96ലെ കാതലേ കാതലേ… മുതല്‍ വടക്കനിലെ കേട്ടിങ്ങോ വരെ...| ഭദ്ര രജിന്‍ | അഭിമുഖം

"പാട്ടില്‍ ജെന്യുവിനിറ്റി ഫീല്‍ ചെയ്യണം എന്നായിരുന്നു ബിജിബാല്‍ സാറിന്റെ പ്രധാന നിര്‍ദേശം"

dot image

റിലീസിനൊരുങ്ങുന്ന വടക്കന്‍ എന്ന ചിത്രത്തിലെ കേട്ടിങ്ങോ… എന്ന പാട്ട് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. തെയ്യത്തിന്റെയും തോറ്റം പാട്ടുകളുടെയും ശീലുകളെ ഓര്‍മപ്പെടുത്തുന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഗായിക ഭദ്ര രജിന്‍.

കേട്ടിങ്ങോ… പാട്ടിലേക്ക് വന്ന വഴി

കേട്ടിങ്ങോ പാട്ടിന്റെ വരികള്‍ കേട്ടപ്പോഴേ ഇന്നത്തെ സിനിമാപ്പാട്ടുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്ന് തോന്നിയിരുന്നു. പഴയ മലയാളം ശൈലികളുള്ള പാട്ടാണത്. പക്ഷെ ശ്ലോകങ്ങളൊക്കെ ചൊല്ലി പരിചയമുള്ളതിനാലായിരിക്കാം എനിക്ക് പാടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ബിജിബാല്‍ സാറാണ് ഈ പാട്ടിനായി എന്നെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ സ്വരത്തില്‍ ആദ്യം പാട്ട് അയച്ചുതരികയും പിന്നീട് എനിക്ക് പറ്റുന്ന പിച്ചിലേക്ക് മാറ്റി വീണ്ടും അയക്കുകയുമായിരുന്നു. അത് കേട്ടാണ് പഠിച്ചത്. ബികെ ഹരിനാരായണന്‍ - ബിജിബാല്‍ കൂട്ടുകെട്ടിന്റെ ഏറ്റവും സ്‌പെഷ്യലായ പാട്ടുകളിലൊന്നാണിത്.

ബിജിബാലിനൊപ്പം വീണ്ടും

ബിജിബാല്‍ സാറിനായി ഞാന്‍ നേരത്തെ രണ്ട് പാട്ടുകള്‍ പാടിയിട്ടുണ്ട്. മ്യൂസിക് മോജോയില്‍ ഞാന്‍ പാടിയ രാസയായായോ എന്ന ഗാനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ആദ്യ വ്യക്തികളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഇന്ന് ആ പാട്ടിന് യൂട്യൂബില്‍ 30 മില്യണിലധികം വ്യൂ ഉണ്ട്. ആ പാട്ട് കണ്ടപ്പോഴേ നാടന്‍പാട്ട് ശൈലി എനിക്ക് ചേരുമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകണം. കേട്ടിങ്ങോ...പാട്ടില്‍ ജെന്യുവിനിറ്റി ഫീല്‍ ചെയ്യണം എന്നായിരുന്നു ബിജിബാല്‍ സാറിന്റെ പ്രധാന നിര്‍ദേശം. എന്റെ സ്വരത്തില്‍ അദ്ദേഹത്തിന് അത് തോന്നിയിരിക്കണം. ഞാനൊരു നാടന്‍പാട്ട് കലാകാരിയല്ല, പക്ഷെ നാടന്‍പാട്ടുകള്‍ നന്നായി കൈകാര്യം ചെയ്യുന്നതുകൊണ്ടായിരിക്കണം സാര്‍ എന്നെ ഈ പാട്ടിന് പരിഗണിച്ചത്.

സിനിമാ പിന്നണി ഗാനരംഗത്ത്

96 എന്ന സിനിമയിലെ കാതലേ കാതലേ എന്ന പാട്ടിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ആ പാട്ടിന് മൂന്ന് വേര്‍ഷനുണ്ട്. ചിന്മയി, കല്യാണി മേനോന്‍ എന്നിവരാണ് മറ്റ് രണ്ടെണ്ണം പാടിയത്. മലയാളം,തമിഴ്,തെലുങ്ക്,കന്നട ഭാഷകളിലെല്ലാം ഞാന്‍ പാടിയിട്ടുണ്ട്. ജിവി പ്രകാശ്, ജിബ്രാന്‍, ഗോവിന്ദ് സുന്ദര്‍, ബിജിബാല്‍, ഹിഷാം അബ്ദുള്‍ വഹാബ്, എം ജയചന്ദ്രന്‍, അജനീഷ് തുടങ്ങി നിരവധി സംഗീതസംവിധായകരുടെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.

ഹൃദയത്തിലെ 'പുതിയൊരു ലോകം', വിക്രാന്ത് റാണ എന്ന തെലുങ്ക് ചിത്രത്തിലെ രാ രാ രാക്കമ്മ എന്ന ഗാനത്തിന്റെ മലയാളം വേര്‍ഷന്‍, വെള്ളം സിനിമയിലെ തങ്കമേ എന്നീ ഗാനം എന്നിവയെല്ലാം ഞാന്‍ പാടിയതില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങളാണ്. അവയ്ക്ക് കിട്ടിയ സ്വീകാര്യതയില്‍ ഒരുപാട് സന്തോഷമുണ്ട്. കേട്ടിങ്ങോ.. എന്ന പാട്ടും വടക്കന്‍ എന്ന സിനിമയും ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlights: Singer Badra about Kettingo song from Vadakkan

dot image
To advertise here,contact us
dot image