തന്റെ പരാതിയില് നടപടി,ആക്ഷേപകരമായി സ്ത്രീകളോട് പെരുമാറുന്ന ഏതൊരു വ്യക്തിക്കും വാണിംഗ്;നടി റോഷ്ന ആൻ

സൂരജ് പാലാക്കാരൻ എന്നൊരാൾ മാത്രമല്ല ഇത്തരത്തിൽ ആക്ഷേപകരമായ കമ്മന്റ് ഇടുന്ന ഏതൊരു വ്യക്തിക്കും ഒരു വാണിംഗ് ആണിത്

dot image

തന്റെ പരാതിയില് യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് നടി റോഷ്ന ആൻ. വേഗത്തിലുള്ള നടപടി സ്വാഗതം ചെയ്യുന്നെന്നും ഇത്തരത്തിൽ ആക്ഷേപകരമായി സ്ത്രീകളോട് പെരുമാറുന്ന ഏതൊരു വ്യക്തിക്കും വാണിംഗ് ആണിതെന്നും റോഷ്ന റിപ്പോർട്ടർ ടി വിയോട് പറഞ്ഞു.

'നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത്ര വേഗത്തിൽ ഉണ്ടായതിൽ സന്തോഷമുണ്ട്. എനിക്കുണ്ടായ അനുഭവമാണ് അന്ന് ഞാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അത് തെളിയിക്കപ്പെട്ട കാര്യവുമാണ്. അതിനു പുറകെ ഒരുപാട് പേർ വന്ന് കോൺടെന്റ് ഉണ്ടാക്കി. സൈബർ ആക്രമണവും അധിക്ഷേപവും ഒരുപാടനുഭവിച്ചു. ഒരു പരിധി വരെ കണ്ണടച്ചു വിട്ടു. എന്നാൽ കുടുംബത്തെ ഉൾപ്പെടുത്തിയുള്ള അധിക്ഷേപം ന്യായികരിക്കാനാവുന്നതല്ലായെന്ന്' റോഷ്ന റിപ്പോർട്ടർ ടി വിയോട് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

എന്തും പറയാം എന്ന രീതിയിൽ ആയി കഴിഞ്ഞു നമ്മുടെ സോഷ്യൽ മീഡിയ. സൂരജ് പാലാക്കാരൻ എന്നൊരാൾ മാത്രമല്ല ഇത്തരത്തിൽ ആക്ഷേപകരമായ കമ്മന്റ് ഇടുന്ന ഏതൊരു വ്യക്തിക്കും ഒരു വാണിംഗ് ആണിത്. ഇത്തരക്കാരോടുള്ള പ്രതിഷേധമാണെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും റോഷ്ന പറഞ്ഞു.

നേരത്തെ, ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ സൂരജിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു. അന്ന് സൂരജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ തുടങ്ങിയ നിയമങ്ങൾ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിരുന്നത്. കേസിനു പിന്നാലെ യൂട്യൂബർ ഒളിവിൽ പോയിരുന്നു. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

dot image
To advertise here,contact us
dot image