മമ്മൂട്ടിയുടെ കരുത്തില് ജയറാമിന്റെ തിരിച്ചു വരവ്; മിഥുന് ബ്രാന്ഡില് ഓസ്ലര്

ഏറെ നാളുകള്ക്ക് ശേഷം ജയറാം എന്ന നടന്റെ തിരിച്ചുവരവും മമ്മൂട്ടിയുടെ കിടിലന് അതിഥി വേഷവും ഒരു ഡീസന്റ് ത്രില്ലറും കാണാന് ആഗ്രഹിക്കുന്നവര്ക്ക് ധൈര്യമായി ഓസ്ലറിന് ടിക്കറ്റെടുക്കാം

dot image

ജയറാം എന്ന നായകന്റെ തിരിച്ചുവരവ്, അത് ഏതൊരു മലയാളിയും കാത്തിരുന്ന ഒന്നായിരുന്നു. ആ തിരിച്ചുവരവിന് വഴിവെച്ചതിനൊപ്പം ഈ വര്ഷത്തെ ആദ്യ ഹിറ്റ് എന്ന പ്രതീതിയും എബ്രഹാം ഓസ്ലര് റിലീസ് ദിവസം സൃഷ്ടിച്ചിട്ടുണ്ട്. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന് മാനുവല് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനാല് തന്നെ സിനിമയ്ക്ക് മേല് വലിയ ഹൈപ്പുണ്ടായിരുന്നു. ഓസ്ലറില് സുപ്രധാനമായ ഒരു അതിഥി വേഷത്തില് മമ്മൂട്ടി കൂടി എത്തുന്നു എന്നത് സിനിമയെക്കുറിച്ചുള്ള ആകാംക്ഷ പതിന്മടങ്ങ് വര്ധിച്ചിരുന്നു. ഒടുവില് ഓസ്ലര് തിയേറ്ററുകളിലേക്ക് എത്തുമ്പോള് അത് പ്രേക്ഷകര് മനം നിറഞ്ഞ് ആസ്വദിക്കും എന്നതില് സംശയമില്ല.

എബ്രഹാം ഓസ്ലര് എന്ന ഉയര്ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ നിര്ണ്ണായകമായ ഒരു ദിവസത്തില് നിന്നാണ് സിനിമ ആരംഭിക്കുന്നത്. അത് അയാളുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു. വര്ഷങ്ങള്ക്ക് ശേഷം അയാളിലേക്ക് എത്തുന്ന ഒരു കേസന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഏതൊരു ക്രൈം ത്രില്ലര് സിനിമകളും എന്നപോലെ ആരാണ് കുറ്റവാളി? അയാള് എന്തിന് ആ കുറ്റകൃത്യം ചെയ്തു എന്നത് തേടിയുള്ള അന്വേഷണത്തിലൂടെയാണ് സിനിമയുടെ യാത്ര.

ഒടിടി എത്തിയതോടെ നിത്യേന ക്ലാസ്സിക് ത്രില്ലറുകള് കണ്ടു ശീലമായ പ്രേക്ഷകര്ക്ക് മുന്നിലേക്ക് ഒരു ത്രില്ലര് സിനിമ എത്തിക്കുമ്പോള് അവിടെ ഒരു കുറ്റവാളിയും കുറച്ചധികം സസ്പെന്സുകളും മാത്രം പോരാ, മികച്ച ആഖ്യാന ശൈലി കൂടി വേണം. അവിടെ മിഥുന് മാനുവല് തോമസും തിരക്കഥാകൃത്ത് ഡോ. രണ്ധീരും വിജയിച്ചു എന്ന് തന്നെ പറയാം. അത്ര ചടുലമല്ലെങ്കിലും സസ്പെന്സിന്റെ ചരട് എവിടെയും പൊട്ടിപോകാത്തവിധമാണ് കഥ മുന്നോട്ട് പോകുന്നത്. എന്നാല് മലയാള സിനിമ ഇതുവരെ കാണാത്തവിധം ഒരു സിനിമ എന്നൊന്നും ഓസ്ലറിനെ വിളിക്കാന് പറ്റില്ല. മലയാളത്തിന് അത്ര പരിചിതമല്ലാത്ത മെഡിക്കല് പശ്ചാത്തലത്തില് നടക്കുന്ന കുറ്റകൃത്യങ്ങളും മെഡിക്കല് ടേംസും ഒരു പുതുമയായിരിക്കും.

