28 വർഷങ്ങൾക്കിപ്പുറം സേനാപതി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ എന്നും കുറിച്ചിടാൻ കഴിയുന്ന കഥാപാത്രവും സിനിമയുമായിരുന്നു ഇന്ത്യൻ. അതിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ സിനിമാപ്രേമികളും ഏറെ ആകാംഷയിലായിരിക്കുമല്ലോ. ആ ആകാംഷയുടെ ഭാരവും പേറിക്കൊണ്ട് തന്നെയാണ് ഇന്ത്യൻ 2 എത്തിയിരിക്കുന്നത്.
'ഇന്ത്യന്ക്ക് സാവേ കെടയാത്... എങ്ക തപ്പ് നടന്താലും നാന് വരുവേ...' എന്ന് പറഞ്ഞുകൊണ്ടാണല്ലോ സേനാപതി അന്ന് പോയത്. അയാൾക്ക് തിരിച്ചുവരാനുള്ള എല്ലാ വാതിലുകളും തുറന്നുവച്ചിരിക്കുന്ന ഇന്ത്യ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അഴിമതികളും അനീതികളും ഒട്ടും കുറയാതെ നമ്മുടെ രാജ്യത്ത് തുടരുമ്പോൾ അതിനെതിരെ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ നാല് സുഹൃത്തുക്കൾ പോരാടുകയാണ്. എന്നാൽ അവരുടെ പോരാട്ടങ്ങൾ കൊണ്ടും ഒന്നും സംഭവിക്കുന്നില്ല എന്ന തിരിച്ചറിവിൽ, അവർ ഒരു HUNTING DOG നെ തേടുന്നു. അങ്ങനെ അവർ #ComeBackIndian എന്ന ഹാഷ്ടാഗിലൂടെ സേനാപതിയെ തിരിച്ചുകൊണ്ടുവരുന്നു.
എന്നാൽ തിരിച്ചെത്തുന്ന സേനാപതി ആദ്യം തന്റെ രാജ്യത്തോട് ആവശ്യപ്പെടുന്നത് തിരുത്തലുകൾ സ്വന്തം കുടുംബങ്ങളിൽ നിന്ന് ആരംഭിക്കുവാനാണ്. ആ വാക്കുകൾ കേട്ട ആ ചെറുപ്പക്കാർ തങ്ങളുടെ കുടുംബങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ആരംഭിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
രൂപം കൊണ്ടും ഭാവങ്ങൾ കൊണ്ടും രണ്ടാം വരവിലും സേനാപതിയായി നിറഞ്ഞു നിൽക്കുകയാണ് കമൽഹാസൻ. 100 വയസ്സിന് മുകളിൽ പ്രായമുള്ള സേനാപതിക്ക് ആ പഴയ സേനാപതിയുടെ ചുറുചുറുക്കുണ്ട്, അതോടൊപ്പം പ്രായത്തിന്റേതായ അവശതകളും. നായകതുല്യമായ കഥാപാത്രമാണ് സിദ്ധാർത്ഥിന് സിനിമയിൽ ലഭിച്ചിരിക്കുന്നത്. ബോബി സിംഹ, സമുദ്രക്കനി, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരും നല്ല പ്രകടനങ്ങൾ തന്നെ കാഴ്ചവെച്ചിരിക്കുന്നു.
എടുത്തുപറയേണ്ടത് നെടുമുടി വേണുവിനെ സ്ക്രീനിൽ ആദ്യമായി കാണിക്കുന്ന നിമിഷമാണ്. ആ നിമിഷം തിയേറ്ററിൽ ഉണ്ടാകുന്ന കയ്യടി പറയും അദ്ദേഹം ഓരോ മലയാളിക്കും എത്രത്തോളം പ്രിയങ്കരനാണെന്ന്. വിവേക്, മനോബാല എന്നിവരെയും വീണ്ടും സ്ക്രീനിൽ കാണുമ്പോൾ അതും ഏവർക്കും ചെറിയ നൊമ്പരമാകുമെന്നുറപ്പ്.
മരണത്തെ പോലും പിന്നിലാക്കുന്ന സാങ്കേതികവിദ്യ, ഇത് പുതിയ സിനിമാ യുഗത്തിന്റെ തുടക്കമോ?ശങ്കർ എന്ന സംവിധായകൻ രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ഇന്ത്യൻ രണ്ടാമത് കൊണ്ടുവരുമ്പോൾ സാങ്കേതികമായി സിനിമ വളരെയേറെ വലുതായിരിക്കുന്നു. അത് ഓരോ രംഗങ്ങളിലും ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ എന്ന ക്ലാസിക്കിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിലൊന്ന് എ ആർ റഹ്മാനൊരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. രണ്ടാം ഭാഗത്തിൽ അതിനോട് കിടപിടിക്കാൻ അനിരുദ്ധിന് സാധിച്ചോ എന്ന് സംശയമാണ്.
മലയാളിയില്ലാത്ത പടമില്ല, ശങ്കർ സിനിമകളിലെ മോളിവുഡ് കാതൽതെറ്റ് ചെയ്ത സ്വന്തം മകനെ കൊല്ലാൻ പോലും മടിക്കാത്ത സേനാപതി തിരിച്ചുവരുമ്പോൾ അത്രത്തോളം ശക്തമായ ഒരു കഥ തന്നെ വേണമല്ലോ, അത്രത്തോളം വൈകാരികമായ നിമിഷങ്ങൾ നിറഞ്ഞ കഥ ഈ സിനിമയിലുണ്ടായില്ലെന്ന് പറയാം. സേനാപതി തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ഈ രണ്ടാം ഭാഗത്തിൽ അത്രത്തോളമുണ്ടായില്ല. എന്നാൽ ആ പോരാട്ടങ്ങൾ അടുത്ത ഭാഗത്തിലുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് സിനിമയുടെ അവസാനം ഇന്ത്യൻ 3 ട്രെയിലർ വരുന്നത്. അത് കാണാതെ തിയേറ്റർ വിടരുത്.
താൻ ഇന്ത്യൻ 3യുടെ ആരാധകനാണെന്നും മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നും കമൽ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞിരുന്നു. അത് എന്തുകൊണ്ടാണെന്ന് രണ്ടാം ഭാഗത്തിന്റെ അവസാനം കാണുമ്പോൾ മനസിലാകും. ഇന്ത്യന്റെ FIRE അത് മൂന്നാം ഭാഗത്തിൽ കാണാം എന്നുറപ്പ്. ഒരുതരത്തിൽ പറഞ്ഞാൽ ഇന്ത്യൻ 2 എന്നത് സേനാപതിയുടെ രണ്ടാം വരവിന്റെ ഫസ്റ്റ് ഹാഫും ഇന്ത്യൻ 3 സെക്കന്റ് ഹാഫുമാണ്. ആദ്യപകുതിയിലെ ചെറിയ പാളിച്ചകൾ പരിഹരിച്ചുകൊണ്ട് രണ്ടാം പകുതി വരട്ടെ. നമുക്ക് കാത്തിരിക്കാം ഇന്ത്യൻ 3യ്ക്കായി...