ഒറ്റയ്ക്ക് തിളങ്ങി ദുല്ഖര്; ഒപ്പം ഓടിയെത്താത്ത ‘കൊത്ത’

കൊത്തയില് മുഖ്യമായും ഇല്ലാത്തത് പുതുമ തന്നെയാണ്. നിറയെ ആക്ഷനുകളുള്ള സിനിമയില് ഓര്ത്തുവയ്ക്കാവുന്ന നല്ല ആക്ഷന് സീക്വന്സുകളുണ്ടോ..? ഇല്ലെന്നുതന്നെയാകും ഭൂരിപക്ഷ മറുപടി. സിനിമയുടെ മുക്കാൽ ഭാഗത്തോളം ആക്ഷൻ രംഗങ്ങൾ തന്നെയാണ്. പക്ഷേ അതിലൊന്നും അസാധാരണത്വം അനുഭവപ്പെടുന്നില്ല.

സ്വാതി രാജീവ്
2 min read|24 Aug 2023, 09:03 pm
dot image

ഭൂമിയുടെ ഏത് കോണിലുണ്ട് ഇങ്ങനൊരു പട്ടണമെന്ന് ആശ്ചര്യം തോന്നുന്ന മട്ടിലൊരു നാട്. നരച്ച മണ്ണും നരച്ച കെട്ടിടങ്ങളും മയക്കുമരുന്നിലും ഗുണ്ടായിസത്തിലും അഭിരമിക്കുന്ന കുറേ ചെറുപ്പക്കാരും എല്ലാത്തിനും സാക്ഷിയായി കുറേ പാവം ജനങ്ങളും. പച്ചപ്പു കാണാത്ത ആ നാടിന്റെ കഥയാണ് പാന് ഇന്ത്യന് കണ്ണില് ദുല്ഖര് സല്മാന് നിര്മ്മിച്ച്, അഭിനയിച്ച 'കിംഗ് ഓഫ് കൊത്ത'. കൊത്ത കണ്ടുതീരുമ്പോള് പക്ഷേ സിനിമയ്ക്ക് നമുക്ക് ഇങ്ങനെയൊക്കെ തലക്കെട്ടിടാനേ തോന്നൂ: വിയര്ത്ത് പണിയെടുത്ത ദുല്ഖര് സല്മാനൊപ്പം ഓടിയെത്താത്ത തിരക്കഥ. തിരക്കഥയിലും സംഭാഷണത്തിലും പലയിടത്തും രസം കെട്ടുപോയൊരു സിനിമയായി മാറുന്നു 'കിംഗ് ഓഫ് കൊത്ത'. വൈകാരിക രംഗങ്ങളിലടക്കം ദുല്ഖര് അസാമാന്യമായ മികവ് കാട്ടുമ്പോള് രണ്ടാം പകുതിയുടെ അവസാനത്തെ അരമണിക്കൂറുള്ള കഥയുടെ പോക്ക് പലവഴി ചിതറിത്തെറിച്ചുപോകുന്നു.

കേരളത്തിന് പുറത്തോ അകത്തോ ഉള്ള ചേരി സമാനമായ പ്രദേശമാണ് കൊത്ത. ഇടയ്ക്കിടക്ക് കഥാപാത്രങ്ങള് കൊച്ചിയെന്ന നാടിനെപ്പറ്റി പറയുന്നത് മാത്രമാണ് പ്രദേശസൂചന തരുന്ന ഘടകം. എന്നാൽ ഇവിടെ താമസിക്കുന്നവരെല്ലാം മലയാളികളാണ്. 1986ലും പിന്നെ 1996ലുമാണ് കഥ നടക്കുന്നത്. കൊത്ത ഭരിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്. ലഹരി മാഫിയ അരങ്ങുവാഴുന്നയിടം. കണ്ണൻ ഭായിയും അയാളുടെ സംഘവും അടക്കി വാഴുന്ന കൊത്തയിലേക്ക് പുതിയതായി എത്തുന്ന സി.ഐ ഷാഹുലിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കൊത്തയിലേക്ക് എത്തും മുമ്പ് തന്നെ ആ പ്രദേശത്തെക്കുറിച്ച് ഏകദേശ ചിത്രം അയാൾക്കുണ്ട്. പക്ഷേ ആ നാട് അങ്ങ് വേഗം നന്നാക്കിയെടുക്കാം എന്ന അമിത ആത്മവിശ്വാസത്തോടെയാണ് അയാൾ അവിടേക്ക് എത്തുന്നത്.