മലയാളത്തിന്റെ പ്രിയതാരങ്ങളെ അവര് അധികം ചെയ്തിട്ടില്ലാത്ത, എന്നാല് എല്ലാ പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന തരത്തില് അവതരിപ്പിച്ചു എന്നതില് മിഥുന് മാനുവല് എന്ന സംവിധായകന് അഭിനന്ദനം അര്ഹിക്കുന്നു. സിനിമയിലെ മുഖ്യ കഥാപാത്രമായ ഓസ്ലറായുളള ജയറാമിന്റെ പ്രകടനം മികച്ചതായിരുന്നു. വ്യക്തി ജീവിത്തിലെ പ്രതിസന്ധിമൂലം തളര്ന്നു പോകുന്ന നായകന്മാരെ മലയാളത്തില് നിരവധി കണ്ടിട്ടുണ്ടെകിലും ശരീര ഭാഷയിലും ശബ്ദത്തിലും ആ നായകന്മാരെ ഒന്നും തോന്നിപ്പിക്കാത്ത വിധം ജയറാം കഥാപാത്രത്തെ മനോഹരമാക്കി. തീര്ച്ചയായും ഓസ്ലര് ജയറാമിന് ഒരു കംബാക്ക് തന്നെയാകും. എന്നാല് സിനിമയുടെ ആദ്യ മിനിറ്റുകളില് ഓസ്ലറിന് ഇന്സോമ്നിയയും ഹാലൂസിനേഷന്സും കാണിക്കുന്നുണ്ട്. കഥ പുരോഗമിക്കുമ്പോള് ആ അവസ്ഥകള് കഥാപാത്രത്തിന് യാതൊരു ചാലഞ്ചും ചെയ്യുന്നില്ലെന്ന് മാത്രമല്ല പിന്നീട് ആ അവസ്ഥകളെക്കുറിച്ച് പ്രതിപാധിക്കുന്നുപോലുമില്ല. ആ കഥാപാത്ര നിര്മ്മിതിയിലെ ഒരു പോരായ്മ തന്നെയാണ് അത്.

ഓസ്ലറിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്ത് എന്നത് അല്പ്പം സര്പ്രൈസ് നിറഞ്ഞതാണ്. അതിനാല് ആ കഥാപാത്രത്തെക്കുറിച്ച് വിവരിക്കുന്നില്ല. എന്നാല് സ്വയം പരീക്ഷിക്കാന് തയ്യാറാകുന്ന മമ്മൂട്ടി എന്ന നടന്റെ അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളില് ഒന്ന് തന്നെയാണ് അത്. പല സിനിമകളിലെയും പോലെ സൂപ്പര്താരങ്ങളുടെ കേവലമായ കാമിയോ എന്ട്രിക്ക് അപ്പുറം കഥയില് സുപ്രധാനമാണ് മമ്മൂട്ടിയുടെ വേഷം. ആ നിലയില് മിഥുന് കണ്സീവ് ചെയ്തിരിക്കുന്ന മമ്മൂട്ടി കഥാപാത്രം ഒരു സൂചനയാണ്. ഒരു കാമിയോ അപ്പിയറന്സില് മമ്മൂട്ടിക്കായി മിഥുന് ഇത്രത്തോളം ഒരുക്കി വെച്ചിട്ടുണ്ടെങ്കില് ടര്ബോ എന്ന സിനിമയിലെ മുഴുനീള കഥാപാത്രം, അത് വെറുതെയാവില്ല. ജഗദീഷിന്റെ പെര്ഫോമന്സ് എടുത്ത് പറയേണ്ടത് തന്നെയാണ്. സൈജു കുറുപ്പ്, സെന്തില് കൃഷ്ണ, അനശ്വര രാജന്, അര്ജുന് അശോകന് തുടങ്ങിയവരുടെ പ്രകടനങ്ങളും മികച്ചതായിരുന്നു.

ഒരു ത്രില്ലര് സിനിമയെ പിടിച്ചിരുത്തുന്നതില് വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് അതിന്റെ പശ്ചാത്തല സംഗീതം. മിഥുന് മുകുന്ദന്റെ പശ്ചാത്തല സംഗീതം ഓസ്ലറിന് നല്കുന്ന പവര് വേറെ ലെവലാണ്. നായകന്റെയും സംഘത്തിന്റെയും അന്വേഷണത്തെ ആ സംഗീതം കൂടുതല് ആകാംക്ഷാജനകമാകുന്നുണ്ട്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ആ ത്രില്ലര് സ്വഭാവത്തിന് ഉതകുന്നതാണ്.

'എന്റെ മനയ്ക്കലേക്ക് സ്വാഗതം'; വരുന്നത് സാധാ ഹൊറർ പടമല്ലെന്ന് ഉറപ്പ് നൽകി ഭ്രമയുഗം ടീസർ

ത്രില്ലര് സിനിമകള് ഒരുക്കുന്നതില് തന്റെ മികവ് അഞ്ചാം പാതിരയിലൂടെ തെളിയിച്ച സംവിധായകനാണ് മിഥുന് മാനുവല് തോമസ്. ആ മികവ് ഒരിക്കല് കൂടി ഉറപ്പിക്കുന്ന സിനിമയാണ് ഓസ്ലര്. ഏറെ നാളുകള്ക്ക് ശേഷം ജയറാം എന്ന നടന്റെ തിരിച്ചുവരവും മമ്മൂട്ടിയുടെ കിടിലന് അതിഥി വേഷവും ഒരു ഡീസന്റ് ത്രില്ലറും കാണാന് ആഗ്രഹിക്കുന്നവര്ക്ക് ധൈര്യമായി ഓസ്ലറിന് ടിക്കറ്റെടുക്കാം.

dot image
To advertise here,contact us
dot image