![search icon](https://www.reporterlive.com/assets/images/icons/search.png)
ആരും നായകന്മാരില്ല… ആരും വില്ലന്മാരുമില്ല… എല്ലാം സാധാരണ മനുഷ്യർ മാത്രം… ജ്യോതിഷ് ശങ്കർ ഒരുക്കിയ പൊൻമാൻ എന്ന സിനിമയിലെ ഓരോ കഥാപാത്രത്തെയും അങ്ങനെ വിശേഷിപ്പിക്കാം. ചിത്രം വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ ഏറെ കൈയ്യടി നേടുന്ന ഒരു കഥാപാത്രമുണ്ട്, മകളുടെ ജീവിതം സുരക്ഷിതമാക്കാൻ, കല്യാണരാത്രിയിൽ അജേഷിനോട് കെഞ്ചി അപേക്ഷിക്കുന്ന ആഗ്നസ് എന്ന 'അമ്മ'. ലിജോമോൾ അവതരിപ്പിച്ച സ്റ്റെഫിയുടെ അമ്മയായെത്തിയത് നാടകാചാര്യൻ ഒ മാധവന്റേയും അഭിനേത്രി വിജയകുമാരിയുടെയും മകളും നടൻ മുകേഷിന്റെ സഹോദരിയും നടൻ രാജേന്ദ്രന്റെ ഭാര്യയുമായ സന്ധ്യ രാജേന്ദ്രനാണ്.
സിനിമയിലുടനീളം ആ അമ്മ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പ്രേക്ഷകമനസ്സുകളിലും എത്തിക്കാൻ സന്ധ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ മികച്ച സ്വീകാര്യത ലഭിച്ച ആ കഥാപാത്രത്തിന്റെ വിശേഷങ്ങൾ റിപ്പോർട്ടറിനോട് പങ്കുവെക്കുകയാണ് സന്ധ്യ രാജേന്ദ്രൻ.
പൊൻമാനിലേക്ക് എത്തിയത്
പൊൻമാന്റെ സംവിധായകൻ ജ്യോതിഷ് ശങ്കർ വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരുക്കിയ സീരിയലിന്റെ കലാസംവിധായകന്റെ സഹായിയായിരുന്നു. അന്ന് തന്നെ അദ്ദേഹത്തിന്റെ ക്യാലിബർ ഞങ്ങൾക്ക് മനസിലായതുമാണ്. പൊൻമാന്റെ കഥ പറയാൻ വരുമ്പോൾ എനിക്ക് അതിൽ വേഷമുണ്ടെന്ന് അറിയില്ലായിരുന്നു. ഇന്ദുഗോപന്റെ നോവലുമായാണ് ജ്യോതിഷ് ശങ്കർ എന്നെ കാണാൻ വന്നത്. 'ചേച്ചി, ഈ നോവൽ ഞാൻ സിനിമയാക്കാൻ പോവുകയാണ്' എന്ന് ജ്യോതിഷ് പറഞ്ഞു. എന്റെ അനുഗ്രഹം തേടി വന്നതാകാം എന്നാണ് കരുതിയത്. അനുഗ്രഹിക്കാനായി കൈയൊക്കെ ഉയർത്തി നിൽക്കുമ്പോൾ 'ഈ നോവലിലെ ആഗ്നസ് എന്ന കഥാപാത്രം ചേച്ചി തന്നെ ചെയ്യണം, അത് എന്റെ ആഗ്രഹമാണ്' എന്ന് ജ്യോതിഷ് പറഞ്ഞു. ആ വാക്കുകളിലെ ആത്മാർത്ഥതയാണ് ഈ വേഷം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.
ഈ സിനിമ ചിത്രീകരിക്കുന്നത് കൊല്ലത്ത് തന്നെയാണെന്നും അതിനാൽ ചേച്ചിക്ക് ജോലികൾക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടാകില്ല എന്നും ജ്യോതിഷ് എന്നോട് പറഞ്ഞു. കൊല്ലമല്ല, കശ്മീരിലാണെങ്കിലും വന്നു അഭിനയിക്കും എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ആഗ്നസ് ആയപ്പോൾ
നോവൽ വായിച്ചപ്പോൾ തന്നെ വളരെ ഡെപ്ത്തുള്ള കഥാപാത്രമാണിത് എന്ന് മനസ്സിലായി. നമുക്ക് ചുറ്റുമുള്ള നിരവധി അമ്മമാരുടെ പ്രതിനിധി തന്നെയാണ് ആഗ്‌നസ്. അത് എന്നിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.
