മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ... ഒരു തലമുറയുടെ ചുണ്ടുകളിൽ ഈ വരികൾ പകർന്ന് നൽകിയ കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിൻറെ ഓർമദിവസമാണിന്ന്. പ്രണയാർദ്രമായ ഒരുപിടി ഗാനങ്ങൾ കൊണ്ട് മലയാള സിനിമയില് തൻറേതായ ഇടം അടയാളപ്പെടുത്തിയ കലാകാരനാണ് പൂവച്ചല് ഖാദര്. അനുരാഗം നിറഞ്ഞ പാട്ടുകളിലൂടെ, പൊന്നും തേനും വയമ്പുമെല്ലാം മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹം.
1948 ൽ തിരുവനന്തപുരത്തിനടുത്ത് പൂവച്ചലിലാണ് അദ്ദേഹം ജനിച്ചത്. സ്കൂൾ പഠനകാലത്ത് തന്നെ അദ്ദേഹം കയ്യെഴുത്ത് മാസികകളിൽ കവിതകളെഴുതിയിരുന്നു. പൊളിടെക്നിക് പഠനശേഷം ഓവർസീയർ ജോലിയിൽ കോഴിക്കോട്ടെത്തിയതോടെയാണ് ഖാദറിന്റെ ജീവിതം വഴിമാറുന്നത്. ബാബുരാജ്, കെ രാഘവൻ അടക്കമുള്ള കോഴിക്കോടൻ സംഗീത കൂട്ടായ്മയാണ് ഖാദറിലെ പാട്ടെഴുത്തുകാരനെ പുറത്തുകൊണ്ടുവന്നത്. ‘കവിത’ എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. 1973 ലെ കാറ്റ് വിതച്ചവൻ ചിത്രം ഖാദറിന് ആദ്യ ബ്രേക്ക് നൽകി. ആ ചിത്രത്തിലെ 'നീയെന്റെ പ്രാർത്ഥന കേട്ടു' എന്ന ഗാനം ഇന്നും ശ്രദ്ധേയമാണ്.
ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത ഉത്സവമാണ് പൂവച്ചൽ ഖാദറിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ഉത്സവത്തിലെ ഖാദറിന്റെ പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്നു. തുടർന്ന് ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ സിനിമകൾക്കായി അദ്ദേഹം ഗാനങ്ങൾ രചിച്ചു.
അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങൾക്കുണ്ടായത്. 35വർഷങ്ങൾക്ക് മുൻപ് ദശരഥം സിനിമയ്ക്ക് വേണ്ടിയെഴുതിയ പാട്ട്, പുതുതലമുറയുടെ റീമിക്സ് യുഗത്തിലും ആവർത്തിച്ചുപാടിക്കൊണ്ടേയിരിക്കുന്നു എന്നത് തന്നെയാണ് പൂവച്ചൽ ഖാദർ എന്ന കലാകാരന്റെ വിജയവും.