'ഒരു എഴുപത്തി മൂന്നുകാരന്റെ അഴിഞ്ഞാട്ടം', പറഞ്ഞു തഴമ്പിച്ചതാണെങ്കിലും മമ്മൂട്ടി എന്ന നടനും താരവും ഓരോ സിനിമ കഴിയുമ്പോഴും മാറ്റു തെളിയിച്ചു കൊണ്ടേയിരിക്കുമ്പോൾ ആ വാക്കുകൾ തന്നെയാണ് ആവർത്തിക്കേണ്ടി വരിക. കിടിലൻ ആക്ഷൻ രംഗങ്ങളും കോമഡിയുമെല്ലാമായി ടർബോയിൽ രണ്ടര മണിക്കൂർ മമ്മൂട്ടി തകർക്കുകയാണ്.
ഇടുക്കിയിലെ ഒരു ഗ്രാമത്തിലാണ് സിനിമ ആരംഭിക്കുന്നത്. ജീപ്പ് ഡ്രൈവറായ ഒരു സാധാരണക്കാൻ അച്ചായനാണ് ജോസൂട്ടി. മമ്മൂട്ടി എന്ന താരത്തെ ആഘോഷിക്കാൻ കാത്തിരുന്നവർക്ക് മുന്നിലേക്ക് വളരെ സിംപിളായാണ് ജോസൂട്ടിയെ സംവിധായകൻ അവതരിപ്പിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ അയാൾ അത്ര സാധാരണക്കാരനല്ല, ജോസേട്ടായി ആൾ അൽപ്പം പിശകാണെന്ന് പ്രേക്ഷകർക്ക് മനസിലാകുന്നുമുണ്ട്, ഒരു കിടിലൻ പള്ളിപെരുന്നാൽ ഫൈറ്റിലൂടെ.
ജോസൂട്ടിയുടെ സുഹൃത്തായ ജെറിയുമായി ബന്ധപ്പെട്ട പ്രശ്നം മൂലം ജോസേട്ടായിക്ക് ചെന്നൈയിലേക്ക് പോകേണ്ടി വരുന്നു. അവിടെയാകട്ടെ അയാളെ കാത്തിരുന്നത് അതിശക്തരായ എതിരാളികളും. ജോസിന് അവരെയെല്ലാം എതിർത്ത് വിജയിക്കാൻ കഴിയുമോ എന്നതാണ് ടർബോയുടെ പ്രമേയം.
പതിയെ തുടങ്ങി, തരക്കേടില്ലാത്ത രീതിയിലാണ് ആദ്യപകുതി പോകുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ആക്ഷനും ത്രില്ലുമെല്ലാമായി ഒരൊന്നൊന്നര 'ടർബോ' എന്റർടെയ്നറാവുകയാണ് സിനിമ. സ്ഥിരം മാസ് മസാല സിനിമകളെ പോലെ തന്നെയാണ് ടർബോയുടെ പോക്കെങ്കിലും ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ അനുവദിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ വൈശാഖിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്.
പുതുമകൾ അധികം അവകാശപ്പെടാനില്ലാത്ത തിരക്കഥയിൽ മോഹൻലാലിനായി വൈശാഖ് പുലിമുരുകൻ ഒരുക്കി കൊടുത്തത് പോലെ ഒരു ടർബോ പടം തന്നെയാണ് മമ്മൂട്ടിക്ക് ഇവിടെ നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ വാഹനപ്രേമവും ഡ്രൈവിങ് ക്രെയ്സും വളരെ പ്രശസ്തമാണല്ലോ. ഇവിടെ തുടക്കം മുതൽ ഡ്രിഫ്റ്റിംഗും ചെയ്സുമെല്ലാമായി ജോസ് വാഹനങ്ങൾ കൊണ്ട് പല നമ്പറുകളും കാണിക്കുന്നുണ്ട്.
മമ്മൂട്ടി എന്ന അഭിനേതാവ് തന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നത് മേക്കപ്പ് കൊണ്ടോ ഫോട്ടോഷൂട്ടുകളിലൂടെയോ അല്ല മറിച്ച് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയാണ് എന്ന് ഈ അടുത്ത് ഒരു റിവ്യൂവർ പറയുകയുണ്ടായി. അത് ഒരിക്കൽ കൂടി ശരിവെക്കുകയാണ് ടർബോയിലൂടെ. മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഇനി പകർന്നാടാൻ ഇനി വേഷങ്ങൾ ഇല്ലെങ്കിലും ലഭിക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം വ്യത്യസ്തമാക്കി കൊണ്ടേയിരിക്കുകയാണ്.
ടർബോയിൽ മമ്മൂക്കയോളം തന്നെ എടുത്തുപറയേണ്ട മറ്റൊരു കിടിലൻ പെർഫോർമറുണ്ട്... രാജ് ബി ഷെട്ടി. വെട്രിവേൽ ഷണ്മുഖ സുന്ദരം എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിലെത്തുന്നത്. അതിശക്തനായ ഒരു വില്ലനുണ്ടാകുമ്പോഴാണല്ലോ നായകൻ കൂടുതൽ ശക്തനാകുന്നത്, ടർബോയിലും അങ്ങനെ തന്നെയാണ്. ജോസിന്റെ ഇൻട്രോ വളരെ സിംപിൾ ആയിരുന്നെങ്കിൽ ഇവിടെ വെട്രിവേൽ ഷണ്മുഖ സുന്ദരത്തിന്റെ ഇൻട്രോ പോലും മാസ്സാണ്.
എടുത്തുപറയേണ്ട മറ്റൊരു ഗംഭീര പ്രകടനം ബിന്ദു പണിക്കരുടേതാണ്. ജോസിന്റെ അമ്മച്ചിയായുള്ള പ്രകടനം മികച്ചതായിരുന്നു. കോമഡി രംഗങ്ങളും അവസാനത്തോട് അടുക്കുമ്പോഴുള്ള മാസ് ഡയലോഗുമെല്ലാം തകർത്തു. തെലുങ്ക് താരം സുനിലിന്റെ അൽപ്പം കോമഡി ടച്ചുള്ള കഥാപാത്രവും നന്നായിരുന്നു.
പള്ളിപെരുന്നാൽ ഫൈറ്റ് മുതൽ ക്ലൈമാക്സ് ഫൈറ്റ് വരെ മമ്മൂട്ടിക്കൊത്ത തരത്തിലാണ് ഓരോ സംഘട്ടനവും ഫീനിക്സ് പ്രഭു ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും കയ്യടി അർഹിക്കുന്നു. രണ്ടാം ഭാഗത്തിന്റെ സൂചനയും നൽകിയാണ് ടർബോ അവസാനിക്കുന്നത്. രണ്ടാം ഭാഗമുണ്ടായാൽ ജോസിന് ഒത്ത വില്ലനാകും വരിക എന്ന് ഉറപ്പും സിനിമ നൽകുന്നുണ്ട്.
മമ്മൂട്ടി, മമ്മൂട്ടി കമ്പനി എന്നീ പേരുകൾ കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു വിശ്വാസമുണ്ട്, തങ്ങളുടെ പണം നഷ്ടമാവില്ല എന്ന്. ടർബോയിലും അത് അങ്ങനെ തന്നെയാണ്. വ്യത്യസ്തമായ സിനിമകളിലൂടെ അവർ നമ്മേ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുകയാണ്. ഇടിയും മാസും കാർ ചെയ്സുമെല്ലാമായി ഒരു കൊമേഴ്സ്യൽ എന്റെർടെയ്നർ പ്രതീക്ഷിച്ചു പോകുന്നവർക്ക് പൈസ വസൂലാകും.