'ലാലേട്ടൻ അങ്ങനെ പൊയ്പോവൂല്ല';ജീത്തുവിന്റെ മേക്കിംഗില് മോഹന്ലാലിന്റെ ഗംഭീര മടങ്ങിവരവ്,നേര് റിവ്യു

തുടക്കം മുതല് അവസാനം വരെ പ്രേക്ഷകനെ ഒരുതരത്തിലും മടുപ്പിക്കാതെ പിടിച്ചിരുത്താന് നേരിന് സാധിച്ചിട്ടുണ്ട്. നേരിന്റെ മേല് മൂടിയ ഇരുട്ടിന് നേരെയുള്ള നീതിയുദ്ധമാണ് രണ്ടര മണിക്കൂര് ജീത്തു ഒരുക്കി വെച്ചിട്ടുള്ളത്.

അമൃത രാജ്
2 min read|21 Dec 2023, 06:05 pm
dot image

വമ്പന് ട്വിസ്റ്റുകളോ ആകാംക്ഷയുടെ മുള്മുനയില് നിര്ത്തുന്ന നിമിഷങ്ങളോ മാസ് ഡയലോഗുകളോ ഇല്ലാത്ത ഒരു ചെറിയ വലിയ മോഹന്ലാല് ചിത്രമാണ് ജീത്തു ജോസഫിന്റെ നേര്. ഒരു സൂപ്പര്സ്റ്റാര് ചിത്രത്തിന് സാധരണയായി ഉണ്ടാകാറുള്ള ഹൈപ്പുകള് നേരിന് നല്കേണ്ടതില്ല എന്ന് സംവിധായകന് ആവര്ത്തിച്ചു പറഞ്ഞുവെങ്കിലും ജീത്തു-മോഹന്ലാല് കൂട്ടുകെട്ട് തന്നെയാണ് നേരിന് ലഭിച്ച ഏറ്റവും വലിയ ഹൈപ്പ് എന്നതാണ് സത്യം. ഏറെ നാളുകള്ക്ക് ശേഷം മോഹന്ലാലിന്റെ തിരിച്ചുവരവ് ആരാധകര്ക്ക് ആഘോഷിക്കാനാകും വിധമാണ് നേര് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത് എന്ന കാര്യത്തില് സംശയമില്ല.

ജീത്തുവിന്റെ 'കോര്ട്ട് റൂം പ്ലസ് ഇമോഷണല് ഡ്രാമ ഡ്രൈവ്' എന്നു വിളിക്കാം ഈ ചിത്രത്തെ. തുടക്കം മുതല് അവസാനം വരെ പ്രേക്ഷകനെ ഒരുതരത്തിലും മടുപ്പിക്കാതെ പിടിച്ചിരുത്താന് നേരിന് സാധിച്ചിട്ടുണ്ട്. നേരിന്റെ മേല് മൂടിയ ഇരുട്ടിന് നേരെയുള്ള നീതിയുദ്ധമാണ് രണ്ടര മണിക്കൂര് ജീത്തു ഒരുക്കി വെച്ചിട്ടുള്ളത്.

തെളിവുകളും സാക്ഷികളും ഇല്ലാത്ത കേസില് ജാമ്യം വാങ്ങി പുറത്തെത്തുന്ന പ്രതിക്കായി വാദിക്കുന്നത് സുപ്രീം കോടതിയിലെ തന്നെ പ്രമുഖ അഭിഭാഷകനായ രാജശേഖര് (സിദ്ധിഖ്). എല്ലാ അഭിഭാഷകരും വാദിയുടെ കേസ് ഏറ്റെടുക്കാന് മടിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് അഡ്വ. വിജയമോഹനിലേക്ക് (മോഹന്ലാല്) കഥയെത്തുന്നത്. ഈ ജോലിയ്ക്ക് താന് ഫിറ്റല്ല എന്ന് തീരുമാനിച്ച് സ്വയം ഉള്വലിഞ്ഞ് നില്ക്കുന്ന വിജയമോഹന് വാദിയുടെ കേസ് ഏറ്റെടുക്കുകയും നീതിപീഠത്തിന് മുന്നില് സത്യം തെളിയിക്കാനുള്ള തീര്ത്തും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്നതുമാണ് നേര് പറഞ്ഞ് വയ്ക്കുന്നത്.

വിജയം മാത്രം കണ്ട വക്കീലല്ല വിജയമോഹന്. തീരുമാനങ്ങളില് പിഴവ് വരുന്ന, പരാജയങ്ങള് നിരവധി കണ്ട ഒരു അഭിഭാഷകനായാണ് വിജയമോഹനെ ജീത്തു അവതരിപ്പിച്ചിരിക്കുന്നത്. മോഹന്ലാല് പരാജയപ്പെടുമോ എന്നതിനപ്പുറത്തേക്ക് വിജയമോഹന് പരാജയപ്പെടുമോ എന്ന് പ്രേക്ഷകരേക്കൊണ്ട് ചിന്തിപ്പിക്കാന് സിനിമയ്ക്ക് സാധിച്ചു എന്നിടത്താണ് സംവിധായകന്റെ, മോഹന്ലാല് എന്ന നടന്റ വിജയം. ഇതിന് മുന്പും അഭിഭാഷക വേഷങ്ങളില് മോഹന്ലാല് തിളങ്ങിയിട്ടുണ്ടെങ്കിലും അഡ്വ. വിജയമോഹന് വേറിട്ട് നില്ക്കുന്ന, അദ്ദേഹം ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ രീതിയില് നിന്ന് മാറി നില്ക്കുന്നതാണ്.

