'കോൾഡ്‌പ്ലേ' ഫിവറിൽ മുബൈ, വേദിക്ക് സമീപമുള്ള ഹോട്ടൽ മുറികൾക്ക് വില 5 ലക്ഷം വരെ

കോൾഡ്‌പ്ലേ മുബൈയിൽ 3 ഷോകൾക്കായി തയ്യാറെടുക്കുമ്പോൾ, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൻ്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾക്ക് പൊള്ളും വിലയാണ്.

dot image

ലോകപ്രശസ്ത കോൾഡ്‌പ്ലേയുടെ മുബൈയിൽ നടക്കാനിരിക്കുന്ന കോൺസേർട്ട് ആരാധകർക്കിടയിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചിരിക്കുകയാണ്. കോൺസേർട്ട് നേരിൽ കാണാൻ ആ​ഗ്രഹിച്ച പലർക്കും ടിക്കറ്റ് ലഭിക്കാതെ വന്നതും, ബുക്കിങ് സമയത്ത് ആരാധക പ്രവാഹം മൂലം ബുക്ക് മൈ ഷോ ക്രാഷായതുമുൾപ്പടെ വലിയ വാർത്തയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ടിക്കറ്റ് വിൽപ്പന ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്‌തിരുന്ന, ബുക്ക് മൈ ഷോയുടെ വെബ്‌സൈറ്റും ആപ്പും പ്രതികരിക്കാതെ ആകുകയായിരുന്നു, ഇത് നിരവധിപ്പേർക്ക് ടിക്കറ്റിങ് പേജിലേക്ക് ആക്‌സസ് നേടാൻ തടസ്സമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോൾഡ്പ്ലേയുടെ കോൺസേർട്ടുമായി ബന്ധപ്പെട്ട് പുതിയ വാർത്ത പുറത്ത് വരുന്നത്. കോൾഡ്‌പ്ലേ മുബൈയിൽ 3 ഷോകൾക്കായി തയ്യാറെടുക്കുമ്പോൾ, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൻ്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾക്ക് പൊള്ളും വിലയാണ്. കേവലം മൂന്ന് രാത്രി താമസത്തിന് 5 ലക്ഷം രൂപ വരെയാണ് നിലവിൽ വില ഉയർന്നിരിക്കുന്നത്. പുതുവർഷ ദിനത്തിൽ പോലും ഇത്രയും തുക ഉയര്‍ന്നിരുന്നില്ല.

വേദിക്ക് സമീപമുള്ള കോർട്ട്‌യാർഡ് ബൈ മാരിയറ്റ്, താജ് വിവാന്ത എന്നിവിടങ്ങളിൽ മുറികളൊന്നും ലഭ്യമല്ല. കൂടാതെ ഐടിസി ഹോട്ടൽ ഗ്രൂപ്പിൻ്റെ ഭാഗമായ ഫോർച്യൂൺ സെലക്‌ട് എക്‌സോട്ടിക്ക ജനുവരി 17 മുതൽ 20 വരെ മൂന്ന് രാത്രികളിൽ മൂന്ന് പേർക്ക് താമസിക്കാവുന്ന മുറിക്ക് 2.45 ലക്ഷം രൂപയാണ് ഈടാക്കുന്നത്. മൂന്ന് രാത്രികൾക്കുള്ള രണ്ട് മുറികൾക്കായി ഫെർൺ റെസിഡൻസി ഏകദേശം 2 ലക്ഷം രൂപ ആവശ്യപ്പെടുമ്പോൾ നവി മുംബൈയിലെ വാഷിയിലെ മറ്റൊരു ഹോട്ടലായ റെഗെൻസ ബൈ തുംഗ മൂന്ന് രാത്രി തങ്ങുന്നതിന് 4.45 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉയർന്ന ഡിമാൻഡ് പലയിടങ്ങളിലും പല ഹോട്ടലുകളും മുതലെടുക്കുകയാണെന്നും പരാതികളുണ്ട്.

ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്‌പ്ലേ 2016-ൽ മുംബൈയിലെ ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിൽ പങ്കെടുത്തതിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ പ്രകടനമാണിത്. ബാൻഡിൻ്റെ ലോക പര്യടനം 2022 മാർച്ചിൽ ആരംഭിച്ചതുമുതൽ ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോകളുടെ ടിക്കറ്റ് നിരക്ക് 2,500 രൂപ മുതൽ 12,500 രൂപ വരെയാണ്, ഓരോ ഇടപാടിനും നാല് ടിക്കറ്റുകൾ എന്ന പരിധിയായിരുന്നു നിർണ്ണയിച്ചിരുന്നത്. ഓരോ ഷോയ്ക്കും 50,000 ടിക്കറ്റുകൾ മാത്രമേ ലഭ്യമാകൂ. ബുക്ക്‌ മൈ ഷോയിലെ ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നതിനെ തുടർന്ന്, ഉയർന്ന ഡിമാൻഡ് കാരണം ജനുവരി 21ന് മൂന്നാം ഷോ പ്രഖ്യാപിക്കുകയായിരുന്നു. "യെല്ലോ", "വിവ ലാ വിദ" തുടങ്ങിയ പ്രിയപ്പെട്ട ക്ലാസിക്കുകൾക്കൊപ്പം കോൾഡ്‌പ്ലേയുടെ ഏറ്റവും പുതിയ ആൽബമായ "മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ്"-ൽ നിന്നുള്ള ഹിറ്റുകളുടെ മിശ്രണവും ഫീച്ചർ ചെയ്യുന്നു, ഇത് സം​​ഗീതാരാധകർക്ക് ഗംഭീരമായ അനുഭവമാകുമെന്നാണ് പ്രതീക്ഷ.

dot image
To advertise here,contact us
dot image