്ടുവരണം. അതിനായിട്ട് അയാളുടെ ഉമ്മയെ കൺവിൻസ് ചെയ്യുമ്പോൾ ഉണ്ടാകേണ്ട ഒരു സ്റ്റൈലിനെ ആലോചിച്ചാണ് ഡയലോഗുകൾ പറഞ്ഞത്. കയ്യിൽ കർചീഫ് പിടിച്ചിട്ടുള്ള അയാളുടെ സംസാരമൊക്കെ ശ്യാം പുഷ്‌കരന്റെ സജഷൻ ആയിരുന്നു. അങ്ങനെ പിടിച്ച് സംസാരിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാകുമല്ലോ. ആ ഡയലോഗ് മോഡുലേഷൻ ഒക്കെ അങ്ങനെ തന്നെ പറയണമെന്ന് അവർ പറഞ്ഞുതന്നിരുന്നു.
സിനിമ മോഹം
സിനിമാ മോഹം വളരെ കാലമായി കൊണ്ടുനടന്നിരുന്ന ആളായിരുന്നു ഞാൻ. ഒരു സെയിൽസ് മാൻ ആണ് ഞാൻ. പഠിക്കുന്ന സമയത്തേ സിനിമ ആഗ്രഹം ഉണ്ടായിരുന്നു. പിന്നീട് ജോലി ഒക്കെ കിട്ടി കുടുംബവും പ്രാരാബ്ദവുമൊക്കെ ആകുമ്പോൾ നമ്മൾ മോഹങ്ങളൊക്കെ ഒതുക്കി വയ്ക്കുമല്ലോ. അങ്ങനെ എൽജിയിൽ വർക്ക് ചെയ്യുമ്പോൾ അർഷദ് അലി എന്ന സുഹൃത്താണ് ഈ സിനിമയിലെ ആളുകളിലേക്ക് ഒക്കെ എന്നെ എത്തിച്ചു തരുന്നത്. അങ്ങനെയാണ് സൈജു ശ്രീധരൻ, ശ്യാം പുഷ്കരനെയൊക്കെ പരിചയപ്പെടുന്നത്. അവർക്കൊക്കെ അറിയാം നമുക്ക് അഭിനയം ഇഷ്ടമാണെന്ന്. അങ്ങനെ വലിയപെരുന്നാൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ജെയിംസ് ഇല്യ എന്ന ആക്ടർ ആണ് എന്നെ മാലിക്കിന്റെയും നായാട്ടിന്റെയും ഒഡിഷനിലേക്ക് പറഞ്ഞു വിടുന്നത്. അങ്ങനെ മാലിക്കിൽ സി എ രാജശേഖരൻ എന്ന നെഗറ്റീവ് കഥാപാത്രവും നായാട്ടിൽ രാഷ്ട്രീയ നേതാവിന്റെ കഥാപാത്രവും ചെയ്യാൻ കിട്ടുന്നത്. തുടർന്ന് ഇല വീഴാ പൂഞ്ചിറ, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളിൽ അവസരം കിട്ടി.
പൊന്മാൻ, വിലായത്ത് ബുദ്ധ, എമ്പുരാൻ…..
അടുത്തത് ഇനി റിലീസാകാൻ ഉള്ളത് ബേസിൽ ജോസഫ് ചിത്രം പൊന്മാൻ ആണ്. അതിൽ ചെറിയൊരു വേഷം ഞാൻ ചെയ്തിട്ടുണ്ട്. നീരജ് മാധവ്, ഗൗരി കിഷൻ ഒക്കെ അഭിനയിക്കുന്ന ഹോട്ട്സ്റ്റാർ വെബ് സീരീസ് ആയ ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന സീരിസിൽ ഞാൻ അഭിനയിക്കുന്നുണ്ട്. വാശി സംവിധാനം ചെയ്ത വിഷ്ണു രാഘവ് ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. അതിൽ നായികയുടെ അച്ഛന്റെ വേഷമാണ് ചെയ്യുന്നത്. ടോക്സിക് അച്ഛനായിട്ടുള്ള ഒരു കഥാപാത്രമാണത്. കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലും ചെറിയൊരു വേഷം ചെയ്തു. പിന്നെ വിലായത്ത് ബുദ്ധ, എമ്പുരാൻ എന്നീ സിനിമകളിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.
Content Highlights: Actor Kiran Peethambaran talks about Rifle Club character