
പിതാവിന്റെയും പുത്രന്റെയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്, തമോഗോളങ്ങളുടെ എമ്പുരാൻ…
ഈ ഡയലോഗിന് ശേഷം ട്രെയ്‌ലറിൽ 'എമ്പുരാനേ..' എന്ന ഗാനത്തിന്റെ അകമ്പടിയോടെ മോഹൻലാലിനെ കാണിക്കുന്ന ആ നിമിഷം ഏതൊരു മലയാളിക്കും അത് 'GOOSEBUMP MOMENT' തന്നെയാണ്. അതിൽ മോഹൻലാലിന്റെ സ്‌ക്രീൻ പ്രെസൻസിനും ദീപക് ദേവിന്റെ സംഗീതത്തിനുമൊപ്പം ആ വരികൾ പാടിയ ശബ്ദത്തിനും പങ്കുണ്ട്.
'ആരാണ് അത് പാടിയത്' എമ്പുരാൻ ട്രെയ്‌ലർ റിലീസിന് പിന്നാലെ നിരവധി പേർ ഉന്നയിച്ച ചോദ്യമാണത്. മുരളി ഗോപി മുതൽ ജേക്സ് ബിജോയ് വരെയുള്ളവരുടെ പേരുകൾ അതിന് ഉത്തരമായി കേട്ടു. എന്നാൽ അവർ ആരുമല്ല, പിന്നണിഗായകൻ ആനന്ദ് ശ്രീരാജാണ് ആ ശബ്ദത്തിന് ഉടമ. എമ്പുരാൻ ട്രെയ്‌ലറിനെ അതിന്റെ പീക്കിൽ എത്തിച്ച ഗായകൻ ആനന്ദ് ശ്രീരാജ് സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടറുമായി പങ്കുവെക്കുന്നു.
ദീപക് ദേവിലേക്ക്… അതുവഴി എമ്പുരാനിലേക്ക്
കോവിഡിന് മുന്നേയാണ് ദീപക്കേട്ടനെ (ദീപക് ദേവ്) കാണുന്നത്, ബിഗ് ബ്രദർ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ വെച്ച്. അവിടെ ദീപക്കേട്ടന്റെ ബാൻഡിന്റെ പെർഫോമൻസ് ഉണ്ടായിരുന്നു. അതിൽ പെർഫോം ചെയ്യാൻ ഒരാളെ വേണമെന്ന് പറഞ്ഞപ്പോഴാണ് ഞാൻ അങ്ങോട്ട് പോകുന്നത്. ഞാൻ അപ്പോൾ എംബിഎ ചെയ്യുന്ന സമയമാണ്. ആദ്യം മീറ്റ് ചെയ്തപ്പോൾ അദ്ദേഹം എന്നോട് 'എമ്പുരാനെ…', 'കടവുളേ പോലെ…' എന്നീ പാട്ടുകൾ പാടുവാൻ ആവശ്യപ്പെട്ടു. അത് പാടിയത് കേട്ടപ്പോൾ ഇഷ്ടമായ അദ്ദേഹം എന്നോട് ബാൻഡിൽ ജോയിൻ ചെയ്യാൻ പറഞ്ഞു. അന്ന് മുതലേ 'നിനക്ക് ഒരു പവർഫുൾ സംഭവം കരുതിവെച്ചിട്ടുണ്ട്' എന്ന് ദീപക്കേട്ടൻ പറയുമായിരുന്നു. അതായിരുന്നു എമ്പുരാനിലെ പാട്ട്.
ട്രെയ്‌ലറിൽ കരുതിവെച്ച സർപ്രൈസ്
ട്രെയ്‌ലറിൽ എന്റെ വോയിസ് ഉണ്ടാകുമെന്നതിനെക്കുറിച്ച് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. ട്രെയ്‌ലർ റിലീസ് സമയത്ത് ഞാനും ട്രെയ്ലർ കാണുന്നതിനാണ് കാത്തിരുന്നത്. എന്നാൽ ട്രെയ്‌ലർ വന്നപ്പോൾ ലിറ്ററലി എന്റെ കിളി പോയ അവസ്ഥയായിരുന്നു… എന്റെ കണ്ണ് നിറഞ്ഞു. അതൊരു വല്ലാത്ത മൊമെന്റ് ആയിരുന്നു. ഞാൻ രാത്രി ഒന്നരയ്ക്കാണ് ട്രെയ്‌ലർ കാണുന്നത്. എന്റെ വോക്കൽ കേട്ടയുടൻ ഞാൻ അച്ഛനെ വിളിച്ച് എഴുന്നേൽപ്പിച്ച് അദ്ദേഹത്തെയും ഇത് കേൾപ്പിച്ചു. അച്ഛനും ഇമോഷണലായി. സിനിമയുടെ പാർട്ടാണ് എന്ന് എനിക്കറിയാം. എന്നാൽ ട്രെയ്‌ലറിൽ എന്റെ ശബ്ദം കേൾക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. അത് ദൈവാനുഗ്രഹമായാണ് കാണുന്നത്.
