ലോകോത്തര നിലവാരത്തിൽ എടുത്തു കാണിക്കാൻ കഴിയുന്ന ഒരു സിനിമ മലയാളത്തിൽ നിന്ന് സംഭവിച്ചിരിക്കുന്നു. അതാണ് ഒറ്റവാക്കിൽ ആടുജീവിതം. ഒരു മനുഷ്യൻ ജീവിതത്തിനും മരണത്തിനുമിടയിൽ കടന്നു പോയ അപാരമായ ജീവിതാനുഭവങ്ങളെ ബെന്യാമിൻ എന്ന എഴുത്തുകാരൻ തന്റെ ഭാവനകൾ കൂടി ചേർത്ത് എഴുതി വായനക്കാരുടെ നെഞ്ചു നോവിച്ചു എങ്കിൽ, ആ നോവലിനെ ബ്ലെസി എന്ന സംവിധായകൻ തന്റേതായ മികവോടെ ദൃശ്യങ്ങളായി ആവിഷ്കരിച്ച് പ്രേക്ഷകരുടെ വൈകാരികതകളെ അതിന്റെ പാരമ്യത്തിൽ എത്തിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു.
ചോരയും നീരുമുള്ള, ആരോഗ്യവാനായ, ആഴപ്പരപ്പിൽ മുങ്ങാംകുഴിയിട്ട് മണൽ വാരി ജീവിച്ച നജീബ് അതില് നിന്ന് മനുഷ്യാവസ്ഥയുടെ ഏറ്റവും ദയനീയമായ തലത്തിലേക്ക് ഒരു ജീവച്ഛവമായി എത്തിച്ചേരുന്നത് ഞെട്ടലോടെയും ഭീതിയോടെയും മാത്രമേ കണ്ടിരിക്കാൻ കഴിയുകയുള്ളു. ഒരു നടന്, സിനിമയ്ക്ക് നൽകാൻ കഴിയുന്നതിന്റെ എല്ലാ ഘടകവും നൽകി, ഒരു പക്ഷേ ജീവനും ജീവിതവും നജീബിലൂടെ നൽകിയ പൃഥ്വിരാജിനെ പ്രശംസിക്കാൻ വാക്കുകൾ പോര. പല ഘട്ടങ്ങളിലും എഴുന്നേറ്റ് നിന്ന്, അഭിമാനത്തോടെ, 'ഇത് മലയാളത്തിന്റെ സ്വന്തം നടൻ' എന്ന് വിളിച്ചു പറയാൻ തോന്നുന്ന നിമിഷങ്ങളാണ് പൃഥ്വിരാജ് സമ്മാനിച്ചത്.
ആടുജീവിതത്തിലുടനീളം പൃഥിരാജ് എന്ന നടനെ ഒരു നിമിഷം പോലും കാണാൻ സാധിച്ചില്ല. ശാരീരികമായി മാത്രമല്ല മാനസികമായും പൃഥ്വി നജീബായി. അദ്ദേഹത്തിന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച സിനിമ, ഏറ്റവും മികച്ച കഥാപാത്രം. മറ്റേത് നടനും പൃഥ്വിരാജിന്റെ പെർഫോമൻസിൽ ഒരേ സമയം ഒന്ന് അസൂയയും അഭിമാനവും തോന്നുന്ന നിമിഷം. ഇത്രയും ഗംഭീരമായി പ്രേക്ഷകനെ അമ്പരിപ്പിക്കാൻ മറ്റേതെങ്കിലും നടന് സാധിക്കുമോ എന്നത് ഇരുന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പൃഥ്വിരാജിനൊപ്പം ബോഡി ട്രാൻസ്ഫോമേഷനിൽ പങ്കുചേർന്ന മറ്റൊരു നടനാണ് ഹക്കീം എന്ന കഥാപാത്രമായെത്തിയ ഗോകുൽ. ആദ്യ സീനുകളിൽ പക്വതക്കുറവ് തോന്നുമെങ്കിലും അതിജീവന സീനുകളിൽ ഹക്കീം നജീബിനൊപ്പം തന്നെ എത്തിനിൽക്കുന്നുണ്ട്. അതേ പെയ്സിൽ തന്നെയാണ് ഇബ്രാഹിം എന്ന കഥാപാത്രവും. നജീബിന്റെ സർവൈവലിലേക്കുള്ള ഒരു ചാനൽ ഇബ്രാഹിം ആണ് എന്നതുകൊണ്ട് തന്നെ ഒരു വിശുദ്ധ പരിവേഷം അദ്ദേഹത്തിന് നൽകാൻ കഴിയും. പടച്ചോൻ ഏതു വേഷത്തിലുമെത്തും എന്ന് പറയും പോലെ.
സംഭാഷണത്തേക്കാളേറെ ആടുജീവിതം സംസാരിച്ചത് നജീബിന്റെ തീവ്രമായ വൈകാരികതകളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയുമാണ്. അതിൽ എ ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. വാക്കുകൾ നിശബ്ദമായിടത്ത് അഭിനയം ശക്തി പകരുമ്പോൾ ആ ശക്തിയെ കൂടുതൽ ജ്വലിപ്പിക്കുകയാണ് സംഗീതത്തിലൂടെ.
മൂന്ന് മണിക്കൂറിനോടടുത്താണ് ആടുജീവിതം. സിനിമയിൽ പത്തോ പതിനഞ്ചോ കഥപാത്രങ്ങളാണുള്ളത്, അതിൽ തന്നെ നാലോ അഞ്ചോ കഥാപാത്രങ്ങളാണ് സിനിമയിലുടനീളം ഉള്ളത്. പരമാവധി രണ്ടര മണിക്കൂർ ക്ഷമയോടെ കണ്ടിരിക്കുന്ന പ്രേക്ഷകരെ സിനിമയുടെ ദൈർഘ്യം ബാധിച്ചില്ല എന്ന് പറയാൻ സാധിക്കും. അടുത്തതെന്ത് എന്ന് കാണികൾക്ക് അറിയാമെങ്കിൽ പോലും അകാരണമയി നെഞ്ചിലൊരു കനൽ കോരിയിടുന്നുണ്ട്.
ആടുജീവിതത്തിനൊപ്പം കിടപിടിക്കാൻ വൈഡ് ക്യാൻവാസിൽ ഒരുങ്ങിയിട്ടുള്ള അന്താരാഷ്ട്ര സർവൈവൽ സിനിമകൾ നിരവധിയുണ്ട്. എന്നാൽ മലയാളത്തിൽ, അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു ചലച്ചിത്രവുമായി മത്സരിക്കാൻ മറ്റൊരു സിനിമയ്ക്കും സാധിക്കില്ല. ആടുജീവിതത്തെ അതുല്യമാകുന്നതും അതാണ്. ബ്ലെസി അലഞ്ഞതും പരിശ്രമിച്ചതും വെറുതേയായില്ല, ഉള്ളടക്കം കൊണ്ടും പ്രകടനമികവ് കൊണ്ടും മാത്രമല്ല, ഏറ്റവും മികച്ച അണിയറ പ്രവർത്തകരും അടങ്ങുന്നതാണ് മലയാളം ഇൻഡസ്ട്രി എന്ന് ആടുജീവിതത്തിലൂടെ ബ്ലെസി എന്ന തഴക്കം വന്ന സംവിധായകൻ അത്ഭുതപ്പെടുത്തിക്കൊണ്ട് തെളിയിച്ചിരിക്കുകയാണ്.