വ്യത്യസ്തതകള് ഈണമിട്ട ചിത്രഗീത വഴികളിലൂടെ...

സ്ഫടികം സിനിമയിൽ കള്ളുകുടിച്ച് നായിക പാടിയ പാട്ട് ചിത്രയാണ് പാടിയതെന്ന് ആരാധകര് വിശ്വസിക്കാതിരുന്നൊരു കാലമുണ്ടായിരുന്നു

dot image

പുതുസ്വരങ്ങള് കടന്നുവരുമ്പോഴും ഇന്ത്യന് ചലച്ചിത്ര പിന്നണിഗായികമാരില് മുന്നിരക്കാരിലൊരാളായി തുടരുകയാണ് കെ എസ് ചിത്ര. ഏത് പ്രായക്കാരേയും ഒരുപോലെ പിടിച്ചിരുത്തുന്ന എത്രയെത്ര പാട്ടുകള്. മെലഡികള്ക്കപ്പുറം വ്യത്യസ്തങ്ങളായ നിരവധി പാട്ടുകളാണ് ചിത്രയുടെ സ്വരമാധുരിയില് പിറന്നത്.. പാടിയത് മധുരം പാടാത്തത് അതിമധുരം. അതാണ് ചിത്ര ഗീതങ്ങള്

സ്ഫടികം സിനിമയിൽ കള്ളുകുടിച്ച് നായിക പാടിയ പാട്ട് ചിത്രയാണ് പാടിയതെന്ന് ആരാധകര് വിശ്വസിക്കാതിരുന്നൊരു കാലമുണ്ടായിരുന്നു. അതുവരെയുള്ള ചിത്രാലാപനത്തെ പൊളിച്ചെഴുതുന്ന ഗാനമായിരുന്നു സ്ഫടികത്തിലെ ''പരുമലച്ചെരുവിലെ പടിപ്പുര വീട്ടില് പതിനെട്ടാം പട്ട തെങ്ങുവച്ചു...''

ജീവിതകൗതുകങ്ങളും യൗവ്വനത്തിന്റെ സകല കുസൃതികളും ആവാഹിച്ചൊരു പാട്ട് ഇമ്പത്തോടെ മലയാളികള് ഏറ്റുപാടി. ചിത്രയുടെ ആലാപനത്തില് മലയാളികള് ഏറ്റെടുത്ത തീര്ത്തും വ്യത്യസ്തമായ ഭാവാത്മകതയുള്ളൊരു ഗാനം. സമ്മര് ഇന് ബത്ലഹേമിലെ ''ചൂളമടിച്ച് കറങ്ങി നടക്കും...''എന്ന ഗാനം മലയാള സിനിമാ ഗാനശാഖയിലെ തന്നെ യുവതയുടെ പ്രാതിനിധ്യമായി മാറുന്നുണ്ട്.

ഷാജഹാന് തീര്ത്ത രംഗഭൂവില് വാരിളം ചന്ദ്രലേഖയ്ക്കൊപ്പം നായകനും നായികയും നൃത്തമാടുമ്പോൾ ചിത്രയുടെ പാട്ടല്ലാതെ വേറെന്താണവിടെ അനുയോജ്യമാവുക. കാശ്മീരത്തിലെ ''പോരു നീ വാരിളം ചന്ദ്രലേഖേ..'' വേറിട്ടൊരു കേള്വിസുഖമാണ് പകരുന്നത്. കോളജ് കുമാരിമാരുടെ നൃത്തതാളത്തിനൊപ്പം അവരില് ഒരാളായി ശബ്ദം കൊണ്ട് ചിത്ര മാറിയ ഗാനം. രാക്കിളിപാട്ടിലെ ''ധും ധും ദൂരെയേതോ'' വേറിട്ടൊരു 'ചിത്രഗീത'മാണ്.

ബോധത്തിനും അബോധത്തിനുമിടയിലെ നൂല്പാലത്തില് നാഗവല്ലിയും ഗംഗയും പ്രേക്ഷകരുടെ ബോധതലത്തിലേക്ക് നൂണ്ടിറങ്ങിയത് ചിത്രയുടെ ശബ്ദത്തിലൂടെയായിരുന്നു. ''ഒരു മുറൈ വന്ത് പാര്ത്തായാ...'' എന്ന ഗാനം അതുവരെ മലയാളി അനുഭവിക്കാത്ത ഭാവസാന്ദ്രമായ ശബ്ദസൗന്ദര്യത്തെ വിഹ്വലമായ ദൃശ്യബോധവുമായി സന്നിവേശിപ്പിച്ചു.

വ്യത്യസ്തമായ ആസ്വാദനവാതായനങ്ങളിലൂടെ സംഗീതാസ്വാദകരെ കൂട്ടിക്കൊണ്ടുപോയ ചിത്ര വേറിട്ട് നില്ക്കുന്ന മറ്റൊരു ഗാനമാണ് മിന്സാര കനവിലെ ''മാനാ മധുര മാമനക്ക്..''. പാട്ടില് ബഹുസ്വരമായ വിതാനങ്ങള് കൊണ്ടുവരാന് കഴിഞ്ഞുവെന്നതാണ് ചിത്രയെന്ന ഗായികയെ വ്യത്യസ്തയാക്കുന്നത്. സംഗീതാസ്വാദകരുടെ കേള്വിശീലങ്ങളുടെ പൊളിച്ചെഴുത്ത് കൂടിയായി കെ എസ് ചിത്രയെന്ന അതുല്യ ഗായികയുടെ സംഗീതാവിഷ്കാരങ്ങള്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us