എടാ മോനെ... ഫഹദിന്റെ അഴിഞ്ഞാട്ടം; അടിമുടി രോമാഞ്ചവും ആവേശവുമാണ് ഈ പടത്തില്

തിയേറ്ററില് നിറഞ്ഞ സദസ്സില് കയ്യടിച്ച്, പൊട്ടിച്ചിരിച്ച്, ആഘോഷിച്ച് കാണേണ്ട സിനിമ തന്നെയാണ് ആവേശം

dot image

'ഇതുപോലത്തൊരു പരിപാടി ഞാന് ഇതിന് മുമ്പ് പിടിച്ചിട്ടില്ല, എന്നെ ഇങ്ങനെ ആരും അഴിച്ചുവിട്ടിട്ടുമില്ല' എന്നായിരുന്നു ആവേശത്തെക്കുറിച്ച് ഫഹദ് പ്രൊമോഷന് പരിപാടിക്കിടെ പറഞ്ഞത്. ആ വാക്കുകള് വെറുതെയായിരുന്നില്ല. എടാ മോനെ സിനിമയില് ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയാണ്. രോമാഞ്ചം എന്ന സര്പ്രൈസ് ഹിറ്റിന് ശേഷം ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രം രോമാഞ്ചവും ആവേശവും തരുന്നുണ്ട്.

രോമാഞ്ചം പോലെ തന്നെ ബെംഗളൂരു നഗരത്തിലാണ് ആവേശവും നടക്കുന്നത്. അവിടത്തെ ഒരു എന്ജിനിയറിങ് കോളേജിലേക്ക് ആദ്യവര്ഷ വിദ്യാര്ത്ഥികള് വരുന്ന സമയം. സീനിയര് വിദ്യാര്ത്ഥികളുടെ റാഗിങ്ങ് താങ്ങാന് പറ്റാത്തത് കൊണ്ട് മൂന്നുപേര് അതിനെതിരെ പ്രതികരിക്കാന് തീരുമാനിക്കുന്നു. ആ തീരുമാനത്തിന് അവര്ക്ക് നല്കേണ്ടി വന്ന വില വലുതായിരുന്നു. ദിവസങ്ങളോളം സീനിയര്മാരുടെ കൊടിയ മര്ദനം അവര്ക്ക് ഏറ്റുവാങ്ങേണ്ടിവന്നു. തുടര്ന്ന് അവര് സീനിയര്മാര്ക്കെതിരെ നില്ക്കാന് ലോക്കല് സപ്പോര്ട്ട് തേടി ഇറങ്ങുന്നു. ആ അന്വേഷണങ്ങള്ക്കിടയിലാണ് രംഗ എന്ന റൗഡി അവര്ക്ക് മുന്നിലേക്കെത്തുന്നത്. തങ്ങള് തേടിയ ലോക്കല് സപ്പോര്ട്ടാണ് രംഗ എന്ന് മനസ്സിലാക്കിയ അവര് രംഗയുമായി കൂട്ടുകൂടുന്നു. അങ്ങനെ രംഗയെകൊണ്ട് സീനിയേഴ്സിനെ പിടിപ്പിച്ച് തങ്ങളുടെ പ്രതികാരവും പ്രശ്നങ്ങളും തീര്ക്കാമെന്ന് മൂവര് സംഘം കരുതുന്നുവെങ്കിലും അവരെ കാത്തിരുന്നത് അതിലും വലിയ സീനുകളായിരുന്നു...

രണ്ടര മണിക്കൂറിലേറെയാണ് ആവേശത്തിന്റെ ദൈര്ഘ്യം. എന്നാല് ഒരു നിമിഷം പോലും ബോറടിക്കാതെ ആഘോഷിച്ച് തന്നെ കാണാം എന്നത് തന്നെയാണ് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ്. അതില് തന്നെ ആദ്യപകുതി ഒരു തരിപോലും ലാഗ് അടിപ്പിക്കാതെ ചിരിപ്പിച്ച്, കയ്യടിപ്പിച്ചാണ് കടന്നുപോകുന്നത്. ആക്ഷനും കോമഡിയും സമാസമം ചേര്ത്ത് ഒരു ഫെസ്റ്റിവല് മൂഡ് തന്നെ അവിടെ ഒരുക്കിയിട്ടുണ്ട്. ജിത്തു മാധവന് എന്ന പേര് മാത്രം മതിയാകും ഇനി രോമാഞ്ചവും ആവേശവും തരാന്.

