OSCAR 2024: വെറുമൊരു കോർട്ട് റൂം ഡ്രാമയല്ല, മനുഷ്യ ബന്ധങ്ങളുടെ അനാട്ടമി പറഞ്ഞ ചിത്രം

ബന്ധങ്ങളുടെ അനാട്ടമി പറയുന്ന കോർട്ട് റൂം ഡ്രാമയാണ് അനാട്ടമി ഓഫ് എ ഫാൾ

dot image

ഭർത്താവിന്റെ ദുരൂഹ മരണത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഭാര്യ, ആ മരണത്തിന് ഏക 'സാക്ഷി'യാകുന്ന അന്ധനായ പതിനൊന്നു വയസ്സുകാരൻ മകൻ... കേൾക്കുമ്പോൾ ഒരു സീറ്റ് എഡ്ജ് ത്രില്ലർ എന്ന് തോന്നുമെങ്കിലും അതിനമപ്പുറം ജീവിതത്തിന്റെ, ബന്ധങ്ങളുടെ അനാട്ടമി പറയുന്ന കോർട്ട് റൂം ഡ്രാമയാണ് അനാട്ടമി ഓഫ് എ ഫാൾ.

തെക്ക്-കിഴക്കൻ ഫ്രാൻസിലെ ഗ്രനോബ്ൾ എന്ന ഒരു പട്ടണത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ താമസിക്കുകയാണ് സാന്ദ്ര എന്ന എഴുത്തുകാരിയും, എഴുത്തുകാരനും മ്യുസീഷനുമായ ഭർത്താവ് സാമുവലും, മകൻ ഡാനിയേലും. ഡാനിയേലിനാകട്ടെ നാലാം വയസ്സിൽ ഒരു അപകടം മൂലം കാഴ്ച്ച നഷ്ടമാവുകയും ചെയ്തു. പല കാരണങ്ങളാൽ സാന്ദ്രയ്ക്കും സാമുവലിനുമിടയിൽ അസ്വാരസ്യങ്ങളുമുണ്ടായിരുന്നു. അങ്ങനെയിരിക്കേ ഒരു പകൽ തന്റെ നായയുമായി നടക്കാനിറങ്ങിയ ഡാനിയേൽ തിരികെയെത്തുമ്പോൾ സാമുവേലിനെ വീടിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തുന്നു.

സാഹചര്യ തെളിവുകൾ എല്ലാം സാന്ദ്രയ്ക്ക് എതിരാവുകയാണ്. തുടർന്ന് അവർ പ്രതിചേർക്കപ്പെടുമ്പോൾ സാന്ദ്ര ഒരു നിയമയുദ്ധത്തിൽ ഏർപ്പെടേണ്ടി വരികയാണ്. എന്നാൽ അത് അത്ര എളുപ്പമല്ല. അവരുടെ ബന്ധത്തിലെ വിള്ളലുകൾ തന്നെയാണ് അതിനു പിന്നിലെ പ്രധാന കാരണം. മകന്റെ അപകടത്തിന് ശേഷം ഇരുവരും ഒരു തവണ പോലും പരസ്പരം ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ല. സാന്ദ്ര ഒരു ബൈസെക്ഷ്വൽ വ്യക്തിത്വമുള്ളയാളാണ്. ഈ കാലയവയിൽ അവർ മറ്റൊരു സ്ത്രീയുമായി ബന്ധത്തില് ഏർപ്പെടുന്നുമുണ്ട്. എന്തിനേറെ അവർ പരസ്പരം സംസാരിക്കുന്നത് പോലും രണ്ടു ഭാഷകളിലാണ്. തുടർന്നുള്ള സാന്ദ്രയുടെ നിയമപോരാട്ടങ്ങളാണ് സിനിമ പറയുന്നത്.

തുടക്കം മുതലേ പതിഞ്ഞ താളത്തിൽ കഥ പറഞ്ഞുപോകുന്ന സിനിമയിൽ എവിടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ നടക്കുന്നില്ല. മറിച്ച് മനുഷ്യബന്ധങ്ങളുടെ ദുർബലതയാണ് ചിത്രം വരച്ചിടുന്നത്. മാനസികാരോഗ്യം, ലൈംഗികത, ബന്ധങ്ങൾ എന്നിവയെക്കുറിച്ചാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം പറയുന്നത്.

