ഇന്റര്നാഷണല് സര്വൈവല് ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് മലയാള സിനിമയുടെ അത്യുഗ്രന് സംഭാവനയാണ് മഞ്ഞുമ്മല് ബോയ്സ്. ഒരേ സമയം ഹെവി ത്രില്ലറും എന്നാല് അത്രമേല് റിയലിസ്റ്റിക്കുമായി മികച്ച കഴ്ചാനുഭവം സമ്മാനിക്കുന്ന വിധത്തില് ഹൃദയത്തില് തൊടുന്ന ചിത്രം ഒരുക്കിയ സംവിധായകന് ചിദംബരത്തിന് ഇരിക്കട്ടെ ആദ്യത്തെ കയ്യടി. സിനിമയ്ക്ക് ജീവനും ശ്വാസവും നല്കിയ സുശിന് ശ്യാമിന്റെ ബാക്ഗ്രൗണ്ട് സ്കോറിന് രണ്ടാമത്തെ കൈയ്യടിയും. സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും പ്രത്യാശയുടെയും സിനിമയാണ് മഞ്ഞുമ്മല് ബോയ്സ്.
തിരക്കഥ, സംവിധാനം, ബാക്ക്ഗ്രൗണ്ട് സ്കോര്, കലാസംവിധാനം, ചിത്രസംയോജനം എന്നിങ്ങനെ തുടങ്ങി സിനിമയുടെ ടൈറ്റില് ഡിസൈനില് പ്രവര്ത്തിച്ചവര് വരെ മഞ്ഞുമ്മല് ബോയ്സ് എന്ന സിനിമയെ ആഴത്തില് മനസിലാക്കിയിട്ടുണ്ട് എന്ന് പറയാന് സാധിക്കും. ഒരു സര്വൈവല് ത്രില്ലറാണെങ്കിലും സിനിമയിലെ സൗഹൃദം എന്ന ഘടകവും അതിന്റെയാഴവും ഡെവിള്സ് കിച്ചന്റെ (ഗുണ കേവ്) ആഴത്തെ പോലും തോല്പ്പിച്ചു കളയുകയാണിവിടെ.
ഏതാനും വര്ഷങ്ങള്ക്ക് മുന്പ് എറണാകുളത്തെ മഞ്ഞുമ്മല് സ്വദേശികളായ കുറച്ച് യുവാക്കളുടെ ജീവിതത്തില് നടന്ന ഒരു സംഭവത്തിന്റെ സിനിമാറ്റിക് ട്രീറ്റ്മെന്റാണ് മഞ്ഞുമ്മല് ബോയ്സ്. പടുകൂറ്റന് മൂന്ന് പാറകള്ക്ക് നടുവില് സ്ഥിതി ചെയ്യുന്ന ഗുഹയാണ് കൊടൈക്കനാലിലെ ഡെവിള്സ് കിച്ചന്. കമല്ഹാസന് ചിത്രം 'ഗുണ'യുടെ റിലീസിന് ശേഷം ഗുണ കേവ് ആയി മാറിയ, ഡെവിള്സ് കിച്ചന് എന്ന ഗുഹയിലെ അപകടതുരുത്തില് വീഴുന്ന സുഹൃത്തിനെ രക്ഷിക്കാന്, ജീവന് പണയം വെച്ചിങ്ങുന്ന സുഹൃത്തുക്കളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
പ്രതീക്ഷകള്ക്ക് പൂജ്യം ശതമാനം വിധിയെഴുതിയിടത്ത് നിന്ന് സൗഹൃദം കൊണ്ട് വെളിച്ചമാവുകയാണ് മഞ്ഞുമ്മലിലെ ചെറുപ്പക്കാര്. കഥയെന്തെന്നുള്ള അറിവുണ്ടെങ്കിലും ഒരോ നിമിഷവും അടുത്തതെന്ത് എന്ന ആകാംക്ഷയോടെ, നെഞ്ചിടിപ്പോടെ കണ്ടിരിക്കാന് പ്രേക്ഷകന് കഴിഞ്ഞത് സംവിധാന മികവ് കൊണ്ടും സംഗീതത്തിന്റെ സ്വാധീനം കൊണ്ടുമാണെന്ന് ഒരിക്കല് കൂടി പറഞ്ഞുവെയ്ക്കുന്നു.