സിനിമ തുടങ്ങി ആദ്യ അരമണിക്കൂർ കഴിഞ്ഞാണ് ദുൽഖറിന്റെ കൊത്ത രാജു സ്ക്രീനിലെത്തുന്നത്. അതുവരെ കണ്ണൻ ഭായിയുടെയും കൂട്ടരുടെയും ക്രൂരതയും ഭീകരതയും വെളിവാക്കാനുള്ള ശ്രമം. പിന്നെ രാജു ആരാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമം. അതിനിടയിൽ രാജുവിന്റെ പ്രണയവും അതിലുള്ള സംഭവവികാസങ്ങളും. ഇവിടെയെല്ലാം ബാക്കിയാകുന്ന ചില ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ. മുമ്പേ പ്രവചിക്കാവുന്ന ട്വിസ്റ്റുകൾ. മൂന്ന് മണിക്കൂർ നീളുന്ന സിനിമയിൽ കോരിത്തരിപ്പിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന മൂന്നോ നാലോ രംഗങ്ങൾ. പതിഞ്ഞ താളത്തിൽ വലിച്ചൂ നീട്ടി നീങ്ങുന്ന ഒരു ഗ്യാങ്സ്റ്റർ ഡ്രാമ. ഒറ്റ വാചകത്തിൽ 'കിംഗ് ഓഫ് കൊത്ത'യെ ഇങ്ങനെ വിശേഷിപ്പിക്കാം.

പഴയ കാലഘട്ടത്തിന്റെ പുനരാവിഷ്ക്കാരത്തെ, ചിത്രത്തിന്റെ മേക്കിങ്ങിനെ പ്രശംസിക്കാതെ വയ്യ. മികച്ച കലാസംവിധാനം. അപ്പോഴും പച്ചപ്പില്ലാത്ത നാടോ എന്ന് ചിലര് മൂക്കത്ത് വിരല് വയ്ക്കും. പക്ഷേ ആ പശ്ചാത്തലത്തിൽ നിന്നുള്ള കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പലതും കല്ലുകടിയായി തോന്നിയേക്കാം. പ്രാസഭംഗിയും സാഹിത്യഭംഗിയും കൂട്ടിയപ്പോള് പിടിവിട്ടുപോയ ഡയലോഗുകളുടെ നീണ്ട നിരയുണ്ട് കൊത്തയില്. തിയറ്റർ വിട്ടിറങ്ങിയാൽ മനസ്സിൽ ഓർത്തെടുക്കാൻ പാകത്തിന് ഒരു ഡയലോഗും ഇല്ലാത്ത 'മാസ് സിനിമ'. ഒരു മാസ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും കൊത്തയ്ക്കുണ്ട്. പക്ഷേ അതൊന്നും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നതേ അല്ലാതായി മാറുന്നിടത്താണ് കൊത്ത ഒരിടത്തും സന്തോഷവും ആവേശവും തരാത്ത സിനിമയാകുന്നത്. കൊത്തയില് മുഖ്യമായും ഇല്ലാത്തത് പുതുമ തന്നെയാണ്. നിറയെ ആക്ഷനുകളുള്ള സിനിമയില് ഓര്ത്തുവയ്ക്കാവുന്ന നല്ല ആക്ഷന് സീക്വന്സുകളുണ്ടോ..? ഇല്ലെന്നുതന്നെയാകും ഭൂരിപക്ഷ മറുപടി. സിനിമയുടെ മുക്കാൽ ഭാഗത്തോളം ആക്ഷൻ രംഗങ്ങൾ തന്നെയാണ്. പക്ഷേ അതിലൊന്നും അസാധാരണത്വം അനുഭവപ്പെടുന്നില്ല. സിനിമയുടെ അവസാനഭാഗത്തേക്ക് എത്തുമ്പോള് ബിജിഎം ഫാന്സിനെ ആവേശഭരിതമാക്കുന്നുണ്ട്.

ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള മാസ് വേഷം ചെയ്യുന്നു എന്ന ആമുഖത്തോടെയെത്തിയ സിനിമ അവിടെ പ്രേക്ഷകരെ നിരാശരാക്കുന്നില്ല. ആക്ഷൻ രംഗങ്ങളിലും വൈകാരിക സീനുകളിലും ദുൽഖറിലെ കയ്യടക്കം വന്ന അഭിനേതാവിന്റെ മികവ് തെളിഞ്ഞുനില്ക്കുന്നു. ഇടവേളയ്ക്കടുത്ത് അമ്മയായ ശാന്തികൃഷ്ണയ്ക്കൊപ്പമുള്ള നിര്ണായക രംഗത്ത് ദുല്ഖര് ശരിക്കും അമ്പരപ്പിക്കുന്നു. ദുൽഖറിന്റെ പ്രണയിനിയായി എത്തിയ ഐശ്വര്യ ലക്ഷ്മി ആ വേഷം എത്രത്തോളം മികവുറ്റതാക്കി എന്നതിൽ സംശയം ബാക്കി. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളിലും ആ രസതന്ത്രം പ്രേക്ഷകര്ക്ക് രസിച്ച മട്ടില്ല. ‘കലാപക്കാരാ..’ പാട്ടില് മാത്രം കാണുന്ന ദുൽഖർ സൽമാൻ- റിതിക ഷെട്ടി കെമിസ്ട്രി കാഴ്ചയിൽ മികച്ച് നിന്നു. ദുല്ഖറിനൊപ്പം തോള്ചേര്ന്നുനിന്ന് കണ്ണന്ഭായിയായ ഷബീർ കല്ലറയ്ക്കലിന്റെ പ്രകടനം നമ്മുടെ സമീപകാല സിനിമയിലെ ഏറ്റവും നല്ല അനുഭവമാകുന്നു.

ആദ്യ സിനിമ എന്ന നിലയിൽ സംവിധായകൻ അഭിലാഷ് ജോഷി വിജയം കണ്ടിട്ടുണ്ട്. മേക്കിങ്ങിലടക്കം നല്ല സംവിധായകന്റെ കൈപ്പാടുകള് കാണാം. ആരാധകർക്ക് ആഘോഷിക്കാൻ വകയുള്ള സിനിമ ഒരുക്കിയിട്ടുണ്ട് ജോഷിയുടെ മകന്. ശക്തമായ തിരക്കഥയും പ്രവചനാതീതമായ ട്വിസ്റ്റുകളും ആവശ്യപ്പെടുന്നുണ്ട് ഈ സിനിമ. അത് കിട്ടാതെ പോയിടത്ത് കൊത്ത മറ്റൊരു സിനിമ മാത്രമാകുന്നു.

ഒന്നുകൂടി പറയണം. ദുല്ഖര് ഈ സിനിമയിലൂടെ മലയാളം ഇന്ഡസ്ട്രിക്ക് മുന്നില് തുറന്നിട്ടത് വലിയ ലോകമാണ്. മമ്മൂട്ടിയും മോഹന്ലാലും ആ കാര്യത്തില് ഈ നിമിഷം ദുല്ഖര് എന്ന ‘പാന് ഇന്ത്യന് താര’ത്തിന്റെ പിന്നില് തന്നെ നില്ക്കണം. ഈ സിനിമ ഒറ്റദിവസം കൊണ്ട് രാജ്യമാകെ നേടിയ കളക്ഷനും ആള്ക്കൂട്ടവും അത്ര വലുതാണ്. നടന് എന്ന നിലയിലും നിര്മാതാവ് എന്ന നിലയിലും അതിനായി പാടുപെട്ട ദുല്ഖറിനൊപ്പം നിന്നില്ല പക്ഷേ കൊത്തയിലെ എഴുത്തുകാരനും സംവിധായകനും അവര് പണിതിട്ട ലോകവും. സിനിമയുടെ സെറ്റുപോലെ കെട്ടിപ്പൊക്കിയ ഈ ഹൈപ്പില്ലായിരുന്നെങ്കില് കൊത്ത കൊള്ളാവുന്ന സിനിമയാണ്; ഒരുവട്ടം കാണാന് കൊള്ളാവുന്ന സിനിമ.

dot image
To advertise here,contact us
dot image