OSCAR 2024; സന്തോഷങ്ങളുടെ ബാർബി ലോകം, സന്തോഷമില്ലാത്ത യഥാര്ത്ഥ ലോകം, അമ്പരന്ന 'ബാര്ബി'

ഓരോ സ്ത്രീയുടെയും ചിന്തകളില് അവര് കൊതിക്കുന്ന ലോകവും അവര്ക്ക് വിധിച്ച ലോകവും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കും, സ്ത്രീ പക്ഷത്ത് നിന്ന് സംസാരിക്കുന്ന ചിത്രമാണ് ഗ്രെറ്റ ഗെര്വിഗിന്റെ 'ബാര്ബി'

dot image

കുട്ടിക്കാലത്ത് ഭൂരിഭാഗം പെണ്കുട്ടികളുടെയും ഉറ്റ ചങ്ങാതിമാരില് ഒരാളായിരിക്കും ബാര്ബി ഡോള്. സ്വന്തം ചിന്തകളില് ബാര്ബിയുമൊത്ത് ഒരു മായാലോകം അവര് പണി കഴിപ്പിച്ചിട്ടുണ്ടാകും. ഓരോ സ്ത്രീയുടെയും ചിന്തകളില് അവര് കൊതിക്കുന്ന ലോകവും അവര്ക്ക് വിധിച്ച ലോകവും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കും. സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ച് നിരന്തരം ചര്ച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു ലോകത്ത്, അവർ ഇപ്പോഴും പാവകളായാണ് ജീവിക്കുന്നത്. പുരുഷാധിപത്യം, ലിംഗ സമത്വം, തൊഴിലിടത്തെ അവഗണന, സമൂഹത്തില് സ്ത്രീകള് അനുഭവിക്കുന്ന പ്രശ്നങ്ങള്, ഫെമിനിസം തുടങ്ങിയ വിഷയങ്ങൾ സംസാരിക്കുന്ന ചിത്രമാണ് ഗ്രെറ്റ ഗെര്വിഗിന്റെ 'ബാര്ബി'.

ആദ്യ കാഴ്ച്ചയില് ചിത്രം മനസിലാക്കാന് പ്രയാസമാണ് കാരണം കണ്ണ് ചെല്ലുന്നത് ചിത്രീകരണ ഭംഗിയില് ആയിരിക്കും. അത്രയും മനോഹരമായാണ് ഓരോ കഥാപാത്രങ്ങളെയും അവരുടെ മായാലോകവും ഒരുക്കിയിരിക്കുന്നത്. പാവകളെ അടിസ്ഥാനമാക്കി, നിരവധി കമ്പ്യൂട്ടര് ആനിമേറ്റഡ് സിനിമകളും കാര്ട്ടൂണുകളും വന്നിട്ടുണ്ടെങ്കിലും ആദ്യത്തെ ലൈവ്-ആക്ഷന് ചിത്രം എന്ന പ്രത്യേകതയും ബാര്ബിക്ക് ഉണ്ട്. ഫ്രെയിമിൽ കൂടുതലും പിങ്കിഷ് നിറമാണ് സംവിധായിക നൽകിയിരിക്കുന്നത്.

മാര്ഗോട് റോബി (ബാര്ബി), റയാന് ഗോസ്ലിങ് (കെന്), അമേരിക്ക ഫെററെ (ഗ്ലോറിയ), അറിയാന ഗ്രീന്ബലറ്റ് (സാഷ) , സിമി ലിയു (കെന്) തുടങ്ങിയവരാണ് ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിങ്ക് ഫിൽട്ടറിലൂടെയുള്ള ഒരു നെവർലാൻഡ് സ്റ്റോറിയാണിത് . സ്ത്രീകൾക്ക് പ്രധാന്യം ഉള്ള ബാര്ബി വേള്ഡില് എല്ലാവരും ബാര്ബികളാണ്, ഡോക്ടര് ബാര്ബി, പ്രസിഡന്റ് ബാര്ബി, പൈലറ്റ് ബാർബി എന്നിങ്ങനെ അവർ ചെയ്യുന്ന ജോലികള് കൂട്ടി ചേര്ത്താണ് വിളിക്കുന്നത്.

പുരുഷന്മാരായ പാവകളെ കെന് എന്നാണ് വിളിക്കുന്നത്. ഇവർ ആ ലോകത്ത് ജോലികൾ ഒന്നും ചെയ്യുന്നില്ല. സാധാരണ കാണുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായി ഇവിടെ എല്ലാവരും സന്തോഷത്തിലാണ്. സ്ത്രീകൾ ഭരിക്കുന്ന രാജ്യത്ത് കാര്യങ്ങൾ എല്ലാം നന്നായി നടന്നു പോകുന്നു. ദുഃഖം കലർന്ന മുഖഭാവമുള്ള ആരെയും സിനിമയില് കാണാനുമില്ല. പുരുഷന്മാരെ തരം താഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളൊന്നും തന്നെ സിനിമയില് ഇല്ല.

സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച മാര്ഗോട് റോബിയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. എപ്പോഴും ചിരിക്കുന്ന സൗന്ദര്യ ബോധമുള്ള ഒരു പാവയാകാൻ അവർ ഒരുപാട് പണിയെടുത്തിട്ടുണ്ട് എന്ന് പ്രകടനത്തിൽ നിന്ന് വ്യക്തമാണ്. ഇരിപ്പും നടപ്പും വസ്ത്രവും എല്ലാം ഒരു പാവയെ പോലെ. ചിത്രത്തിന്റെ ആദ്യ പകുതിയിൽ അവളുടെ സൗന്ദര്യവും ബാർബി വേൾഡും ആസ്വദിക്കുന്ന ആരാധകർക്ക് രണ്ടാം പകുതിയിലെ അവളുടെ പ്രകടനം അതിശയം തോന്നിപ്പിക്കും, അത്രയും ഗംഭീരം. ഒരു പാവയായിട്ട് പോലും സ്ത്രീ എന്ന ഒറ്റ കാരണം കൊണ്ട് അവൾ സമൂഹത്തിൽ നിന്ന് പലതും നേരിട്ടിട്ടും അവസാനം പൂർണ സ്ത്രീയാകണം എന്ന അവളുടെ ആഗ്രത്തിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. അതാണ് ചിത്രത്തിന്റെ ക്ലൈമാക്സിൽ പറയുന്നത്.

പുരുഷ കഥാപാത്രത്തെ അവതരിപ്പിച്ച റയാന് ഗോസ്ലിങ് എന്ന 'കെൻ' മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഇതുവരെ കണ്ട മെയിൽ സ്റ്റീരിയോ ടൈപ്പുകളെ തകർത്തെറിയുന്ന പ്രകടനം. മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തികൾ കാണുമ്പോൾ സ്വന്തമായി അതൊന്നു പരീക്ഷിക്കണം എന്ന് തോന്നുന്ന മനുഷ്യന്റെ വികാരത്തെ നർമം ചാലിച്ചാണ് റയാന് അവതരിപ്പിച്ചിരിക്കുന്നത്. ഫാന്റസി ലോകവും യഥാർത്ഥ ലോകവും തമ്മിലുള്ള അന്തരവും സംവിധായിക ചിത്രത്തിലൂടെ വരച്ചു കാണിക്കുണ്ട്.

ഗ്രെറ്റ ഒരു ഫ്രെയിമിനെയും നിറമില്ലാതെ രക്ഷപ്പെടാൻ ചിത്രത്തിൽ അനുവദിക്കുന്നില്ല. പ്രൊഡക്ഷൻ ഡിസൈനർ സാറ ഗ്രീൻവുഡും വസ്ത്രാലങ്കാര ഡിസൈനർ ജാക്വലിൻ ഡുറാനും ഒരു പുതിയ ലോകം പണിയുന്നു, റോസ് നിറത്തിലുള്ള സൂര്യൻ, വീടുകൾ എല്ലാത്തിനും പിങ്ക് ടച്ച്. ഒരോ ബാർബിയുടെയും ചെറിയ ഫീച്ചറുകൾ പോലും കൃത്യമായി ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.

ഇതുവരെ പറയാത്ത കഥയൊന്നുമല്ല ഗ്രെറ്റ ഗെര്വിഗിന്റെ ബാര്ബി. കണ്ടു പതിഞ്ഞ ക്ലിഷേകളില് പോലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു മാജിക് ടച്ച് ചിത്രത്തിലുണ്ട്. ഈ വര്ഷത്തെ ഓസ്കറില് മികച്ച ചിത്രം, നടി, സംവിധായകന്, സഹനടന്, സഹനടി, വസ്ത്രാലങ്കാരം, കലാ സംവിധായകന്, തിരക്കഥ, ഒറിജിനല് സോങ് എന്നീ വിഭാഗങ്ങളില് ചിത്രം മത്സരിക്കുന്നുണ്ട്. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഈ ചിത്രം അക്കാദമി പുരസ്കാരങ്ങളുടെ നേട്ടത്തിലും മികവ് പുലര്ത്തുമെന്ന് പ്രതീക്ഷിക്കാം.

OSCAR 2024: ഒറ്റപ്പെടലിന്റെ ഹാസ്യവും വിഷാദവും പറയുന്ന 'ഹോൾഡോവേഴ്സ്'
dot image
To advertise here,contact us
dot image