'പറഞ്ഞപോലെ മലയാള സിനിമയുടെ സീൻ മാറ്റിയിട്ടുണ്ട്'; സുഷിൻ ഇല്യൂമിനാറ്റിയോ എന്ന് സോഷ്യൽ മീഡിയമഞ്ഞുമ്മലില് നിന്ന് കൊടൈക്കനാലിലേക്ക് ചുവന്ന ക്വാളീസില് യാത്ര ആരംഭിക്കുന്നത് മുതല് അവരോടൊപ്പം പ്രേക്ഷകനും സഞ്ചരിക്കുകയാണ്. അവിടെ കാണുന്ന കാഴ്ച്ചകളും അവര് നേരിടുന്ന അനുഭവങ്ങളും നമ്മുടേത് കൂടിയാകുന്നു. സൗബിന്, ശ്രീനാഥ് ഭാസി, ബാലു വര്ഗീസ്, ഗണപതി, ലാല് ജൂനിയര്, ചന്തു സലിംകുമാര്, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്, ഖാലിദ് റഹ്മാന്, അരുണ് കുര്യന്, വിഷ്ണു രഘു എന്നീ 11 പേരും അവരുടെ എല്ലാ വൈകാരികതയും ഉള്ക്കൊണ്ട് സ്ക്രീനില് ജീവിച്ചു എന്ന് പറയട്ടെ. ശ്രീനാഥ് ഭാസി റീലോഡഡ് എന്ന് ഉറപ്പോടെ ഉറച്ച് വിളിച്ച് പറയാന് തോന്നുന്ന പ്രകടനം.
ഒരു സീന് പോലും ആനാവശ്യമായി ഉപയോഗിച്ചിട്ടില്ല എന്നതും കൃത്യമായ സംഭാഷണങ്ങള് സിനിമയെ ചടുലതയോടെ മുന്നോട്ടു കൊണ്ടുപോകാന് സഹായിച്ചിട്ടുണ്ട് എന്നതും പ്ലസ് പോയിന്റ് ആണ്. ഒരു ട്രിപ്പ് മൂഡില് തുടങ്ങി ആകാംക്ഷയുടെയും ഭീതിയുടെയും അവസ്ഥകള് താണ്ടി വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആഹ്ലാദാശ്രുക്കളോടെ മാത്രമേ തിയേറ്റര് വിടാന് കഴിയൂ...
ഗുണ സിനിമയിലെ ''കണ്മണി അന്പോട് കാതലന്'' എന്ന ഗാനത്തിനിടയിലെ പ്രണയാദുരമായ വരികള് ഫ്രണ്ട്ഷിപ്പിന്റെ ബോണ്ടായി, ശക്തിയായി മാറിയപ്പോള് സിനിമയുടെ സ്ഥാനം വീണ്ടും മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു.
തമിഴ് സിനിമയിലൂടെ സുപരിചിതനായ ജോര്ജ് മാരിയന്, രമചന്ദ്ര ദുരൈരാജ് തുടങ്ങിയ താരങ്ങളും സിനിമയുടെ മുതല്കൂട്ടാണ്. ഷൈജു ഖാലിദിന്റെ ക്യാമറ ഫ്രെയ്മുകള് ഗുണ കേവിന്റെ സൗന്ദര്യത്തെയും അതേസമയം ഭീകരതയേയും കൂടിയാണ് ഒപ്പിയെടുത്തത്. പ്രൊഡക്ഷന് ഡിസൈനിംഗിന്റെ റോള് കൃത്യമായി കൈകാര്യം ചെയ്ത അജയന് ചാലിശ്ശേരിയുടെ വര്ക്ക് പറയാതെ വയ്യ. കോമഡി ഡ്രാമയിലൂടെ ചിരിപ്പിക്കാന് മാത്രമല്ല കാണികളെ മുള്മുനയില് നിര്ത്താനും കഴിയുമെന്ന് ചിദംബരത്തിന്റെ വ്യത്യസ്തമായ ഈ പ്രമേയത്തിലൂടെ വ്യക്തമാകുന്നു.
ഈ പിള്ളേരുടെ പോക്ക് ഇത് എങ്ങോട്ട്! തിയേറ്ററിൽ എത്തും മുമ്പേ കോടികൾ നേടി 'മഞ്ഞുമ്മൽ ബോയ്സ്''പടമല്ല ഞങ്ങളുടെ ജീവിതമാണ് സ്ക്രീനില് കണ്ടത്' എന്ന് കണ്ണ് നനഞ്ഞു കൊണ്ട് ഹൃദയത്തില് തൊട്ട് സിനിമ കണ്ടിറങ്ങിയ യഥാര്ത്ഥ ജീവിതത്തിലെ നായകന്മാര് പറയുമ്പോള് അതിനേക്കാള് വലുതായി സിനിമയ്ക്ക് മറ്റെന്ത് അംഗീകാരമാണ് വേണ്ടത്. സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും ആഴം അളന്ന സിനിമയാവുകയാണ് മഞ്ഞുമ്മല് ബോയ്സ്.