സിനിമയുടെ മറ്റൊരു നട്ടെല്ലാണ് അനശ്വര രാജന് അവതരിപ്പിച്ച സാറയുടേത്. കാഴ്ച പരിമിതിയുള്ള ഒരു പെണ്കുട്ടിയുടെ പോരാട്ടം എന്നതിനപ്പുറം താന് കടന്നുപോകുന്ന മാനസിക സംഘര്ഷങ്ങളെയും നിസഹായവസ്ഥകളെയും മനോഹരമായി അനശ്വര അവതരിപ്പിച്ചിട്ടുണ്ട്. കാഴ്ച പരിമിതിയുള്ള വ്യക്തികളുടെ മാനറിസങ്ങള്, സ്പര്ശനത്തിലെ പ്രത്യേകത, ശബ്ദങ്ങളെ ശ്രദ്ധിക്കുന്ന രീതി എന്നിങ്ങനെ വളരെ ചെറിയ ഡീറ്റൈലിങ്ങുപോലും മെച്വറായി അനശ്വര കൈകാര്യം ചെയ്തിട്ടുണ്ട്. അനശ്വരയുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമാവുകയാണ് സാറ എന്ന് പറയാം.

നെഗറ്റീവ് റോളുകളില് മികച്ച പ്രകടനം കാഴ്ചവെച്ച സിദ്ധിഖിന്റെ രാജശേഖര് സിനിമയ്ക്ക് ബലം നല്കുന്ന മറ്റൊരു കഥാപാത്രമാണ്. തന്റെ കക്ഷി, അതിനി എത്ര വലിയ ക്രിമിലാണെങ്കിലും രക്ഷപെടുത്താനുള്ള എല്ലാ വിദ്യകളും, പറ്റുമെങ്കില് അതിന് വേണ്ടി ഒരു ക്രിമിനലാകാനും തയ്യാറായ അഡ്വ. രാജശേഖറിനോട് പ്രേക്ഷകന് തോന്നുന്ന ദേഷ്യം, സിദ്ധിഖ് കഥാപാത്രത്തെ ഉള്ക്കൊണ്ടു എന്നതിനുദാഹരണമാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ ജഗദീഷും പ്രിയാമണിയും ഗണേഷ് കുമാറും മായദേവിയുമെല്ലാം കഥാപാത്രങ്ങളോട് നീതി പുലര്ത്തിയിട്ടുണ്ട്.

നടിയും അഭിഭാഷകയുമായ ശാന്തി മായദേവിയാണ് നേരിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് സിനിമകളെ അപേക്ഷിച്ച് നേരിലെ കോടതി മുറിയ്ക്ക് തന്നെയൊരു നേരുണ്ട്. സാധാരണ സിനിമയില് കാണുന്നതുപോലുള്ള നാടകീയമായ രംഗങ്ങളെയും പ്രകടനങ്ങളെയും ഒഴിവാക്കി യഥാര്ത്ഥ കോടതി മുറിയിലെ അന്തരീക്ഷമൊരുക്കാന് സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും മടുപ്പിക്കുന്നതും വരണ്ടതും കണ്ടിരിക്കാന് താല്പ്പര്യമില്ലാത്തതുമാണ് പൊതുവെ കോര്ട്ട് റൂം ഡ്രാമകള്. എന്നാല് ഒട്ടും ബോറടിപ്പിക്കാതെ, വളരെ ക്ലീനായി കോര്ട്ട് റൂം ഡ്രാമ കൈകാര്യം ചെയ്തു എന്നതില് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പങ്ക് വളരെ വലുതാണ്.

സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട മറ്റൊന്നാണ്. പിഒവി ഷോട്ടുകളും സബജക്ടിന് പ്രാധാന്യം നല്കുന്ന തരത്തിലുള്ള ഫ്രെയിമുകളും കോടതി മുറിയുടെ പ്രാധാന്യം എടുത്തു കാണിക്കുന്ന സീനുകളും ക്ലോസ് ഷോട്ടുകളും സിനിമയ്ക്ക് സംവേദനത്തിന്റെ ആഴം നല്കുന്നു. വി എസ് വിനായകന്റെ എഡിറ്റും വിഷ്ണു ശ്യാമിന്റെ സംഗീതവും നേരിന്റെ ഭംഗി കൂട്ടാന് സഹായിച്ചിട്ടുണ്ട്.

ഒരു സ്ത്രീ ഒറ്റയ്ക്ക് പോരാടാനിറങ്ങുമ്പോള് അവള്ക്ക് ഉണ്ടാകുന്ന പ്രതിബന്ധങ്ങള് നിരവധിയാണ്. അതില് നിന്ന് ഉയര്ത്തെഴുന്നേല്ക്കാന് അവള്ക്ക് ധൈര്യം നല്കുന്നത് ഇവിടുത്തെ നിയമ സംവിധാനമാണ്. എന്നാല് പല സന്ദര്ഭങ്ങളിലും പെണ്കുട്ടികള്ക്ക് നീതി ലഭിക്കാതെ പോയതും നമ്മള് കണ്ടിട്ടുണ്ട്. തെളിവുകളുടെ പഴുതില്ലെന്ന പേരില് അവസാനിപ്പിക്കുന്ന കേസുകള്ക്ക് പിന്നില് ഒളിഞ്ഞിരിക്കുന്ന നേരിന്റെ വെളിച്ചം കണ്ടെത്താനാകാതെ എത്ര പെണ്കുട്ടികള് ഇരുട്ടിലായിട്ടുണ്ട്. നീതി ലഭിക്കാതെ പോയ അവര്ക്കായി ഈ നേര് സമര്പ്പിക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us