കെട്ടുറപ്പുള്ള തിരക്കഥയും മികവാർന്ന അവതരണവുമാണ് ഈ സിനിമയുടെ നട്ടെല്ല്. ജസ്റ്റിൻ ട്രൈറ്റിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും ട്രൈറ്റും പങ്കാളിയായ അർതർ ഹരാരിയും ചേർന്നാണ്. ഒരു കോർട്ട് റൂം ഡ്രാമയുടെ ചടുലതയ്ക്കപ്പുറം പതിഞ്ഞ താളത്തിൽ ഈ സിനിമയിലൂടെ ട്രൈറ്റ്, വിവാഹത്തിലെ സാമ്പ്രദായിക റോളുകളുടെയും ദാമ്പത്യ ബന്ധങ്ങളിലെ വൈരുദ്ധ്യാത്മകളുടെയുമെല്ലാം അനാട്ടമി പരിശോധിക്കുകയാണ്.

സാന്ദ്ര ഹളളർ എന്ന ജർമൻ അഭിനേത്രിയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ സാന്ദ്രയെ അവതരിപ്പിച്ചത്. അസാധാരണമാം വിധമാണ് ആ കഥാപാത്രത്തെ അവർ അവതരിപ്പിച്ചത്. തന്റെ ലൈംഗികതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ആ കഥാപാത്രം നിർഭയം തുറന്നുപറയുന്നുണ്ട്. അവിടെ അവർ കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് പ്രേക്ഷകർ സംശയിച്ചു പോകും. ഈ വർഷത്തെ ഓസ്കറിൽ മികച്ച നടിക്കുള്ള അന്തിമ പട്ടികയിൽ സാന്ദ്ര ഹളളർ ഇടം നേടിയിട്ടുണ്ട്.

ഡാനിയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിലോ മച്ചാഡോ ഗ്രാനർ എന്ന കുട്ടിയുടെ പ്രകടനവും ഗംഭീരമായിരുന്നു. പിതാവിന്റെ മരണവും, ആ മരണത്തിന്റെ കുറ്റം പേറുന്ന അമ്മയും, തന്റെ സാക്ഷിമൊഴി എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന ചിന്തയുമെല്ലാം ആ കഥാപാത്രത്തിലുണ്ടാക്കുന്ന അനശ്ചിതത്വവും ആശയക്കുഴപ്പവുമെല്ലാം മനോഹരമായി തന്നെ ആ കുട്ടി സ്ക്രീനിൽ കാണിച്ചിട്ടുണ്ട്. ഡാനിയലിനു മേലുണ്ടാകുന്ന സമ്മർദ്ദം, അത് അതേയളവിൽ പ്രേക്ഷകരിലെത്തിക്കാൻ ലോ മച്ചാഡോ ഗ്രാനർക്ക് സാധിച്ചിട്ടുണ്ട്. സനൂപ് എന്ന കഥാപാത്രമായെത്തിയ മെസ്സി എന്ന നായയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.

വെറുമൊരു കോർട്ട് റൂം ഡ്രാമയായി ഒതുങ്ങി നിൽക്കാതെ മനുഷ്യ ബന്ധങ്ങളുടെ വീഴ്ചകളും അതിന്റെ അനാട്ടമിയും കാട്ടുന്ന ചിത്രമാണിത്. കാൻ പുരസ്കാരം ഉൾപ്പടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ അനാട്ടമി ഓഫ് എ ഫാൾ മികച്ച ചിത്രം, സംവിധാനം, തിരക്കഥ, നടി, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിൽ ഓസ്കർ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ലോകത്തെവിടെയും മനുഷ്യ ബന്ധങ്ങളുടെ അനാട്ടമി സമാനമാണ് എന്ന് വ്യക്തമാക്കുന്ന ചിത്രം ഓസ്കറിൽ ഒന്നല്ല, അതിലധികം മുത്തമിടുമെന്ന് ഉറപ്പ്.

dot image
To advertise here,contact us
dot image