ടൊവിനോ എന്ന നടികർക്ക് വില്ലൻ തിരക്കഥ; 'നടികർ' റിവ്യു

സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന ചലച്ചിത്രങ്ങൾ നിരവധി കണ്ടിട്ടുണ്ടെങ്കിലും ഒരു സൂപ്പർ സ്റ്റാറിന്റെ വീക്ഷണത്തിലൂടെ സിനിമ കാണുന്ന ഈ അനുഭവം കുറച്ച് വ്യത്യസ്തമാണ്

അമൃത രാജ്
1 min read|03 May 2024, 05:11 pm
dot image

Stardom is not a bed of Roses, 'റോസാപ്പൂക്കൾ വിരിച്ച പട്ടുമെത്തയല്ല സ്റ്റാർഡം' എന്ന മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് നടികർ തുടങ്ങുന്നത്. സ്റ്റാർഡം കൊണ്ട് അഹങ്കാരിയായി മാറിയ, സൂപ്പർസ്റ്റാർ ലേബലിൽ മാത്രം ജീവിക്കുന്ന ഡേവിഡ് പടിക്കൽ എന്ന ജീവിതത്തിലും അഭിനയത്തിലും ഫ്ലോപ്പായ താരത്തിന്റെ കഥയാണ് ഇങ്ങനെ ആരംഭിക്കുന്നത്. ലാൽ ജൂനിയറെന്ന ജീൻ പോൾ ജൂനിയറിന്റെ ആറാം ചിത്രം. സുവിൻ എസ് സോമശേഖറിന്റെ തിരക്കഥ. ഹണി ബീ, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സിനിമകളിൽ നിന്ന് ജീൻ നേടിയ വിശ്വാസ്യത തന്നെയാണ് നടികർ സിനിമയ്ക്ക് പ്രേക്ഷകർ നൽകിയ പ്രതീക്ഷ. ഒപ്പം ടൊവിനോ തോമസ്, സൗബിൻ ഷാഹീർ, സുരേഷ് കൃഷ്ണ, ബാലു വർഗീസ്, ഭാവന തുടങ്ങിയ താരങ്ങൾ നിറഞ്ഞു നിൽക്കുന്നു എന്നതും ആവേശം പകരുന്നതായിരുന്നു.

സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന ചലച്ചിത്രങ്ങൾ നിരവധി കണ്ടിട്ടുണ്ടെങ്കിലും ഒരു സൂപ്പർ സ്റ്റാറിന്റെ വീക്ഷണത്തിലൂടെ സിനിമ കാണുന്ന ഈ അനുഭവം കുറച്ച് വ്യത്യസ്തമാണ്. 'ഉദയനാണ് താര'ത്തിലെ സരോജ് കുമാറിനെയും ഉദയനെയും പച്ചാളം ഭാസിയെയുമെല്ലാം നടികർ ഓർമ്മിപ്പിക്കുമെങ്കിലും താരതമ്യേന നടികർ കുറിച്ചു കൂടി സെൻസിബിളാണ് തോന്നലുണ്ടാക്കുന്നുണ്ട്. അതിൽ കഥാ പശ്ചാത്തലവും സാഹചര്യങ്ങളുമെല്ലാം വ്യത്യസ്തമാണെന്ന് മാത്രം.

സ്റ്റാർഡം തലയ്ക്കു പിടിച്ച ഒരു നടന്റെ തിരിച്ചറിവും അതിന് നിമിത്തമാകുന്ന ഒരു പറ്റം മനുഷ്യരുടെ കഥയുമാണ് നടികർ പറയുന്നത്. പെർഫോമൻസിൽ നടനായും നടനിലെ നടനായും ടൊവിനോ നിരാശപ്പെടുത്താതെ അഭിനയിച്ചു. അഭിനയ പഠനത്തെക്കുറിച്ച് വളരെ വ്യക്തമായി തന്നെ സിനിമ പറയുന്നുണ്ട്. എന്നാൽ ആ രംഗങ്ങളിൽ ടൊവിനോയ്ക്ക് മികവ് പുലർത്താനായിട്ടില്ല. ഡേവിഡ് പടിക്കലിന്റെ ആക്ടിംഗ് ഇൻസ്ട്രക്ടറായെത്തുന്ന സൗബിന്റെ 'ബാല' മറ്റ് കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു. അത് സൗബിന്റെ ലുക്കിലും വസ്ത്രധാരണത്തിലുമൊക്കെയുള്ള വൈവിധ്യം കൊണ്ടുമാകാം.

മേക്കിംഗിൽ കളർഫുളായി നിന്നുവെങ്കിലും സിനിമയുടെ നട്ടെല്ലായി മാറാൻ തിരക്കഥയ്ക്ക് സാധിച്ചിട്ടില്ല. കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും നായകന്റെ ഭൂതകാലവുമായി പ്രേക്ഷകരെ കണക്ട് ചെയ്യുന്നതിലും ക്ലൈമാക്സ് സീനിലേക്കുള്ള വലിച്ചു നീട്ടലുമെല്ലാം തിരക്കഥയുടെ പാളിച്ചയായി തന്നെ കാണണം. അതേസമയം, സിനിമ മേഖലയില നായകന്മാരെയും പ്രവർത്തകരെയുമെല്ലാം ആക്ഷേപ ഹാസ്യത്തിലൂടെ ദൃശ്യവത്കരിച്ച രംഗങ്ങളെല്ലാം വിജയമായിരുന്നു. സിനിമയിലുടനീളം ഫീൽ നിലനിർത്തുന്നതിൽ ബിജിഎമ്മും മ്യൂസിക്കിനും സാധിച്ചു എന്നതല്ലാതെ ഓർത്തുവെയ്ക്കുന്ന തരത്തിലുള്ള ഒരു സ്കോർ എവിടെയും കേൾക്കാൻ കഴിഞ്ഞില്ല.

മലായളത്തിൽ 100 കോടി ക്ലബ്ബിലേക്ക് ഒന്നിലധികം സിനിമകൾ വന്നു എന്നതുകൊണ്ടും പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആവേശം പോലുള്ള സിനിമകൾ നൽകിയ ഇൻഡസ്ട്രിയുടെ പ്രൗഢി നിലനിർത്തുക എന്നതിലേയ്ക്ക് നടികർക്ക് എത്താൻ കഴിയുമോ എന്നാണ് പ്രേക്ഷകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us