ക്രിസ്മസ് കാലം എന്നാൽ ആഘോഷങ്ങളുടെ സ്നേഹവും മധുരവും നൽകുന്ന അവധിക്കാലമാണല്ലോ. എന്നാൽ ആ അവധികാലം ഒരു ബോർഡിങ് സ്കൂളിൽ ചെലവഴിക്കേണ്ടി വന്നാലോ? ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ ഹാസ്യവും വിഷാദവും ഇഴചേർത്തൊരുക്കിയ ഫീൽ ഗുഡ് ചിത്രമാണ് അലക്സാണ്ടർ പെയ്ൻ സംവിധാനം ചെയ്ത ഹോൾഡോവേഴ്സ്.
1970 ൽ ന്യൂ ഇംഗ്ലണ്ടിലെ ബാർട്ടൺ എന്ന ബോയ്സ് ബോർഡിങ് സ്കൂളിന്റെ പശ്ചാത്തലത്തിൽ, പ്രധാനമായും മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ഹോൾഡോവേഴ്സ് കഥ പറയുന്നത്. പ്രാചീന ചരിത്രം പഠിപ്പിക്കുന്ന അധ്യാപകനായ പ്രൊഫസർ പോൾ ഹുൻഹാമാണ് ആദ്യ കഥാപാത്രം. ഏകാന്തമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അയാള്, വിദ്യാർത്ഥികൾക്ക് നേരെ ഒരു ദയയും കൂടാതെ 'അധ്യാപകന്റെ പ്രിവിലേജുകൾ' ഉപയോഗിക്കാൻ മടിയില്ലാത്ത ആളാണ്. അതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് അയാളെ ഇഷ്ടമല്ല, വിദ്യാർത്ഥികൾക്ക് മാത്രമല്ല സഹപ്രവർത്തകർക്കും അയാളോട് താത്പര്യമില്ല. 'കോങ്കണ്ണി'ന്റെയും ശരീരത്തിൽ നിന്ന് ദുർഗന്ധം പുറത്തുവരുന്ന 'ട്രൈമെതൈലാമിനൂറിയ' എന്ന അവസ്ഥയുടെയും പേരിൽ അയാൾ വിദ്യാർത്ഥികളുടെ കളിയാക്കലുകൾക്കും പാത്രമാകാറുണ്ട്.
ആംഗസ് ടുള്ളി എന്ന, സ്കൂളിലെ പ്രശ്നക്കാരനായ വിദ്യാർത്ഥിയാണ് സിനിമയിലെ അടുത്ത പ്രധാന കഥാപാത്രം. പിതാവിന്റെ മാനസിക പ്രശ്നങ്ങളും അമ്മയുടെ പുനർവിവാഹവുമെല്ലാം അവനെ പിടിച്ചുലയ്ക്കുന്നുണ്ട്. വിയറ്റ്നാം യുദ്ധത്തിൽ മരണമടഞ്ഞ ബാർട്ടണിലെ ബിരുദധാരിയായ മകൻ കർട്ടിസിന്റെ വേദനയിൽ കഴിയുന്ന, ബോർഡിങ് മെസ്സിലെ പ്രധാന പാചകക്കാരിയായ മേരി ലാംബ് ആണ് മറ്റൊരു പ്രധാന കഥാപാത്രം.
ക്രിസ്മസ് അവധി വരുന്നതോടെ ചില കുട്ടികൾ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളും അധ്യാപകരും തങ്ങളുടെ വീടുകളിലേക്ക് പോകുന്നു. അമ്മയുടെ ഹണിമൂൺ കാരണം ആംഗസ് ടുള്ളിയും അവധിക്ക് വീട്ടിൽ പോകാത്തവരുടെ കൂട്ടത്തിലുണ്ട്. മറ്റെങ്ങും പോകാനില്ലാത്തതിനാൽ പ്രൊഫസർ പോൾ ഹുൻഹാമിന് ഈ കുട്ടികളുടെ ചുമതല ഏറ്റെടുക്കേണ്ടി വരുന്നു. എന്നാൽ ആംഗസ് ഒഴികെയുള്ള എല്ലാ കുട്ടികൾക്കും പതുക്കെ സ്കൂൾ വിട്ട് പോകാൻ അവസരം ലഭിക്കുന്നു. അതോടെ ആംഗസും പോൾ ഹുൻഹാമും മേരി ലാംബും മാത്രമാകുന്നു ആ ബോർഡിങ്ങിൽ ബാക്കി വന്നവർ. അടുത്ത രണ്ടാഴ്ച്ചക്കാലം ആ മൂന്നുപേരുടെ ജീവിതത്തിലും സ്വഭാവത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.
ഒറ്റപ്പെടൽ, ഏകാന്തതയൊക്കെ എത്രത്തോളം മനുഷ്യനെ ബാധിക്കുന്നു എന്ന് സരസമായി പറയുന്ന ചിത്രമാണിത്. ഒറ്റപ്പെടൽ എത്രത്തോളം സ്ലോ ആണോ, അതുപോലെ പതിഞ്ഞ താളത്തിലാണ് ഈ സിനിമ കഥ പറയുന്നത്. എന്നാൽ അതൊരിക്കലും കാണുന്ന പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല. 70 കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയായതിനാൽ ഫ്രെയിമുകളിലും ചിത്രസംയോജനത്തിലുമെല്ലാം ഒരു പഴയകാല സിനിമയുടെ ടോൺ ആണ് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്.
പോള് ജിയാമാറ്റി എന്ന അഭിനേതാവാണ് ഈ സിനിമയുടെ ആത്മാവ് എന്ന് പറയാം. പോൾ ഹുൻഹാമെന്ന അധ്യാപകന്റെ ഒറ്റപ്പെടലും അപകർഷതാബോധവും അതിൽ നിന്നുണ്ടാകുന്ന ഫ്രസ്ട്രേഷനും ഗംഭീരമായാണ് അദ്ദേഹം അവതരിപ്പിച്ചത്. 2006 ൽ പുറത്തിറങ്ങിയ സൈഡ്വെയ്സ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും അലക്സാണ്ടർ പെയ്നും പോള് ജിയാമാറ്റിയും ഒന്നിച്ചപ്പോൾ, വീണ്ടും മികച്ച സിനിമയും കഥാപാത്രവും പിറന്നു. മേരി ലാംബായുളള ഡാവിന് ജോയ് റാന്ഡോള്ഫിന്റെ പ്രകടനവും ആംഗസും പോൾ ആയുള്ള ഡൊമിനിക്കിന്റെ പ്രകടനവും ഗംഭീരമായിരുന്നു.
ഇതുവരെയുണ്ടാകാത്ത സിനിമയൊന്നുമല്ല ഹോൾഡോവേഴ്സ്, മറിച്ച് ജീവിതത്തിന്റെ എല്ലാ ക്ലിഷേകളുമുള്ള ചിത്രമാണ്. ഈ വർഷത്തെ ഓസ്കറിൽ മികച്ച ചിത്രം, നടൻ, സഹനടി, തിരക്കഥ, ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ ചിത്രം മത്സരിക്കുന്നുണ്ട്. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികവ് പുലർത്തുന്ന ഈ ചിത്രം അക്കാദമി പുരസ്കാരങ്ങളുടെ നേട്ടത്തിലും മികവ് പുലർത്തുമെന്ന് പ്രതീക്ഷിക്കാം.