
ധ്രുവ് സർജ നായകനാകുന്ന പാൻ ഇന്ത്യ ചിത്രം 'മാർട്ടിന്റെ' ട്രെയ്ലർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നടയിൽ നിന്ന് മറ്റൊരു വിസ്മയം തീർക്കാൻ ആക്ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ട്രെയ്ലർ നൽകുന്നത്. വേറിട്ട മെയ്ക്കോവറിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്.
പാകിസ്താൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്റെ മാസ് എൻട്രിയോടെയാണ് ട്രെയ്ലറിന്റെ തുടക്കം. ദേശ സ്നേഹത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്. കന്നട, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്പ്രൈസിന്റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്.
സംഗീതം രവി ബസ്രൂര്, മണി ശര്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്. ധ്രുവ സർജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.