മുഹമ്മദ് റഫി എന്ന അദ്ഭുത ഗായകൻ സംഗീത ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് 43 വര്ഷം. പാട്ടുകളിലൂടെ അനശ്വരനായ റഫിയുടെ വിയോഗവാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. പ്രണയത്താലും വിരഹത്താലും ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയം കവർന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.
1924 ഡിസംബർ 24ന് അമൃതസറിനടുത്ത് കോട്ല സുൽത്താൻ സിംഗ് എന്ന സ്ഥലത്താണ് മുഹമ്മദ് റഫിയുടെ ജനനം. ഹാജി അലി മുഹമ്മദ്, അല്ലാ രാഖി എന്നിവരാണ് മാതാപിതാക്കൾ. ദീൻ, ഇസ്മായിൽ, ഇബ്രാഹിം, സിദ്ദീഖ് എന്നീ സഹോദരൻമാരും ചിരാഗ്, രേഷ്മ എന്നീ സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തെപോലെ ആരാധകരുടെ ഹൃദയം കവർന്നെടുക്കാൻ സാധിച്ച മറ്റൊരു ഗായകനും ഇല്ല എന്ന് തന്നെ പറയാം. ക്ലാസിക്കൽ, ഖവാലി, ഗസൽ, ഹിന്ദുസ്ഥാനി എന്നിങ്ങനെ അദ്ദേഹം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മേഖലകൾ നിരവധിയാണ്. ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, പണ്ഡിത് ജീവൻലാൽ മട്ടോ, ഫിറോസ് നിസാമി എന്നിവരിൽ നിന്നുമാണ് റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത്. റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി 13-ാം വയസിലായിരുന്നു.
1944-ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ 'ഗുല് ബലോചി'ന് വേണ്ടി സീനത്ത് ബീഗവുമായി ഒന്നിച്ച് പാടിയ ''സോണിയേ നീ ഹീരിയേ നീ...'' ആയിരുന്നു മുഹമ്മദ് റഫിയുടെ ആദ്യ സിനിമാ ഗാനം. തന്റെ 17-ാം വയസിലാണ് റഫി സിനിമ ഗാനരംഗത്തേക്ക് ചുവടുവെച്ചത്. തുടർന്ന് എ ആർ കർദാറുടെ 'പെഹ്ലേ ആപ്' എന്ന ചിത്രത്തിലെ ''കേ ഹം ഹേൻ...'' എന്ന ഗാനം ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം അദ്ദേഹം പാടി. ശ്യാം സുന്ദറിനു വേണ്ടി 'ഗോൻ കി ഗോരി' (1944) എന്ന ചലച്ചിത്രത്തിലും, ജി എം ദുരാണിയോടൊത്ത് 'അജീ ദിൽ ഹോ കാബൂ മേൻ' എന്ന ചിത്രത്തിലും ആ വർഷം തന്നെ റഫിക്ക് പാടാനായി.
അതിന് ശേഷം എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള് തന്റെ മാന്ത്രിക ശബ്ദത്തിലൂടെ റഫി ആലപിച്ചു. റാഫിയുടെ ഗാനങ്ങൾ സൃഷ്ടിച്ച തരംഗം സിനിമാ മേഖലയിലെ വിലപിടിച്ച ഗായകനാക്കി അദ്ദേഹത്തെ മാറ്റി. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുമ്പോഴും ഒരു രൂപ മാത്രം പ്രതിഫലം വാങ്ങിയ സന്ദർഭങ്ങളും റഫിയുടെ സംഗീത ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
ഹിന്ദി, മൈഥിലി, ഭോജ്പുരി, ബംഗാളി, തമിഴ്, തെലുങ്ക്, പഞ്ചാബി എന്നിങ്ങനെ നിരവധി ഭാഷകളിലായി ഏഴായിരത്തിലധികം ഗാനങ്ങളാണ് റഫി സംഗീത ലോകത്തിന് സമ്മാനിച്ചത്. ഒട്ടേറെ പുരസ്കാരങ്ങള് കരസ്ഥമാക്കിയ റഫി, ആറ് തവണ ഫിലിംഫെയര് അവാര്ഡും ഒരു തവണ ദേശീയ പുസ്കാരവും നേടി.
സംഗീത രംഗത്തെ സംഭാവനകള് കണക്കിലെടുത്ത് രാജ്യം 1967-ല് പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു. ഹീറോ ഹോണ്ടയും സ്റ്റാര്ഡസ് മാസികയും സംയുക്തമായി ചേര്ന്ന് നടത്തിയ 'ബെസ്റ്റ് സിംഗര് ഓഫ് മില്ലേനിയം' അവാര്ഡിലേക്കും വിജയിയായി കണ്ടെത്തിയത് മുഹമ്മദ് റഫി എന്ന സമാനതകളില്ലാത്ത പ്രതിഭയെ ആയിരുന്നു. പതിറ്റാണ്ടുകള്ക്ക് ഇപ്പുറവും ജനഹൃദയങ്ങളില് ചിരപ്രതിഷ്ഠ നേടിയ ഗായകന്റെ പാട്ടുകൾ ഏതൊരു സംഗീത പ്രേമിയുടെയും മനസിൽ മായാത്ത നാമമാണ്. ഇന്ത്യൻ സംഗീതത്തിന് പുതിയ ഭാവം നൽകിയ അനശ്വര ഗായകന് സംഗീതാസ്വാദകരുടെ ഓർമ്മപ്പൂക്കൾ.