പ്രഖ്യാപനം മുതൽ മലയാളികൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ ഇന്ന് തീയറ്ററുകളിലേക്കെത്തി. ഏറെ കാലത്തിന് ശേഷം ഒരു കംപ്ലീറ്റ് ഫാൻ ബേസ് മോഹൻലാൽ ചിത്രത്തിന് വേണ്ട എല്ലാ വരവേൽപ്പുകളുമേറ്റ് വാങ്ങിയാണ് വാലിബൻ അവതരിച്ചത്. മാസും ക്ലാസും പ്രതീക്ഷിച്ച പ്രേക്ഷകന് പക്ഷേ സിനിമ കുറച്ച് നിരാശപ്പെടുത്തിയോ. മഹാപ്രതീക്ഷകൾ വെച്ച് ഈ സിനിമയ്ക്ക് ടിക്കറ്റ് എടുത്ത് കയറേണ്ട. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിനെയും മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ അഭിനയപാടവത്തെയും അസാമാന്യ മെയ്വഴക്കത്തെയും യാതൊരു തരത്തിലും ഇവിടെ ചോദ്യം ചെയ്യേണ്ടതില്ല.
പടത്തിന്റെ കഥ, ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈൻ, ബിജിഎം, കോസ്റ്റ്യൂം, പാട്ടുകൾ എല്ലാം മികച്ചത് തന്നെ. പക്ഷേ പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു എന്ന ലേബലിൽ എത്തിയ ചിത്രം സാധാരണ പ്രേക്ഷകനെ എവിടെയോ തൃപ്തിപ്പെടുത്തുന്നില്ല. ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസറുകളും, ട്രെയിലറുകളും പ്രൊമോഷൻ, അഭിമുഖ സമയത്തുള്ള താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും ആത്മവിശ്വാസവുമെല്ലാം സിനിമയ്ക്ക് വല്ലാതെ ഹൈപ്പ് കൂട്ടിയിരുന്നു. അങ്കമാലി ഡയറീസ്, ഈ മ യൗ, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഇത്ര വലിയ കാൻവാസിലൊരുക്കുന്ന ചിത്രം പക്ഷേ അത്ര പോലും പ്രീതിപ്പെടുത്തുന്നില്ല.
2 മണിക്കൂറിൽ തീർക്കാവുന്ന കഥയെ നീട്ടി വലിച്ചപ്പോൾ അത് വലിയ കല്ലുകടിയായി. ഉടുക്കിന്റെ താളത്തിൽ പതിഞ്ഞ തുടക്കം പിന്നീട് ദ്രുതവേഗം കൈവരിക്കുമെന്ന പ്രതീക്ഷ തരുന്നുണ്ടെങ്കിലും അത് എവിടെയും ഉണ്ടാകുന്നില്ല. ഒരു പ്രത്യേക കാലഘട്ടമോ, ദേശമോ, ഭാഷയോ ഒന്നുമില്ലാത്ത കഥയും കഥാപാത്രങ്ങളുമെന്ന് മുമ്പെ തന്നെ പറഞ്ഞത് നന്നായി. ഫാന്റസിയും റിയാലിറ്റിയും ഒരേപോലെ ഉൾക്കൊള്ളിച്ചപ്പോൾ അത് കണക്ട് ചെയ്യാൻ പ്രേക്ഷകർ കുറച്ചൊന്ന് തലപുകഞ്ഞ് കാണും. നാടും വീടുമില്ലാതെ ലോകം ചുറ്റുന്ന മല്ലനായി വാലിബൻ. തോൽവിയറിയാത്ത വാലിബന് ആകെയുള്ളത് വളർത്തച്ഛനും സഹോദരനും മാത്രം. പിന്നീട് ഇവരോട് കൂടിച്ചേരുന്ന മറ്റ് ചില കഥാപാത്രങ്ങളും അവർ ചെന്നെത്തുന്ന സംഘർഷകരമായ അവസ്ഥയുമാണ് സിനിമ പറയുന്നത്.
'ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുതം കാണിച്ചതിന് നന്ദി' വാലിബനെ പ്രശംസിച്ച് സാജിദ് യാഹിയരാജസ്ഥാനിലും പോണ്ടിച്ചേരിയിലുമായുള്ള ഷൂട്ടിങ് ലൊക്കേഷനുകളുടെ ദൃശ്യഭംഗി മധു നീലകണ്ഠന്റെ ക്യാമറയിൽ ഭദ്രമാണ്. രാത്രിയുടെ സൌന്ദര്യം കാണിക്കുന്ന അനേകം ഫ്രെയിമുകളും കാഴ്ചയ്ക്ക് വിരുന്നാകുന്നു. സിനിമയിലുടനീളം സംഭാഷണങ്ങളെന്ന പോലെ പശ്ചാത്തല സംഗീതവും വിനിമയം നടത്തുന്നുണ്ട്. പാട്ടുകളും മനോഹരം. മാസിന്റെയും ക്ലാസിന്റെയും ഇടയിൽ കുടുങ്ങിപ്പോയ ഒരു പക്കാ ലിജോ ജോസ് പെല്ലിശ്ശേരി നാടകം എന്ന് ഒറ്റ വാചകത്തിൽ സിനിമയെക്കുറിച്ച് പറയാം. സിനിമ കണ്ട് തിയറ്റർ വിട്ടിറങ്ങുമ്പോൾ ചിലപ്പോൾ നിർവികാരമായേക്കാം.
നൻപകലിലെയോ ചുരുളിയുടേതോ പോലെ കഥയുടെ മറ്റ് അർത്ഥതലങ്ങൾ തിരയാൻ മെനക്കേടേണ്ടിയും വരുന്നില്ല. രണ്ടാം ഭാഗമുണ്ടെന്ന ഉറപ്പ് നൽകിയാണ് സിനിമ അവസാനിപ്പിക്കുന്നത്. പ്രതീക്ഷകളേതുമില്ലാതെ അതിനായി കാത്തിരിക്കാം. ഏതായാലും ഒന്നുറപ്പിച്ച് പറയാം, മലൈക്കോട്ട കാക്കുന്ന വാലിബനായി മോഹൻലാലിലെ അല്ലാതെ മറ്റാരെയും അവതരിപ്പിക്കാൻ സാധിക്കില്ല. വീരനിൽ വീരനായി വാഴും മലൈക്കോട്ടൈ വാലിബാ, ഇനി രണ്ടാം ഭാഗത്തിൽ കാണാം.