മലയാളത്തിന്റെ മെലഡി ക്യൂനാണ് കെ എസ് ചിത്ര. ഭാവ വൈകാരികതക്കൊപ്പം രാഗാത്മകതയും ചിത്രയുടെ പാട്ടുകളെ ആസ്വാദകരുടെ നെഞ്ചേറ്റി. പാട്ടിന് ഒരു സ്നേഹവഴിയുണ്ടെന്ന് ചിത്ര പാടിയ മെലഡികള് നമ്മെ ഓര്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കരടില്ലാത്ത തെളിനീര് പോലെയൊഴുകുന്ന പാട്ടുകള്. ഓരോ പാട്ടിലും ഓരോ ഭാവം. ശബ്ദത്തിലും ആലാപനത്തിലും പുലര്ത്തുന്ന മിതത്വം. കുന്നിമണിച്ചെപ്പു തുറന്നൊഴുകുകയാണ് കെ എസ് ചിത്രയുടെ ഗാനങ്ങള്. അതിന് ഉദാഹരണമാണ് പൊന്മുട്ടയിടുന്ന താറാവിലെ ''കുന്നുമണിച്ചെപ്പു തുറന്നെണ്ണി നോക്കും നേരം..'' എന്നു തുടങ്ങുന്ന ഗാനം.
പി കെ ഗോപി രചിച്ച് രവീന്ദ്രന് മാഷ് ഈണമിട്ട ധനത്തിലെ മനോഹരഗാനം. ചിത്രയുടെ സ്വരമാധുരിയില് കേള്ക്കുമ്പോള് തെന്നലറിയാതെ ചീരപ്പൂവകള്ക്കുമ്മ കൊടുക്കുന്ന നീലക്കുരുവികളുടെ നിഷ്കളങ്കത നിറഞ്ഞുതുളുമ്പാറുണ്ട്. പ്രണയത്തിന്റെ വൈകാരികതകള് മുഴുവന് ശബ്ദത്തിലാവാഹിച്ച മധുരോദാത്ത ഗാനങ്ങള്. നൂറുപൊന്തരി നീട്ടി നിത്യഹരിതങ്ങളായി മാറിയ ഈണങ്ങള്. അതിലേറ്റവും ഹൃദയഹാരിയായി മാറുന്നുണ്ട് കേളിയിലെ ''താരം വാല്ക്കണ്ണാടി നോക്കി...''
ചിത്രയുടെ ശബ്ദം വശ്യമായ ഒരു അനുഭൂതിയായി അനുഭവപ്പെടുന്ന എത്രയെത്ര പാട്ടുകള്. സ്വപ്നസ്ഥലികളില് പൂത്തുവിടരുന്ന ഞാന് ഗന്ധര്വനിലെ ''പാലപ്പൂവേ...'' അതിലൊന്ന് മാത്രം. നഷ്ടസ്മൃതികളും വിഷാദവും വരച്ചിടുന്ന ഓര്മപ്പെടുത്തലുകളുടെ സാഗരമായി ഹൃദയത്തെ നീറ്റുന്ന പാട്ടുകള്. ചിത്രയോളം മലയാളി ഏറ്റുപാടിയ ഭാവസാന്ദ്രമായ ഈണങ്ങള് വേറെയുണ്ടോ!? ''സിന്ദൂര സന്ധ്യേ പറയൂ...'', ''പൊന്നും തിങ്കള് പോറ്റും..'' എന്നിങ്ങനെ എണ്ണിയാലൊടുങ്ങുന്നില്ല നെഞ്ചോളം കരകവിയുന്ന ആ ശ്രുതിമാധുര്യം.
കണ്ണടച്ച് കേട്ടാല് കരഞ്ഞ് പോകുന്നത്ര ഹൃദയത്തെ പിടിച്ചുലച്ച ചിത്രാലാപാനം. ജീവിതം മടുത്തു നിന്ന അവസരത്തില് എല്ലാം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചിറങ്ങിയൊരാള് ചിത്രയുടെ പാട്ട് കേട്ട് ആത്മഹത്യയില് നിന്ന് പിന്മാറിയെന്നൊരു കഥയുണ്ട്. ഒരു വേദിയില് ഗായികയുടെ കാല് തൊട്ട് ഒരു ആരാധകന് തന്നെയാണിക്കാര്യം വെളിപ്പെടുത്തിയത്. ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിലെ ''ഒവ്വൊരു പൂക്കളുമേ...'' എന്ന ഗാനമായിരുന്നു അത്.
സ്വരമാധുരിയിലൂടെ അതിജീവനത്തിന് വാതില് തുറന്ന ഒരേ ഒരാള്. മലയാളത്തിന്റെ സ്വന്തം വാനമ്പാടി. പ്രിയ ഗായിക