ഉഷ ഉതുപ്പിന്റെ 'എമ്പുരാനെ…' വേർഷൻ
ഉഷ മാഡം (ഉഷ ഉതുപ്പ്) പാടിയ ഗാനത്തിന്റെ മറ്റൊരു വേർഷൻ പാടുക എന്നത് അത്ര പ്രഷറുള്ള കാര്യമായിരുന്നില്ല. കാരണം ദീപക്കേട്ടൻ എന്നോട് പറഞ്ഞിരുന്നു, ആ വേർഷൻ നോക്കേണ്ട. ഇത് വേറൊരു വേർഷനാണെന്ന്. 'എനിക്ക് വേണ്ടത് നിന്റെ കയ്യിലുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു. ആ ഗാനം ഒരുക്കിയ വ്യക്തിക്ക് എന്നിൽ കോൺഫിഡൻസ് ഉണ്ടെങ്കിൽ ഞാൻ ടെൻഷനടിക്കേണ്ട കാര്യമില്ലല്ലോ. അതായിരുന്നു എന്റെയും ധൈര്യം. ഞാൻ എന്റെ മാക്സിമം ആ ഗാനത്തിന് നൽകിയിട്ടുണ്ട്.
ട്രെയ്‌ലർ റിലീസിന് മുന്നേ ദീപക് ദേവിന് നേരെ വന്ന ട്രോളുകൾ
ദീപക്കേട്ടനെ ഇതൊന്നും ഒരിക്കലും ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം മലയാള സിനിമയുടെ മ്യൂസിക് രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നയാളാണ്. കഴിഞ്ഞ രണ്ടു വർഷത്തോളമായി അദ്ദേഹം ഈ സിനിമയുടെ പിന്നാലെയാണ്. ഈ കാലയളവിൽ അദ്ദേഹം തലവൻ മാത്രമാണ് ചെയ്തത്. മറ്റെല്ലാ സിനിമകളും അദ്ദേഹം ഉപേക്ഷിച്ചു. വലിയ മുന്നൊരുക്കങ്ങളാണ് ഈ സിനിമയ്ക്കായി അദ്ദേഹം ചെയ്തത്. ദീപക്കേട്ടൻ വേണ്ട എമ്പുരാന്റെ മ്യൂസിക് മറ്റാരെങ്കിലും ചെയ്താൽ മതി എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് എമ്പുരാന്റെ ട്രെയ്‌ലർ. അതിലുണ്ട് എല്ലാം.
എമ്പുരാന്റേത് ഇന്റർനാഷണൽ ലെവൽ മ്യൂസിക്
ഞാൻ വർക്ക് ചെയ്ത അനുഭവം വെച്ച് തീർത്തും എപിക് എസൻസാണ് എമ്പുരാന്റെ മ്യൂസിക്കിൽ ഉള്ളത്. ഓൾഡ് സ്‌കൂളും മോഡേൺ എലമെന്റ്സും മിക്സ് ചെയ്ത് തീർത്തും ഇന്റർനാഷണൽ നിലവാരത്തിലുള്ള മ്യൂസിക് ആയിരിക്കും സിനിമയുടേത്. ലിറ്ററലി, ഒരു ഹോളിവുഡ് സിനിമ പോലെയാണ് അവർ എമ്പുരാൻ എടുത്തിരിക്കുന്നത്. ദീപക്കേട്ടൻ ആ നിലവാരത്തിൽ തന്നെയാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. ഒരു ഫാൻ എന്ന നിലയിൽ പറയുകയാണ് 'തിയേറ്റർ കത്തും'.
Content Highlights: Anand Sreeraj talks about Empuraan music