അസ്വസ്ഥതയോടെയല്ലാതെ കണ്ടുതീർക്കാൻ കഴിയാത്ത ചിത്രം. അങ്ങനെയൊന്നാണ് 'ദ സോൺ ഓഫ് ഇന്ററസ്റ്റ്'. സ്റ്റീഫൻ സ്പിൽബർഗിന്റെ ഷിന്റേഴ്സ് ലിസ്റ്റിലൂടെ, ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലൂടെ, ചോംസ്കിയുടെ ഹൊളോകോസ്റ്റിലൂടെ...... അങ്ങനെ നിരവധി ഹോളിവുഡ് സിനിമകളിലൂടെ നാസി കൂട്ടക്കൊലയുടെ ഭീകരതയെയും രണ്ടാം ലോക മഹായുദ്ധ കാലത്തെ ഹിറ്റ്ലറുടെ ക്രൂര കൃത്യങ്ങളെയും തുറന്നു കാട്ടി നിരവധി സിനിമകളുണ്ടായിട്ടുണ്ട്. എന്നാൽ ചോരക്കളങ്ങളോ ശവകൂമ്പാരങ്ങളോ കോൺസൻട്രേഷൻ ക്യാമ്പുകളുടെ ഞെട്ടിക്കുന്ന അവസ്ഥയോ കാണിക്കാതെ അതിന്റെ തീവ്രത മനസിലാക്കിത്തരുന്ന സിനിമയാണ് ജൊനാഥൻ ഗ്ലേസറിന്റെ സംവിധാനത്തിലൊരുങ്ങിയ 'ദ സോൺ ഓഫ് ഇന്ററസ്റ്റ്'.
2014-ൽ സാഹിത്യകാരൻ മാർട്ടിൻ ലൂയിസ് ആമിസ് എഴുതിയ നോവലിന്റെ ഒരു ദൃശ്യാവിഷ്കാരമാണ് ദ സോൺ ഓഫ് ഇന്ററസ്റ്റ്. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ എപ്പോഴാണ് നമ്മെ ബാധിക്കുക? സിംപതിയോടെ നോക്കി കാണുമ്പോഴും മനുഷ്യത്വത്തോടെ സമീപിക്കുമ്പോഴും എന്ന് ഉത്തരം പറയാം. എന്നാൽ ചുറ്റും സഹജീവികൾ വെണ്ണീറാകുന്നത് നിസംഗതയോടെ നോക്കിക്കാണുന്ന സാഹചര്യത്തിലേക്ക് നമ്മൾ എത്തേണ്ടി വരുന്നത് അത് നിത്യ ജീവിതത്തിന്റെ ഭാഗമാകുമ്പോഴാണ്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ജൂതൻമാരെ കൊന്നൊടുക്കിയിരുന്ന ഹിറ്റ്ലറിന്റെ ജർമ്മനിയിലെ ഒഷ്വിറ്റ്സ് ആണ് ദ സോൺ ഓഫ് ഇന്ററസ്റ്റിന്റെ പശ്ചാത്തലം. യുദ്ധസമാനമായ അന്തരീക്ഷത്തിൽ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന ഒരു എസ് എസ് ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്. പറയുമ്പോൾ വിരോധാഭാസാമായി തോന്നുമെങ്കിലും സിനിമ രണ്ട് വിപരീത സാഹചര്യങ്ങളെ ഒരു നൂലിൽ ബന്ധിപ്പിക്കുകയാണ് സിനിമ. ഓഷ്വിറ്റ്സിന്റെ ഭീകരതയൊന്നും ചിത്രത്തിൽ എവിടെയും ദൃശ്യവത്കരിക്കാതെ എങ്ങനെ അത് പ്രേക്ഷകനിൽ അനുഭവപ്പെടുത്താം എന്നതാണ് സിനിമയുടെ ട്രീറ്റ്മെന്റ്.
റുഡോൾഫ് എന്ന എസ് എസ് ഓഫീസറും ഭാര്യയും നാല് മക്കളുമടങ്ങുന്ന അയാളുടെ സമ്പന്ന കുടുംബവുമാണ് സിനിമയിലുടനീളം ഉള്ളത്. മക്കളെ പിക്നിക്കിന് കൊണ്ടുപോവുകയും നീന്തൽ പഠിപ്പിക്കുകയും ചെറിയ ഹൗസ് പാർട്ടികൾ നടത്തി അവധി ദിവസങ്ങൾ സമ്പന്നമാക്കുകയും ചെയ്യുന്ന കുടുംബം. എന്തിനും ഏതിനും സഹായത്തിനായി വീടിന് അകത്തും പുറത്തും ജോലിക്കാർ, കാവലിനായി എസ് എസ് പട്ടാളക്കാർ, അങ്ങനെ അവർ സ്വപ്ന ജീവിതം നയിക്കുകയാണ്.