കൊല്ലം പശ്ചാത്തലമായൊരു സിനിമ
കൊല്ലം എന്ന സ്ഥലം കടലും കായലും മലകളും എല്ലാം ചേർന്ന വൈവിധ്യമാർന്ന സ്ഥലമാണ്. ഇവ മൂന്നുമുള്ള വേറൊരു ജില്ലയുണ്ടോ എന്നത് സംശയമാണ്. ഈ സംസ്കാരമല്ലാം ഓരോ കൊല്ലംകാരനും അറിയാവുന്നതാണ്. നൂറ് ആഗ്നസ്‌മാരെയാണ് നമ്മൾ ഓരോ ദിവസവും കാണുന്നത്. അതിനാൽ അവരുടെ വൈകാരിക തലം നമുക്ക് മനസിലാകും. അതുപോലെ പി പി അജേഷ് എന്ന കഥാപത്രം, ആരുടെയുള്ളിലാണ് ഒരു പി പി അജേഷ് എന്ന കഥാപാത്രം ഇല്ലാത്തത്. അതിനെ ഉണർത്തി ജീവിതത്തോട് പൊരുതുക എന്നതാണ്.
ആദ്യം ചിത്രീകരിച്ച രംഗം
സിനിമയിൽ ഏറ്റവും മർമ പ്രധാനമായ രംഗങ്ങളാണ് ആദ്യ ദിവസം ചിത്രീകരിച്ചത്. ഞാൻ ഒരുപാട് വർഷങ്ങൾക്ക് മുമ്പാണ് സ്വരൂപത്തിൽ അഭിനയിച്ചത്. വികെപിയോടുള്ള സൗഹൃദം മൂലമാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിച്ചത്. ഈ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ആദ്യം എനിക്ക് തന്നത് കല്യാണപ്പിരിവ് കുറവാണെന്ന് അജേഷിനോട് പറയുന്ന രംഗമാണ്. അതുപോലെ അജേഷും മകനും തമ്മിൽ അടിയുണ്ടാകുമ്പോൾ തടസ്സം നിൽക്കുന്നത്, ഈ രംഗങ്ങളാണ് ആദ്യം ചെയ്തത്. മൂന്ന് ടേക്ക് വേണ്ടിവന്നു ആദ്യ രംഗത്തിന്. അപ്പോൾ ജ്യോതിഷും ബേസിലും 'കൂളായിട്ട് ചെയ്തത് മതി ചേച്ചി' എന്ന് പറഞ്ഞു. പിന്നെ എന്തായാലും നമ്മൾ ചെയ്തതല്ലേ പറ്റൂ…
ബേസിൽ നൽകിയ പിന്തുണ
ബേസിൽ ജോസഫ് എനിക്ക് വളരെ സപ്പോർട്ട് ആയിരുന്നു. ഒരു കൊമേഴ്സ്യൽ സിനിമ എന്നതിന്റെ ആശങ്ക എന്റെയുള്ളിൽ ഉണ്ടായിരുന്നു. എന്നാൽ ബേസിൽ എന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു. എസ്റ്റാബ്ലിഷ്ഡ് ആയ നായകനും സംവിധായകനാണ് ബേസിൽ. എന്നാൽ എല്ലാവരോടും ബേസിൽ എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയത്.
കയ്യടി നേടുന്ന 'അമ്മ'
പണ്ടത്തെ കഥകളിൽ അമ്മമാരും അച്ഛന്മാരും അമ്മാവന്മാരും കഥാഗതിയിൽ പ്രധാന കഥാപാത്രങ്ങൾക്ക് പിന്തുണ നൽകുന്നവരാണ്. എന്നാൽ ഇന്നത്തെ യുവത്വത്തിന് അതിന്റെ ആവശ്യമില്ലല്ലോ. അവർ തന്നെ തീരുമാനിച്ച്, ശരി-തെറ്റുകൾ അനുഭവിച്ച് അതിൽ നിന്ന് തീരുമാനമെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് പോകുന്നത് . ഇത്തരം 'അമ്മ' കഥാപാത്രങ്ങൾ ഇപ്പോൾ വിരളമായി മാത്രമായാണ് സംഭവിക്കുന്നത്. അത്തരം വേഷങ്ങൾ വരുമ്പോൾ സന്തോഷം.
Content Highlights: Sandhya Rajendran interview about Ponman movie