കഥാപാത്രങ്ങളുടെ പ്രകടനങ്ങളിലേക്ക് വന്നാല് ഫഹദ് തന്നെയാണ് ഹീറോ. ഒരു കംപ്ലീറ്റ് ഫാ ഫാ ഷോ എന്ന് വിളിക്കാം രംഗയെ. ഇന്ട്രൊഡക്ഷന് മുതല് കോമഡിയും മാസുമായി ഫഹദ് അഴിഞ്ഞാടുകയായിരുന്നു. അയാളുടെ പ്രവര്ത്തികള് എന്തായിരിക്കുമെന്ന് കൂടെയുള്ളവര്ക്ക് പോലും പ്രവചിക്കാന് കഴിയില്ല. ആ ലൗഡ്നെസ്സും എനര്ജിയും തുടക്കം മുതല് അവസാനം വരെ രസകരമായി തന്നെ അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്. സിനിമയുടെ പ്രൊമോഷന് പരിപാടികള്ക്കിടയില് ഒരാള് ഫഹദിനോട് 'ഇത് ഫാ ഫായുടെ രാജമാണിക്യം ആയിരിക്കുമോ' എന്ന് ചോദിച്ചിരുന്നു. പടം കണ്ടിറങ്ങുമ്പോള് 'അതേ' എന്ന് തന്നെയായിരിക്കും ഓരോ പ്രേക്ഷകന്റെയും ഉത്തരം.

ഫഹദ് കഴിഞ്ഞാല് പിന്നെ സിനിമയുടെ ഷോ സ്റ്റീലര് എന്ന് വിളിക്കാന് കഴിയുന്നത് സജിന് ഗോപുവിനെയാണ്. രോമാഞ്ചത്തിലെ വിശ്വവിഖ്യാതമായ ആ ഓട്ടം മാത്രം മതിയല്ലോ അദ്ദേഹത്തിന്റെ റേഞ്ച് എന്തെന്ന് മനസ്സിലാക്കാന്. ആവേശത്തിലേക്ക് വരുമ്പോള് അത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നുണ്ട്. രംഗയുടെ വലംകൈയ്യായ അംബാനി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കോമഡിയായാലും ഫൈറ്റ് ആയാലും സജിന് തകര്ത്തു, പ്രത്യേകിച്ച് ഇന്റര്വെല്ലിന് തൊട്ടുമുന്നെയുള്ള സംഘട്ടന രംഗം, അത് വേറെ ലെവലായിരുന്നു.

ഒരു ആക്ഷന്-കോമഡി എന്റര്ടെയ്നറായതിനാല് തന്നെ സംഘട്ടന രംഗങ്ങള്ക്ക് സിനിമയില് വലിയ പ്രാധാന്യമുണ്ട്. അതെല്ലാം ഗംഭീരമായി തന്നെ കൊറിയോഗ്രാഫി ചെയ്യാന് ചേതന് ഡിസൂസയ്ക്കും ടീമിനും കഴിഞ്ഞിട്ടുമുണ്ട്. പ്രത്യേകിച്ച് ഇന്റര്വെല്, ക്ലൈമാക്സ് ഫൈറ്റുകള്. ഫഹദിന്റെ സംഘട്ടന രംഗങ്ങളിലെ ഫ്ളെക്സിബിലിറ്റി അവിടെ മനോഹരമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്.

ഓരോ തവണയും പറയുന്നതില് കാര്യമില്ലാത്തതിനാല് സുഷിന് ശ്യാമിന്റെ സംഗീതത്തെക്കുറിച്ച് കൂടുതല് പറയുന്നില്ല. പക്ഷേ ഒരു കാര്യം പറയാം, സുഷിന് മലയാള സിനിമയ്ക്ക് ഒരു മുതല്ക്കൂട്ട് തന്നെയാണ്. സമീര് താഹിറിന്റെ ഛായാഗ്രഹണവും അശ്വിനി കാലെയുടെ പ്രൊഡക്ഷന് ഡിസൈനുമെല്ലാം മികവ് പുലര്ത്തി.

വിനീതും കൂട്ടുകാരും പൊളി; കോടമ്പാക്കം ഓർമ്മകളിൽ 'വർഷങ്ങൾക്കു ശേഷം' മുങ്ങി നിവർന്ന് മലയാള സിനിമ

'മിണ്ടാതിരുന്നു കാണാന് പറ്റുന്ന സിനിമയല്ല, ഒച്ചയുണ്ടാക്കി കാണേണ്ട സിനിമയാണ് ആവേശം' എന്നായിരുന്നു സിനിമയുടെ പ്രസ് മീറ്റില് ജിത്തു മാധവന് പറഞ്ഞത്. അതേ തിയേറ്ററില് നിറഞ്ഞ സദസ്സില് കയ്യടിച്ച്, പൊട്ടിച്ചിരിച്ച്, ആഘോഷിച്ച് കാണേണ്ട സിനിമ തന്നെയാണ് ആവേശം. വലിയ കഥയോ കഥാപശ്ചാത്തലങ്ങളോ പ്രതീക്ഷിക്കാതെ രണ്ടര മണിക്കൂര് ആവേശത്തോടെ ഒരു പടം കാണാന് ആഗ്രഹിക്കുന്നുണ്ടെങ്കില് ധൈര്യമായി തിയേറ്ററിലേക്ക് വിട്ടോ...

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us