എന്നാൽ ആ വീടിന്റെ മതിൽകെട്ടുകൾക്കപ്പുറം റുഡോൾഫ് അടങ്ങുന്ന എസ് എസ് ഓഫീസർമാരുടെ തോക്കിൻമുനയിലും ബൂട്ടുകൾക്കിടയിലും ജീവൻ പിടഞ്ഞ്, പട്ടണികിടന്ന് മരിക്കുന്നവരുണ്ടെന്ന് ആ കുടുംബത്തിന്റെ ജീവത സാഹചര്യം ഒരിക്കൽ പോലും പറയുന്നില്ല. എന്ന് മാത്രമല്ല ആ വീട്ടിലുള്ള ആരും തന്നെ അത് പ്രകടമാക്കുന്നില്ല എന്ന യാഥാർത്ഥ്യം തീർത്തും പേടിപ്പെടുത്തുന്നതാണ്. തൊട്ടടുത്ത് ഇത്രയും മനുഷ്യർ മരിച്ചു വീഴുമ്പോൾ എങ്ങനെയാണ് ആ നിലവിളകൾക്കിടയിൽ സമാധാനമായി ഉറങ്ങാനും ഭക്ഷണം കഴിക്കാനും ചിരിച്ചുല്ലസിച്ചിരിക്കാനും കഴിയുന്നതെന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കുട്ടികളും ബന്ധുക്കളുമൊക്കെയായി കളിച്ച് ചിരിച്ച് എല്ലാവരും പൂന്തോട്ടത്തിലിരിക്കുന്ന ഒരു സീനിന്റെ ബാക്ഗ്രൗണ്ടിൽ കേൾക്കുന്നത് വെടിയൊച്ചകളുടെയും അലർച്ചയുടെയും ശബ്ദമാണ്. കാണുന്നതോ രാത്രിയിൽ ഗ്യാസ് ചേംപറിൽ നിന്ന് ഉയർന്നു പൊങ്ങുന്ന കത്തുന്ന ശവശരീരങ്ങളുടെ പുകയും. കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് ഓടാൻ ശ്രമിക്കുന്ന കുട്ടിയെ മുക്കിക്കൊല്ലാൻ ആജ്ഞാപിക്കുന്നതിന്റെ ശബ്ദം ഉയരുമ്പോൾ ഇതൊന്നും ബാധിക്കാത്ത കുറേ മനുഷ്യരെയാണ് സ്ക്രീനിൽ കാണിക്കുന്നത് എന്നതിൽ ഒരു ഭീകരതയുണ്ട്. കാരണം, അതിനേക്കാൾ ഭീകരമായ അവസ്ഥയിലൂടെ ഈ ലോകം കടന്നു പോയിട്ടുണ്ട് എന്നതാണ്.
തേച്ചുമിനുക്കിയ യൂണിഫോമും ധരിച്ച് പൊളിഷ് ചെയ്ത ഷൂസുമിട്ട് കുതിരപ്പുറത്ത് കയറി ദിവസവും റുഡോൾഫ് ജോലിക്കു പോകുന്നത് ജൂതന്മാരെ അടിമകളാക്കിയിരിക്കുന്ന കോൺസൻട്രേഷൻ ക്യാമ്പിലാണ്. തിരകെ വീട്ടിൽ വരുന്ന അയാളെ ക്യാമ്പിലെ ദിവസം ബാധിക്കാത്തത് അത് അയാളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി എന്നതുകൊണ്ടാകാം. റുഡോൾഫിന്റെ കാഴ്ച്ചപ്പാടിൽ അദ്ദേഹം രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരൻ മാത്രമാണ്. എത്ര നന്നായി ജൂതന്മാരെ കൊന്നൊടുക്കുന്നുവോ അതിനനുസരിച്ച് സ്ഥാന കയറ്റം ലഭിക്കുമല്ലോ!
അങ്ങനെയും മനുഷ്യർക്ക് ജീവിക്കാൻ സാധിക്കും എന്ന സത്യവും പേടിപ്പെടുത്തുന്നുണ്ട്. കൊല ചെയ്യുക എന്നതിനെ, മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന കൊടും ക്രൂരതയെ, എങ്ങനെ നോർമലൈസ് ചെയ്തിരിക്കുന്നു എന്നത് സോൺ ഓഫ് ഇന്ററസ്റ്റ് പറയാതെ പറയുന്നുണ്ട്. സിനിമയിൽ ബാക്ഗ്രൗണ്ട് സ്കോറിന്റെ സ്വാധീനം വളരെ വലുതാണ്, ഒരുപക്ഷേ ചിത്രത്തിന്റെ ജീവൻ എന്ന് അതിനെ വിളിക്കാം. ഈ വർഷത്തെ ഓസ്കറിൽ മികച്ച സംവിധാനം, മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ചിത്രം, മികച്ച ശബ്ദം, മികച്ച തിരക്കഥ (അവലംബിത തിരക്കഥ) എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലേക്കാണ് ദ സോൺ ഓഫ് ഇന്ററസ്റ്റ് മത്സരിക്കുന്നത്.
സംവിധാന രീതി കൊണ്ടും ദൃശ്യ-ശബ്ദ മേന്മ കൊണ്ടും തിരക്കഥയിലെ വൈവിധ്യം കൊണ്ടും ഏറെ പ്രത്യേകതളുണ്ട് ദ സോൺ ഓഫ് ഇന്ററസ്റ്റ് എന്ന ചിത്രത്തിന്. അഡാപ്റ്റേഷൻ എന്ന നിലയിൽ നോവലിനോട് പൂർണമായും നീതി പുലർത്താൻ ദ സോൺ ഇൻ്ററെസ്റ്റിന് സാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. രണ്ടാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രമെന്നോണം ലോകത്തിന്റെ മറ്റൊരു കോണായ ഗാസയും പലസ്തീനും ശവപ്പറമ്പായി മാറുന്നതിന് നാം സാക്ഷ്യം വഹിക്കുമ്പോൾ 'ഒരു കാലത്ത് യുദ്ധം നടന്നു എന്നതുകൊണ്ട് ഇനിയും ഉണ്ടാകില്ല എന്നല്ല' എന്ന് ഓർമ്മപ്പെടുത്തുകയാണ് ദ സോൺ ഓഫ് ഇൻ്ററസ്റ്റ്.